by Midhun HP News | Jul 23, 2026 | Latest News, കേരളം
മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പയെന്ന ഒറ്റയാന്റെ സാന്നിധ്യം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും തകർത്തു കടയിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൈലൻറ് വാലി എസ്റ്റേറ്റ് മേഖലയിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ വീണ്ടും നാശം വിതച്ചത്. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്നിരുന്ന കടയും ആന തകർത്തു. കടയ്ക്കുള്ളിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും പൂർണമായും നശിച്ചതായി വ്യാപാരി പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിലെ വിവിധ ഡിവിഷനുകളിൽ കാട്ടാന സ്ഥിരമായി എത്തുന്നത് തൊഴിലാളികളിലും പ്രദേശവാസികളിലും ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് പടയപ്പ വരുത്തിവെച്ചിട്ടുള്ളത്.
സൈലന്റ് വാലി എസ്റ്റേറ്റിലെ ഒന്നും രണ്ടും ഡിവിഷനുകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പയെ പതിവായി കണ്ടുവരുന്നത്. എസ്റ്റേറ്റ് റോഡുകളിലും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടടുത്തും കാട്ടാന എത്തുന്നതോടെ വലിയ ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. രാത്രികാലങ്ങളിൽ ലയങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
രാത്രിക്ക് പുറമെ പകൽ സമയങ്ങളിലും പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം തുടരുന്നത് തൊഴിലാളികളുടെ ജോലിക്കും ഭീഷണിയായിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് പലരും ജോലിക്കിറങ്ങുന്നത്. വനവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും, പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സംസ്ഥാനവ്യാപക മിന്നല്‍ പരിശോധനയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. അഴിമതി നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
‘ഓപ്പറേഷന്‍ പാര്‍പ്പിടം’ എന്ന പേരില്‍ ബുധനാഴ്ച സംസ്ഥാനത്തെ 68 ഓഫീസുകളിലായാണ് പരിശോധന നടത്തിയത്. ആറ് കോര്‍പ്പറേഷനുകള്‍, 30 മുന്‍സിപ്പാലിറ്റികള്‍, 24 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധന അര്‍ദ്ധരാത്രി വരെ നീണ്ടു. കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കുന്നതിലും അനുമതിക്കായി സമര്‍പ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കരാറുകാര്‍, ഏജന്റുമാര്‍ എന്നിവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി 45 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.
കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയെന്ന സംശയം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ കരാറുകാരും കണ്‍സള്‍ട്ടന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിരവധി ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുന്നംകുളം മുന്‍സിപ്പാലിറ്റി സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാര്‍ വഴി 21.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയെന്നും എന്നാല്‍ ഈ ഇടപാടുകളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും വിജിലന്‍സ് പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്റെ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസിലെ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഒരു ഓവര്‍സിയര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ചേര്‍ന്ന് കരാറുകാരില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ആകെ 12.69 ലക്ഷം രൂപ കൈപ്പറ്റി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ സര്‍വേയറുടെ സ്വകാര്യ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 45,000 രൂപ കണ്ടെത്തി. നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇടപാടുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കെട്ടിട പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നമ്പറുകള്‍, നികുതി നിര്‍ണയം എന്നിവ നല്‍കുന്നതില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി പരിശോധനയില്‍ തെളിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെ അനധികൃതമായുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനിന്നെന്നും, പല കേസുകളിലും കൈക്കൂലി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകളും കെട്ടിട നമ്പറുകളും നല്‍കിയെന്നും ആരോപണമുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ കെട്ടിട നമ്പറുകള്‍ നല്‍കി നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കിയതായും, അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായും വിജിലന്‍സ് നിരീക്ഷിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍, തീരദേശ പരിപാലന ചട്ടങ്ങളുടെ ലംഘനം, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കല്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ പുറത്തുവന്നതായി പ്രസ്താവനയില്‍ പറയുന്നു. പരിശോധനയില്‍ കണ്ടെത്തിയ എല്ലാ ക്രമക്കേടുകളിലും വിശദമായ തുടര്‍ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Jul 23, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.
‘രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് പ്രഥമ പരിഗണന. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് ഏറ്റവും വേഗത്തിലും കര്‍ശനമായും ശിക്ഷ ഉറപ്പാക്കും. ആവശ്യമായ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന നിരവധി തീരുമാനങ്ങളിലെ പ്രധാന ഘട്ടമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ല’ -മോദി കുറിച്ചു.
ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മോദിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടും സിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 152 പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ എന്ത് തെറ്റാണ് ചെയതത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങളാണ്. സമാധാനപരമായി പ്രതിഷേധിച്ച അവരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും രാഹുല്‍ പറഞ്ഞു.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. അതേസമയം, വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കൂടുതൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. സംഭവത്തിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. നിലവിൽ വിദ്യാർത്ഥികൾ സ്റ്റേഷൻ ഉപരോധിക്കുകയാണ്.
വിദ്യാർത്ഥികളുടെ മൊഴി എടുക്കാൻ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ മണിക്കൂറുകൾ കാത്ത് നിർത്തി എന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. എട്ടു വിദ്യാർത്ഥികളാണ് നിലവിൽ പരാതിയുമായി എത്തിയിരിക്കുന്നത്. എല്ലാവരുടെയും പരാതികളിൽ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, ഒരു കുറ്റകൃത്യമായതിനാൽ പല എഫ്ഐആർ ഇടാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. നിലവിൽ മെഡിക്കൽ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം : വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. പുതുക്കുറിച്ചി ചേരമാൻതുരുത്ത് അസ്‌ജർ മൻസിലിൽ അസ്ജറിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത അസ്ജറെ (36) പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
അസ്ജറിന്റെ മുറിയിലെ അലമാരയിലെ രഹസ്യ അറയിൽ രണ്ട് കവറുകളിലായി എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് അളന്നുവിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപ്പന നടത്തുന്നതിനുമായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് ഡാൻസാഫ് സംഘം അസ്ജറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കി ജീപ്പിൽ കയറ്റുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി പ്രതി സമീപത്തെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
by Midhun HP News | Jul 23, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം അടക്കം ഉന്നത പദവികള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളെ കബളിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. പ്രിയങ്കാഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേനയാണ് നേതാക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നത്.
മൂന്നു കോടി രൂപ നല്‍കിയാല്‍ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിപദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫോണ്‍ സന്ദേശം ലഭിച്ചതായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാര്‍ക്കും അത്തരത്തില്‍ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഉന്നത പദവികള്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു കോള്‍. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കോള്‍ വന്ന സിം കാര്‍ഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍, ഫോണ്‍ രണ്ടുമാസം മുമ്പ് കാണാതെ പോയതായി ഇയാള്‍ പൊലീസിനെ അറിയിച്ചു. തുടർന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡല്‍ഹി സ്വദേശികളെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ മുമ്പും രാഷ്ട്രീയക്കാരെ തട്ടിപ്പിന് ഇരയാക്കിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
സിം കാർഡ് ഉടമയും പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഡൽഹിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. കേരളത്തിലെ എംഎല്‍എമാരുടേയും എംപിമാരുടേയും ഫോണ്‍ നമ്പറുകള്‍ എങ്ങനെ പ്രതികള്‍ക്ക് ലഭിച്ചെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Recent Comments