by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തി. എഴുകോണ്‍ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തു. അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. റെയില്‍വേ പാളത്തിന് കുറുകെ വച്ച നിലയില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ട് പ്രദേശവാസിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്തു. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോണ്‍ പൊലീസ് പറയുന്നത്. എന്നാല്‍ അട്ടിമറി സാധ്യത അടക്കം സംശയിക്കുന്ന സാഹചര്യത്തില്‍ പുനലൂര്‍ റെയില്‍വേ പൊലീസ് ആണ് സംഭവം അന്വേഷിക്കുന്നത്.
പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുന്‍പാണ് റെയില്‍വേ പാളത്തില്‍ ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തിയത്. അതിനാല്‍ വന്‍അപകടം ഒഴിവായി.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: പ്രമുഖ മലയാളി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം കേരളത്തില്‍ 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേയാണിത്. വികസന കുതിപ്പിന് കരുത്തുപകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ഡോ. ആസാദ് മൂപ്പന്‍ പ്രഖ്യാപനം നടത്തിയത്.
ഉച്ചകോടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി പി രാജീവുമായും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ ഡോ. ആസാദ് മൂപ്പനും ഡയറക്ടര്‍ അനൂപ് മൂപ്പനും കൂടിക്കാഴ്ച നടത്തി. രണ്ട് പദ്ധതികളാണ് ആസ്റ്റര്‍ പുതുതായി കേരളത്തില്‍ ആവിഷ്‌കരിക്കുന്നത്. 454 കിടക്ക സൗകര്യമുള്ള ആസ്റ്റര്‍ ക്യാപിറ്റല്‍ ട്രിവാന്‍ഡ്രം, 264 കിടക്കകളുള്ള ആസ്റ്റര്‍ മിംസ് കാസര്‍കോട് എന്നി രണ്ട് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളാണ് സംസ്ഥാനത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. 962 കിടക്ക സൗകര്യമുള്ള ഒന്നായി കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയെ വികസിപ്പിക്കും.
2027 സാമ്പത്തികവര്‍ഷത്തോടെ മൊത്തം കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ സംസ്ഥാനത്ത് ഏഴു ആശുപത്രികളിലായി ആസ്റ്ററിന് 2,635 കിടക്കകളുണ്ട്. കമ്പനിയുടെ ഇന്ത്യന്‍ വരുമാനത്തിന്റെ 53 ശതമാനം വിഹിതവും ഈ ഏഴു ആശുപത്രികളില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷം കൊച്ചിയില്‍ നൂറ് കിടക്കകള്‍ കൂടി വര്‍ധിപ്പിച്ചു. ആരോഗ്യ സംരക്ഷണ നവീകരണത്തിലും മറ്റും മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തിന്റെ സാധ്യതകള്‍ കണ്ടു കൊണ്ടാണ് വിപുലീകരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയതെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു.
ആയിരക്കണക്കിന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ 12700ലധികം പ്രൊഫഷണലുകള്‍ക്ക് ആസ്റ്റര്‍ നേരിട്ട് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ 4,200 തൊഴിലവസരങ്ങള്‍ കൂടി തുറക്കും.
by Midhun HP News | Feb 22, 2025 | Latest News, കേരളം
അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.
നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്. കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നലെ വിലയില്‍ 360 രൂപ കുറഞ്ഞത്.
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
by Midhun HP News | Feb 22, 2025 | Latest News, കേരളം
കൊച്ചി: ബേബി ഓഫ് രഞ്ജിത ഇനി കേരളത്തിന്റെ മകള്‍. ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
ശിശുവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.
കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും മകളാണ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രസവത്തിനായി ട്രെയിനില്‍ നാട്ടിലേയ്ക്ക് പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29ന് രഞ്ജിത ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി.
പിന്നീട് കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലൂര്‍ദ് ആശുപത്രിയിലേയ്ക്ക് മാറ്റി. 31ന് ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ കുഞ്ഞ് ചിക്തിസയിലുള്ള ആശുപത്രിയിലേയ്ക്ക് വരാതെ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. പിന്നീട് ഇവരെ ബന്ധപ്പെട്ാനായിട്ടില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം രണ്ട് ലക്ഷം രൂപയോളം ബില്ലായി. അഭ്യുദയകാംക്ഷികള്‍ നല്‍കിയ 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചത്. ശിശുക്ഷേമ സമിതി അധികൃതര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി.
Recent Comments