by Midhun HP News | Sep 12, 2026 | Latest News, കേരളം
തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുലാണ് മരണശേഷവും ആറുപേരിലൂടെ ജീവിക്കുന്നത്.

ഹിമാചൽ പ്രദേശിൽ സൈനിക സേവനത്തിലായിരുന്ന രാഹുൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാഹുലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഉറ്റവരുടെ വേർപാടിലും അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധരാകുകയായിരുന്നു. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ചർമം എന്നിവയാണ് ദാനം ചെയ്യുന്നത്.


by Midhun HP News | Sep 12, 2026 | Latest News, കേരളം
തൃശൂര്‍: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗത്ത് കടന്നുപിടിച്ചതായാണ് പരാതി. തിരുവനന്തപുരം ഡിവിഷനിലെ ഇയാള്‍ അമിതമായ മദ്യലഹരിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്നു. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. ഇരുവര്‍ക്ക് വ്യത്യസ്ത ഇടങ്ങളിലാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്.

നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ഇന്നലെ ഉച്ചയ്ക്ക് 3:30ഓടെയാണ് സംഭവം. സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


by Midhun HP News | Sep 12, 2026 | Latest News, കേരളം
തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430 ലേറെ വിവാഹങ്ങള്‍. സ്‌പോട്ട് ബുക്കിങ്ങ് കൂടി ഉള്ളതിനാല്‍ ഇനിയും വിവാഹങ്ങള്‍ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുകയാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും. അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് കണക്കി ലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കും.
വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍
വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. സമീപം മംഗള വാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂര്‍ണ്ണമായും വണ്‍വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്ക് പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ആദ്യം ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലിലെത്തി വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘംക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധുവരന്‍മാര്‍ ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപംപ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരന്‍ മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണം.
ദര്‍ശന ക്രമീകരണം
സുഗമമായ ക്ഷേത്ര ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ചടങ്ങിനെത്തുന്നവര്‍ക്കും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. മഫ്ടിയില്‍ ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാര്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവരെ കര്‍ശനമായി അമര്‍ച്ച ചെയ്യാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

സിസിടിവി നിരീക്ഷണം
ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സിസിടിവി കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി എടുക്കും. റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല.

വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രം. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്ര പരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തര സന്ദര്‍ഭത്തില്‍ ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും പ്രത്യേക വഴിയൊരുക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം -ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട്-ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

by Midhun HP News | Sep 12, 2026 | Latest News, കേരളം
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു.

പ്രതികളിലൊരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പോലീസിന്റെ അടിയന്തര നടപടി. 2023 മുതൽ ഇവർ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്, യുവതിക്ക് ലഹരിമരുന്ന് നൽകി ബോധരഹിതയാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ചാണ് പ്രതികൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങൾ ബന്ധുവായ പ്രതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റ് പ്രതികളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തതായും ആരോപണം ഉണ്ട്.


by Midhun HP News | Sep 12, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ പ്രതി പിടിയില്‍. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പില്‍ സഫര്‍നാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറത്ത് പുളിക്കല്‍ ചെറുകാവില്‍ എന്ന സ്ഥലത്ത് വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കണ്ണൂരിലെ സുഹൃത്തിന്റെ ഫോണില്‍ ബന്ധുവിനെ വിളിക്കുകയും അതു വഴി പുതിയ താവളം കണ്ടെത്തി ഒളിവില്‍ കഴിയവേയാണ് ഇന്നലെ പൊലീസ് വലയിലായത്. മറ്റുവ്യാപാരികള്‍ വില്‍ക്കാനേല്‍പ്പിച്ച സ്വര്‍ണവുമായിട്ടാണ് ജൂലായ് 28-ന് ഇയാള്‍ കടന്നുകളഞ്ഞത്. 1,39,35,747 രൂപ വിലയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആസൂത്രിതമായി ആഭരണം കൈവശപ്പെടുത്തി പ്രതി സ്‌കൂട്ടറില്‍ മുങ്ങുകയായിരുന്നു.
കേസില്‍ സഫര്‍നാസിന്റെ സഹോദരന്‍ നടക്കാവ് നാലുകുടിപ്പറമ്പില്‍ റാഹാമറിയം വീട്ടില്‍ ഷഫീഖിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തുകൊടുത്തതിനാണ് ഇയാള്‍ പിടിയിലായത്. സഹോദരന്‍ ഷഫീഖിന്റെ അറിവോടെയാണ് മലപ്പുറത്ത് താമസിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഫര്‍നാസിനെ പിടികൂടിയത്. ഇയാള്‍ക്ക് ഒളിയിടം ഒരുക്കിയെന്ന് സംശയിക്കുന്ന വെള്ളയില്‍ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള അന്വേഷണം തുടരുകയാണ്.

സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു, എ.എസ്.ഐ.മാരായ ടി.കെ. ബിനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ശ്രീജിത്ത് കുമാര്‍, രഞ്ജിത്ത് പാതിരിയില്‍, വിശോഭ് ലാല്‍, ജുനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രതീഷ്, സിറ്റി ക്രൈം സ്‌ക്വാഡിലെ എം. ഷാലു, സി.കെ. സുജിത്ത്, സൈബര്‍ സെല്ലിലെ സ്‌കൈലേഷ്, പ്രജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.


by Midhun HP News | Sep 12, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, കെഎസ്ഇബി സിഎംഡി എംജി രാജമാണിക്യം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പുറമെ നിന്ന് എത്ര വൈദ്യുതി ഉടന്‍ ലഭ്യമാക്കാനാകും?. അതിന് ചെലവെത്ര വേണ്ടി വരും?, റെഗുലേറ്ററി കമ്മീഷനെ എത്ര വേഗം സമീപിക്കാം തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. വരും ആഴ്ചകളില്‍ ഈ പ്രതിസന്ധി ആവര്‍ത്തിക്കരുത്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്ത് ഇല്ലാത്തതിനാല്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉന്നത തലയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍നിനോ പ്രതിഭാസം കാരണം മഴ കുറഞ്ഞതും. അന്തരീക്ഷ താപനില വര്‍ദ്ധിച്ചതും വൈകുന്നേരം 6 മണിക്കുശേഷമുള്ള വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതും 6 പവര്‍ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ ഉത്പാദനവും കുറവും വൈദ്യുതി നിയന്ത്രണത്തിന് അനിവാര്യമായതെന്നാണ് കെഎസ്ഇബി പറയുന്നത്.
സംസ്ഥാനത്തെ ലോഡ് ഷെഡിങ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പ്രദേശങ്ങളില്‍ ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി ഉപഭോക്താക്കളെ അറിയിക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരുമെന്ന് കെഎസ്ഇബി അറിയിച്ചു.



Recent Comments