മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

മലയാളി എഞ്ചിനീയർ അബുദാബിയിൽ മരിച്ചു

അബുദാബി: തൃശൂർ കേച്ചേരി പട്ടിക്കര സ്വദേശി മിഷാൽ (34) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇതിഹാദ് എയർവേസിൽ എയർക്രാഫ്റ്റ് എഞ്ചിനീയർ ആയിരുന്നു. പട്ടിക്കര മണ്ണാറയിൽ മുസ്തഫയുടെ മകനാണ്.

നാട്ടിൽ പോയ ഭാര്യ നാളെ പ്രസവിക്കാനിരിക്കെയാണ് ഇന്ന് ഭർത്താവ് മിഷാൽ മരണപ്പെടുന്നത്. ഏക സഹോദരി രണ്ടുവർഷം മുമ്പാണ് അര്‍ബുദം മൂലം മരണപ്പെട്ടത്. കുടുംബം നാട്ടിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മിഷാൽ ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്.

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യന്‍ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

ഇടുക്കി: പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഒരടി പിന്നാക്കം പോയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,360 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വ്യാഴാഴ്ച 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് മറികടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,560 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഇട്ടത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇന്നലെ വിലയില്‍ 360 രൂപ കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

കുഞ്ഞു രഞ്ജിത തനിച്ചല്ല; സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

കുഞ്ഞു രഞ്ജിത തനിച്ചല്ല; സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും

കൊച്ചി: ബേബി ഓഫ് രഞ്ജിത ഇനി കേരളത്തിന്റെ മകള്‍. ജാര്‍ഖണ്ഡ് ദമ്പതികള്‍ കൊച്ചിയിലെ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിന് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കും. അച്ഛനമ്മമാര്‍ തനിച്ചാക്കിയ 23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.

ശിശുവിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ടിനോടും നിര്‍ദേശിച്ചു. മാതാപിതാക്കള്‍ തിരിച്ചു വരികയാണെങ്കില്‍ കുഞ്ഞിനെ അവര്‍ക്കു കൈമാറും. ഇല്ലെങ്കില്‍ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റേയും രഞ്ജിതയുടേയും മകളാണ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പ്രസവത്തിനായി ട്രെയിനില്‍ നാട്ടിലേയ്ക്ക് പോകുന്ന സമയത്ത് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ജനുവരി 29ന് രഞ്ജിത ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി.

പിന്നീട് കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലൂര്‍ദ് ആശുപത്രിയിലേയ്ക്ക് മാറ്റി. 31ന് ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്തതോടെ ദമ്പതികള്‍ കുഞ്ഞ് ചിക്തിസയിലുള്ള ആശുപത്രിയിലേയ്ക്ക് വരാതെ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. പിന്നീട് ഇവരെ ബന്ധപ്പെട്ാനായിട്ടില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഇതിനകം രണ്ട് ലക്ഷം രൂപയോളം ബില്ലായി. അഭ്യുദയകാംക്ഷികള്‍ നല്‍കിയ 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചത്. ശിശുക്ഷേമ സമിതി അധികൃതര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തി.

‘ജെപിഎസ്സി റാങ്ക് ലിസ്റ്റ് വിവാദത്തില്‍ അസ്വസ്ഥ’, കേരള പൊലീസ് ഝാര്‍ഖണ്ഡിലേക്ക്

‘ജെപിഎസ്സി റാങ്ക് ലിസ്റ്റ് വിവാദത്തില്‍ അസ്വസ്ഥ’, കേരള പൊലീസ് ഝാര്‍ഖണ്ഡിലേക്ക്

കൊച്ചി: സെന്‍ട്രല്‍ ജിഎസ്ടി അഡീ.കമ്മിഷണര്‍ ഝാര്‍ഖണ്ഡ് സ്വദേശി മനീഷ് വിജയിയുടെയും സഹോദരിയുടെയും അമ്മയുടെയും അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മനീഷ് വിജയിയുടെ സഹോദരി ശാലിനി വിജയ് (49) ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷന്റെ സംസ്ഥാന സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായിരുന്നു. ജെപിഎസ്സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഇവര്‍ ഏറെ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിനായി കേരള പൊലീസ് അടുത്തദിവസങ്ങളില്‍ ഝാര്‍ഖണ്ഡിലെത്തും.

കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സിലാണ് മൂവരെയും കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. മനീഷിന്റെ ഇളയസഹോദരി പ്രിയ അജയ് അബുദാബിയില്‍ നിന്ന് എത്തിയശേഷം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രോഗപീഡകളുണ്ടായിരുന്ന മനീഷ് വിജയിയുടെ മാതാവ് ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ വെള്ള പുതപ്പിച്ചു കിടത്തിയ നിലയിലായിരുന്നു. ചുറ്റും പൂക്കള്‍ വിതറിയിട്ടുണ്ട്. ഇവര്‍ സ്ഥിരമായി പൂക്കള്‍ വാങ്ങിയിരുന്നതിന്റെ ബില്ലുകള്‍ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ബില്ലിലെ തീയതി 14 ആണ്. വീട്ടില്‍ സ്ഥിരമായി പൂജകള്‍ നടത്തിയിരുന്നു. പുറം ലോകവുമായി ബന്ധമുണ്ടായിരുന്നില്ല.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായി ജോലി ചെയ്യുമ്പോള്‍ ബീച്ചിലുള്ള സ്റ്റാഫ് വില്ലയിലാണു താമസിച്ചിരുന്നത്. ഒന്നര മാസം മുന്‍പു കൊച്ചിയില്‍ മനീഷിനു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചപ്പോള്‍ കോഴിക്കോട്ടെ വില്ല ഒഴിയേണ്ടിവന്നപ്പോഴാണ് ശാലിനിയും ശകുന്തളയും മനീഷും 114-ാം നമ്പര്‍ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. ഇവര്‍ക്കു സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. മനീഷിന്റെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചിരുന്നു.

ഡപ്യൂട്ടി കലക്ടറായിരുന്ന ശാലിനിക്കു ജോലിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ 15നു ഝാര്‍ഖണ്ഡ് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാവാനുള്ള സമന്‍സ് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് മനീഷ് അവധിയെടുത്തത്. സഹോദരിയുടെ ആവശ്യത്തിനു നാട്ടിലേക്കു പോകുമെന്നു സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍ ലീവ് കഴിഞ്ഞിട്ടും മനീഷ് ജോലിക്ക് എത്താതിരുന്നപ്പോഴാണ് അന്വേഷണം തുടങ്ങിയത്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ശകുന്തള ഇന്‍സുലിന്‍ ഉപയോഗിച്ചിരുന്നു. അമ്മയെ ഡോക്ടറെ കാണിക്കാനായി 20-ാം തീയതി വരാന്‍ ഡ്രൈവറോടു പറഞ്ഞിരുന്നു. ഡ്രൈവര്‍ വിളിച്ചിട്ടും മനീഷിനെ ഫോണില്‍ കിട്ടാതിരുന്നതോടെ നേരിട്ടു വന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അടുക്കളയില്‍ സ്റ്റൗവിനു സമീപം കത്തി ചാരമായ നിലയില്‍ കണ്ടെത്തിയ കടലാസുകള്‍ എന്താണെന്നു വ്യക്തമല്ല.

രാഷ്ട്രീയ നേതാക്കളും ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കള്‍ക്കു നിയമനം നല്‍കാന്‍ ജെപിഎസ്സി പരീക്ഷയിലും അഭിമുഖത്തിലും കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ഝാര്‍ഖണ്ഡ് പൊലീസ് നടത്തിയ അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വര്‍ഷത്തിനു ശേഷം കഴിഞ്ഞ നവംബറില്‍ സിബിഐ ജെപിഎസ്സി ചെയര്‍മാന്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 2 വര്‍ഷം മുന്‍പ് അവധിയില്‍ പ്രവേശിച്ച ശാലിനി പിന്നീടു മടങ്ങിയെത്തിയില്ലെന്നാണു ഝാര്‍ഖണ്ഡിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോച്ചിങ് ക്ലാസുകളെ ആശ്രയിക്കാതെയായിരുന്നു ശാലിനിയുടെ പഠനം. റാങ്ക് പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 2024 സെപ്റ്റംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെയാണു അസ്വാഭാവിക മരണം.

വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടി; വിജിലന്‍സ് പിടിയിലായ മുന്‍ ആര്‍ടിഒ ജേഴ്‌സണെതിരെ പരാതിപ്രളയം

വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടി; വിജിലന്‍സ് പിടിയിലായ മുന്‍ ആര്‍ടിഒ ജേഴ്‌സണെതിരെ പരാതിപ്രളയം

കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ എറണാകുളം മുന്‍ ആര്‍ടിഒ ടി എം ജേഴ്‌സണെതിരെ പരാതി പ്രളയം. വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ 75 ലക്ഷം തട്ടിയെന്ന പരാതിയുമായി ഇടപ്പള്ളി സ്വദേശി രംഗത്തുവന്നു.

ആര്‍ടിഒ ജേഴ്‌സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. ആര്‍ടിഒ പിടിയിലായതോടെ ധൈര്യം സംഭരിച്ച് പരാതിയുമായി പൊലീസിനെയും വിജിലന്‍സിനെയും സമീപിച്ചിരിക്കുകയാണ് യുവാവ് അല്‍ അമീന്‍.

വിറ്റഴിച്ച തുണിത്തരങ്ങള്‍ക്ക് പണം ചോദിച്ചു ചെന്ന തന്നെ ആര്‍ടിഒ ആട്ടിപ്പായിച്ചെന്ന് അല്‍ അമീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മയ്‌ക്കൊപ്പം കൊച്ചിയില്‍ ഡ്രീംസ് ഫാഷനെന്ന പേരില്‍ തുണിക്കട നടത്തുകയാണ് അല്‍ അമീന്‍. കടയിലെ നിത്യസന്ദര്‍ശകനായിരുന്നു ആര്‍ടിഒയും ഭാര്യയും. പതിയെ തുണികച്ചവടത്തില്‍ കണ്ണുടക്കിയ ജേഴ്‌സണ്‍, 2022ല്‍ ഭാര്യയുടെ പേരില്‍ മാര്‍ക്കറ്റ് റോഡില്‍ സ്വന്തമായി തുണിക്കട തുറന്നു. അല്‍ അമീനെ തെറ്റിധരിപ്പിച്ച് ഡ്രീംസ് ഫാഷനില്‍ നിന്ന് സ്വന്തം കടയിലേക്ക് പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആര്‍ടിഒ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

കടയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്ന് കരാര്‍ ഒപ്പിട്ടു. പിന്നീട് ആര്‍ടിഒ, ഭാര്യയുടെയും അല്‍ അമീന്റെയും പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷനും ജോയിന്റ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാല്‍ കച്ചവടം മെച്ചപ്പെട്ടിട്ടും അല്‍ അമീന് പണം തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിറ്റ് വരവ് കണക്കുകള്‍ മൂടിവച്ചുവെന്നാണ് ആരോപണം. സഹികെട്ട് പണം തിരികെ ചോദിച്ചു ചെന്ന തന്നെ പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പണം ചോദിച്ച് വീട്ടിലേക്ക് ചെന്നാല്‍ പട്ടിയെ തുറന്ന് വിടുമെന്നും ആര്‍ടിഒ ജഴ്സണ്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. നിയമനടപടിക്ക് മുതിര്‍ന്നെങ്കിലും ഭയം കാരണം മുന്നോട്ട് പോയില്ല. ഒടുവില്‍ കൈക്കൂലി കേസില്‍ ആര്‍ടിഒ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് ധൈര്യം സംഭരിച്ച് പൊലീസിനെ സമീപിച്ചതെന്നും യുവാവ് പറയുന്നു.