by Midhun HP News | Jul 22, 2026 | Latest News, കേരളം
കൊച്ചി: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന നിലപാട് ഹൈക്കോടതിയിലും ആവർത്തിച്ച് അഡ്വക്കറ്റ് ജനറല്‍. വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതരരുടെ ഒഴിവുകള്‍ ആദ്യം നികത്തിയാല്‍ പോരേയെന്നും ബോര്‍ഡ് പിന്നീട് പുനഃസംഘടിപ്പിക്കാമല്ലോയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. അതോടെ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമല്ലോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ ചോദ്യം. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.
വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദ്ദേശിച്ചു. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നും അക്കാര്യത്തില്‍ കോടതി ഇടപെടുന്നതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതത്തിലെ വിഭാഗങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്നും വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗിന് വിലക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി.
ഹൈക്കോടതിയുടെ ഉത്തരവ് ഒരു വാചകം ഒഴികെ സുപ്രിംകോടതി ശരിവെച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞു. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത്. വഖഫ് ബോര്‍ഡ് രൂപീകരിച്ചത് സര്‍ക്കാരാണെന്നും ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിലും സര്‍ക്കാരിന് തീരുമാനിക്കാം എന്നും ഹൈക്കോടതി നിരീക്ഷിച്ചു
ജോയിന്റ് സെക്രട്ടറിയെ വഖഫ് ബോർഡിൻ്റെ സുപ്രീംകോടതി അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമായി മാത്രം തുടരും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.
വസ്തുതകളും വഖഫ് ബോര്‍ഡ് സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22-ാം വകുപ്പിന് വിരുദ്ധമാണെന്നും മുസ്‌ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ല. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിച്ചിരുന്നു.
by Midhun HP News | Jul 22, 2026 | Latest News, കേരളം
കാസർകോട്: പ്രമുഖ പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ. മൊയ്തീൻകുട്ടി ഹാജി (92) അന്തരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്.കണ്ണൂരിലെ പഴശ്ശി ഡാം പ്രൊജക്ട്, കാസർകോട് ചന്ദ്രഗിരി പാലം ഉൾപ്പെടെ മലബാറിലെ പ്രമുഖമായ പല വൻകിട പദ്ധതികളുടെയും നിർമ്മാണ ചുമതല ഏറ്റെടുത്ത് നടത്തിയത് മൊയ്തീൻ കുട്ടി ഹാജിയാണ്.
ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്ജിദിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം കീഴൂർ സംയുക്ത ജമാഅത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ചട്ടഞ്ചാൽ മാഹിനാബാദ് ഇസ്ലാമിക് കോളേജ് ഉൾപ്പെടെ കാസർകോട് ജില്ലയിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുൻ മാനേജർ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി ബുധനാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു.
ഭാര്യ: പരേതയായ ആയിഷാബി.
മക്കൾ: സുബൈദ, ഇക്ബാൽ, ത്വാഹിറ, ഫൈസൽ.
മരുമക്കൾ: കെ.എസ്. ഹബീബ്, എൻ.എ. ഹാരിസ് (ബംഗളൂരു), ഖമറുന്നീസ മൂസ, ഡോ. റമീസ് മഹമൂദ്.
by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jul 22, 2026 | Latest News, കേരളം
കൊച്ചി: സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുട്ടം കളപ്പുരയിൽ രമ്യ ജെ കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവരുടെ പരാതിയിലാണ് നടപടി. കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് മാത്യു എന്നിവർക്ക് വേണ്ടി തന്റെ സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്‌പെക്ടറും രണ്ടാം പ്രതിയായ ഏജന്റ് ബിബിയും ചേർന്ന് തന്നെയും ഭർത്താവിനെയും പോക്‌സോ കേസിൽ പ്രതിയാക്കി എന്നാണ് രമ്യയുടെ പരാതി.
എഫ്ഐആർ. രജിസ്റ്റർ ചെയ്ത ശേഷം 3.5 ലക്ഷം ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിക്കാർ ആരോപിച്ചു. പരാതിയിന്മേൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഇടുക്കി വിജിലൻസ് യൂണിറ്റിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
by Midhun HP News | Jul 22, 2026 | Latest News, കേരളം
തിരുവനന്തപുരം: രാജ്യത്ത് പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ച വഖഫ് ആക്റ്റ് പാസ്സാക്കിയശേഷം ആദ്യമായി രൂപീകരിച്ച വഖഫ് ബോര്‍ഡാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അമുസ്ലീം അംഗങ്ങളെ നിയമിക്കാമെന്ന് ഇടതുസര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. ബോര്‍ഡ് രൂപീകരണ ഉത്തരവില്‍ തന്നെ രണ്ട് അമുസ്ലിം പ്രതിനിധികളെ, പൊതുകാര്യ പ്രസക്തരില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നും പിന്നീട് നിയമിക്കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതു കേന്ദ്ര നിയമമാണെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
ഇതിനു ശേഷം നാലു ഹര്‍ജികളാണ് കോടതിയില്‍ വന്നത്. അതില്‍ ഒരെണ്ണം അമുസ്ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല, മുസ്ലിങ്ങളിലെ ഷിയ, ബോറ തുടങ്ങിയ വിഭാഗങ്ങളിലെ പ്രതിനിധികളെ പരിഗണിച്ചിട്ടില്ല, യോഗ്യരായ ആളുകളെയും നിയമിച്ചിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതികളില്‍ ഹര്‍ജികളെത്തിയത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വഖഫ് ബോര്‍ഡ് രൂപീകരിക്കാമെന്നും, ഹര്‍ജികള്‍ തള്ളണമെന്നുമാണ് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.
