സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,440 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 8055 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വ്യാഴാഴ്ചയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. പിന്നീട് ഇടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറുന്നത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് കുതിപ്പ്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

രഞ്ജി പണിക്കര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്; ജി എസ് വിജയന്‍ ജനറല്‍ സെക്രട്ടറി

രഞ്ജി പണിക്കര്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്; ജി എസ് വിജയന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റായി രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയന്‍ എന്നിവര്‍ തുടരും. ട്രഷറര്‍ ആയി ഷിബു ഗംഗാധരനെ തെരഞ്ഞെടുത്തു. എറണാകുളം റിന്യൂവല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

വിധു വിന്‍സെന്റ്, റാഫി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ബൈജുരാജ് ചേകവര്‍, അജയ് വാസുദേവ് (ജോ. സെക്രട്ടറിമാര്‍), സോഫിയ ജോസ് (കമ്മറ്റിയംഗം) എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. സോഹന്‍ സീനുലാല്‍, സലാം ബാപ്പു, മനോജ് അരവിന്ദാക്ഷന്‍, ഷിബു പരമേശ്വരന്‍, അനുരാജ് മനോഹര്‍, അഭിലാഷ് വി സി, ഗിരീഷ് ഉള്യേരി, ജൂഡ് ആന്റണി, ജോജു റാഫേല്‍, ടോം ഇമ്മട്ടി, നിതിന്‍ എം എസ്, വിജീഷ് അരൂര്‍, വിഷ്ണു മോഹനന്‍ എന്നിവരെ കമ്മിറ്റിയംഗങ്ങളായും തെരെഞ്ഞെടുത്തിട്ടുണ്ട്.

കാട്ടാന ആക്രമണം; കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കാട്ടാന ആക്രമണം; കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി(80), ഭാര്യ ലീല(70) എന്നിവരാണ്‌ മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് അയഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡു ഇന്ന് നല്‍കും. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കണ്ണൂരിലെത്തും. വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷിയോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

ഹോട്ടലില്‍ കയറി അതിക്രമം, ഭീഷണി: പള്‍സര്‍ സുനിക്കെതിരെ കേസ്

ഹോട്ടലില്‍ കയറി അതിക്രമം, ഭീഷണി: പള്‍സര്‍ സുനിക്കെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിനാണ് പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്.

ഇന്നലെ രാത്രിയിലാണ് സംഭവം. രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ജീവനക്കാരെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും, ഹോട്ടലില്‍ അതിക്രമം കാണിച്ചതിനും കേസെടുത്തത്. ഹോട്ടല്‍ ജീവനക്കാരെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചപ്പോള്‍, മറ്റു കേസുകളില്‍ പെടരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇനി മുതൽ ആർസി ബുക്കും ഡിജിറ്റൽ

സംസ്ഥാനത്ത് ഇനി മുതൽ ആർസി ബുക്കും ഡിജിറ്റൽ

സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റൽ ആർസി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് മാർച്ച് മുതൽ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. പകരം വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ ആർസി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വാഹനം വാങ്ങിയാൽ ഇനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി നീണ്ട കാത്തിരിപ്പില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ഡൗൺ ലോഡ് ചെയ്യാം എന്നതാണ് സവിശേഷത.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് മാർച്ച് മാസത്തോടെ നിർത്തലാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ ആർസി ബുക്ക് എന്നതിൽ നിന്ന് ഡിജിറ്റൽ ആർസിയിലേക്ക് കേരളം മാറുകയാണ്. ഇതോടൊപ്പം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ആധാർ അധിഷ്ഠിതമാകും.ഉടമസ്ഥത മാറ്റൽ, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ എന്നിവയ്ക്കും ആധാർ വേണ്ടിവരും. തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ആർക്കാണോ അവരുടെ ആധാറിലെ മൊബൈൽ നമ്പറാണ് ആർസി യിലും രേഖപ്പെടുത്തേണ്ടത്. വാഹന ഉടമകൾ ആധാറിൽ ലിങ്ക് ചെയ്ത നമ്പറാണോ ആർസിയിലും നൽകിയത് എന്ന് ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ വെബ്സൈറ്റ് വഴിയോ അക്ഷയ വഴിയോ ഇത് മാറ്റാം. അതിനു കഴിയാത്തവർക്ക് ആർടിഒ ഓഫീസിൽ 28വരെ പ്രത്യേക കൗണ്ടറും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ കൈക്കൂലി പിടികൂടിയതിന്റെ തുടര്‍ച്ചയായിട്ടാണ് പരിശോധന.

ഇക്കഴിഞ്ഞ മാസം വാളയാര്‍ ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഒന്നര ലക്ഷത്തിലേറെ രൂപയുടെ കൈക്കൂലിപ്പണം പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളാണ് നിലവില്‍ നടക്കുന്നതെന്നാണ് പ്രാഥമിക വിവരം.