by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ‘പിങ്ക് ബസ്’ സർവീസുകൾ 23 ജൂലൈ 2026 വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കും. സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ നിർവഹിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്നോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കും. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർ.സി.സി.), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നിവിടങ്ങൾ വഴി സർവീസ് നടത്തും.
രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രികാല യാത്രാ സൗകര്യം ശക്തിപ്പെടുത്തണമെന്ന ആവശ്യവുമായി ‘പ്രതിധ്വനി’ സംഘടന നൽകിയ നിവേദനവും പദ്ധതിയുടെ രൂപീകരണത്തിൽ പരിഗണിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് നിലവിൽ പിങ്ക് സർവീസിനായി വിന്യസിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ സാധാരണ ബസ് സർവീസുകളുടെ അഭാവത്തിൽ ഉയർന്ന ചെലവിൽ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന വനിതകൾക്ക് ഈ പദ്ധതി സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്രാ ബദലായി മാറും.
സർവീസുകളുടെ കൃത്യമായ സമയപാലനവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിനായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതും ഇലക്ട്രിക് ബസുകൾ പിങ്ക് സർവീസിന്റെ ഭാഗമാക്കുന്നതും കെ.എസ്.ആർ.ടി.സി പരിഗണിച്ചുവരുന്നതായി ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ അറിയിച്ചു.
സ്ത്രീസൗഹൃദ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനും രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമുള്ള കെ.എസ്.ആർ.ടി.സിയുടെ സുപ്രധാന ചുവടുവയ്പ്പാണ് ‘പിങ്ക് ബസ്’ പദ്ധതി.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും, പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ പൊലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് ബന്ദ്. സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവന്‍ ക്യാംപസുകളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് പിന്തുണ നല്‍കണമെന്ന് കെഎസ്‌യു അഭ്യര്‍ത്ഥിച്ചു. ബന്ദിനോടനുബന്ധിച്ച് ഇന്ന് എല്ലാ ജില്ലാ കേന്ദ്ര ങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
by Midhun HP News | Jul 23, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 560 രൂപ വര്‍ധിച്ചു. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് ഉയര്‍ന്നത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ മാത്രം പവന് 1680 രൂപയാണ് വര്‍ധിച്ചത്.
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jul 23, 2026 | Latest News, കേരളം, ജില്ലാ വാർത്ത, ദേശീയ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വർണക്കുള്ള കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്തിനെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ 2025 ൽ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു കൊണ്ടുപോയതിൽ പി.എസ്.പ്രശാന്ത് അടക്കം 7 പേർക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞമാസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
2019 ലെ സ്വർണക്കവർച്ചയും ക്രമക്കേടും മറയ്ക്കാനാണ് 2025 ൽ പാളികൾ ചെന്നൈയിലെത്തിച്ചു സ്വർണം പൂശിയതെന്നാണു കണ്ടെത്തൽ.ദേവസ്വം ബോർഡ് അംഗമായിരുന്ന എ.അജികുമാർ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠര് രാജീവര്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു, തിരുവാഭരണം കമ്മിഷണറായിരുന്ന രജിലാൽ, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവരാണു കേസിൽ പങ്കുള്ള മറ്റുള്ളവർ. ബോർഡ് അംഗമായിരുന്ന സുന്ദരേശൻ, ബോർഡ് സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മിഷണർ സുനില, എക്സിക്യൂട്ടീവ് ഓഫിസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീനിവാസ്, അസി.എക്സിക്യൂട്ടീവ് ഓഫിസർ ഹേമന്ത്, കർണാടക ബെള്ളാരിയിലെ ജ്വല്ലറിയുടമ ഗോവർധൻ, 2020 ൽ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന വി.എസ്.രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.
പ്രശാന്ത് അടക്കമുള്ളവരുടെ പങ്ക് സ്ഥാപിക്കുന്ന ശക്തമായ തെളിവുകൾ കണ്ടെത്തിയെന്നാണ് എസ്ഐടി കോടതിയിൽ സമർപിച്ച റിപ്പോർട്ടിലുള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ വെളിപ്പെടുന്നതെന്ന് എസ്ഐടി പറയുന്നു.
by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ തെരുവില്‍ വലിച്ചിഴച്ചതിലും വിഷയത്തില്‍ പ്രതിഷേധിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാരെ പൊലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാദം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ക്യാംപസുകളിലും ക്ലാസുകള്‍ ബഹിഷ്‌കരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തിന് പിന്തുണ നല്‍കണമെന്ന് കെഎസ്‌യു അഭ്യര്‍ത്ഥിച്ചു. ബന്ദിനോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്ര ങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും സംഘടന ഭാരവാഹികള്‍ വ്യക്തമാക്കി.
by Midhun HP News | Jul 22, 2026 | Latest News, കേരളം
ആറ്റിങ്ങൽ: ജയന്തി ജി രചിച്ച “ഹിമവാൻ്റെ മടിത്തട്ടിലൂടെ” എന്ന പുതിയ പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം. ലിജു, അബിൻ വർക്കി എം.എൽ.എയ്ക്ക് പുസ്തകത്തിന്റെ കവർ കൈമാറി പ്രകാശനം നിർവ്വഹിച്ചു
ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റിക്ക് കീഴിലുള്ള ‘സിറ്റ്‌കോ ബുക്സ്’ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാത്രാസാഹിത്യ ലോകത്ത് വലിയ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുസ്തകം, ഹിമാലയൻ യാത്രകളുടെ അപൂർവ്വവും ആത്മീയവുമായ അനുഭവങ്ങളാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്.
യാത്രകളും ഹിമാലയൻ അനുഭവങ്ങളും
യാത്രകൾ വെറുമൊരു വിനോദത്തിനപ്പുറം മനുഷ്യനെ മാനസികമായും ആത്മീയമായും വളർത്തുന്ന അനുഭവമാണ്. വിശാലമായ കാഴ്ചപ്പാടുകളും പുതിയ തിരിച്ചറിവുകളും സമ്മാനിക്കുന്ന ഇത്തരം യാത്രകളിൽ ഹിമാലയൻ മലനിരകൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പ്രകൃതിയുടെ മഹാകാന്തിയും മൗനവും ഒരേപോലെ സംഗമിക്കുന്ന ഹിമാലയൻ യാത്രകൾ സഞ്ചാരികൾക്ക് സമാനതകളില്ലാത്ത മനഃശാന്തിയും വ്യക്തിപരമായ വളർച്ചയും നൽകുന്നു. ആധുനിക ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്നും ഡിജിറ്റൽ ലോകത്തു നിന്നും മാറി പ്രകൃതിയോട് നേരിട്ട് സംവദിക്കാനും തദ്ദേശീയ സംസ്കാരങ്ങൾ അടുത്തറിയാനും ഇത്തരം യാത്രാനുഭവങ്ങൾ വായനക്കാരെ സഹായിക്കും.
ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, മുൻ സിൻഡിക്കേറ്റ് അംഗം എം.എം. താഹ, സജിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹിമാലയത്തിൻ്റെ ആത്മാവിലേക്കും അവിടുത്തെ മനോഹരമായ കാഴ്ച്ചകളിലേക്കുമുള്ള കവാടമാണ് ഈ പുസ്തകമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Recent Comments