അമുസ്ലിം അംഗങ്ങളെ നിയമിച്ചുകൊള്ളാം, സെക്ഷന്‍ 14 പാലിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അനുമതി വേണമെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ സുപ്രീംകോടതിയില്‍ പോയി വ്യക്തമാക്കിയത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വര്‍ഗീയത പരത്തുന്നതിനും, മുസ്ലിം വിരുദ്ധ വികാരം ഉണ്ടാക്കുന്നതിനു വേണ്ടി തെറ്റായ പ്രചാരണം നടത്തി. മുസ്ലിങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരാക്കുക ലക്ഷ്യമിട്ടായിരുന്നു പിണറായി വിജയന്റെ പ്രചാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. വര്‍ഗീയ പ്രചാരണം അഴിച്ചു വിട്ട് മുസ്ലിങ്ങളെ സര്‍ക്കാരിനെതിരാക്കാന്‍ പ്രതിപക്ഷ നേതാവോ സിപിഎമ്മോ വിചാരിച്ചാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയിലെ സംഘടനകളുടെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. ആശുപത്രിയിൽ ഡിവൈഎഫ്‌ഐ ഭക്ഷണം വിതരണം ചെയ്യുന്നത് നല്ല കാര്യമാണ്. അതിൽ അവരെ ഞാൻ അഭിനന്ദിക്കുന്നു. ബാക്കിയുള്ള യുവജന സംഘടനകളും അവരെ മാതൃകയാക്കട്ടെ. പക്ഷേ ചെയ്യുമ്പോൾ ആശുപത്രിയുടെ സ്ഥലം കയ്യേറി ചെയ്യരുത്. രാഷ്ട്രീയവത്കരിക്കുകയും ചെയ്യരുത്. അതൊക്കെ ശ്രദ്ധിക്കണം. ഭക്ഷണം നൽകുന്നതിനെതിരെയുള്ള ഒരു നിലപാടും ഈ സർക്കാർ എടുക്കില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.
മഴയുടെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 28 ശതമാനം വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 61 ശതമാനം വെള്ളമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 4.29 പൈസക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ആ എഗ്രിമെന്റ് ഉണ്ടായിരുന്നെങ്കില്‍ ക്ഷാമം ഉണ്ടാകില്ലായിരുന്നു. 2025-2025 വര്‍ഷത്തെ അപേക്ഷിച്ച് 10 മില്യന്‍ യൂണിറ്റിന്റെ ഉപയോഗം വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Jul 22, 2026 | Latest News, കേരളം
കൊച്ചി: നിതിന്‍രാജ് വധക്കേസില്‍ ഡോ. റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ചയില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ ഉന്നതഗൂഢാലോചന നടന്നതായും പൊലീസ് ആര്‍ക്കൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോടതി പരാമര്‍ശിച്ചു.
പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ വിമര്‍ശനം. കേസിലെ മുഖ്യപ്രതിയായ ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരു കാര്യവും ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തിയത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് കാര്യം അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് ചോദിച്ച കോടതി അറസ്റ്റിനുള്ള കാരണം അറിയിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമവിരുദ്ധമെന്ന കാര്യം ഉദ്യോഗസ്ഥന് അറിയാമെന്നും ചൂണ്ടിക്കാട്ടി. കേസില്‍ വീഴ്ചയുണ്ടായതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
പണത്തിന് മീതെ പരുന്തും പറക്കില്ലെന്നുള്ളതാണ് സ്ഥിതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചായിരിക്കും അന്വേഷണം. ഭരണകൂടത്തിന്റെ സമ്പൂര്‍ണപരാജയമാണ് ഡോ. എംകെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇപ്പോള്‍ ഉണ്ടയാത്. പ്രതിയെ രക്ഷപ്പെടുത്താനുള്ള സാഹചര്യം ഡിവൈഎസ്പി ഒരുക്കിയതായും കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് ഡിവൈഎസ്പിയെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ ഹൈക്കോടതി വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
Recent Comments