കെഎസ് യു പ്രസിഡന്റിന് പറയാനുള്ളത് കേട്ടു, ടാറ്റയുടെ നിക്ഷേപത്തില്‍ ആശയക്കുഴപ്പമില്ല: മുഖ്യമന്ത്രി

കെഎസ് യു പ്രസിഡന്റിന് പറയാനുള്ളത് കേട്ടു, ടാറ്റയുടെ നിക്ഷേപത്തില്‍ ആശയക്കുഴപ്പമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. നൂറിലേറെ സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിച്ചതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആക്ഷേപം ഉയര്‍ന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തെ നിയമനങ്ങള്‍ കൂടി ഒന്നു പരിശോധിച്ചു നോക്കൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കെഎസ് യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയുടെ ഓഫീസ് കാണാന്‍ അവസരം നിഷേധിച്ചു എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതു തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും കാണാന്‍ അനുമതി നിഷേധിക്കാറില്ല. സാധാരണക്കാര്‍ മുതല്‍ പ്രമുഖരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും അടക്കം തന്നെ വന്നു കാണാറുണ്ട്. തേവര കോളജില്‍ വെച്ച് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ താന്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തേവര കോളജിലെ പരിപാടി കഴിഞ്ഞ് 2. 50 നാണ് താന്‍ പോകുന്നത്. മൂന്നുമണിക്ക് പ്രധാനമന്ത്രിയുടെ ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംബന്ധിക്കാനുള്ളതിനാല്‍ ധൃതി പിടിച്ച് പോകുകയായിരുന്നു. കണ്ടിട്ട് മിണ്ടാതെ മനഃപൂര്‍വം പോയതല്ല. അന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് വരെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നതായി അലോഷ്യസ് സേവ്യറെ അറിയിച്ചിരുന്നതാണ്. പ്ലീഡര്‍ നിയമനത്തില്‍ കെഎസ് യുവിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. തിരുവനന്തപുരം ലോ കോളജ് യൂണിറ്റിന് എതിര്‍പ്പുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, ലോ കോളജ് യൂണിറ്റിനോട് ചോദിച്ചിട്ടാണോ പ്ലീഡറെ നിയമിക്കുന്നതെന്നാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് വിരുദ്ധ നിയമം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പ് കൊണ്ടുവരും. ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കേന്ദ്രം വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടാല്‍, സംസ്ഥാനം നിലപാട് അറിയിക്കും. നവകേരള യാത്രയ്ക്കിടയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണക്കാലത്ത് കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വലിയ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കയര്‍ തൊഴിലാളികളേയും കയര്‍ മേഖലയേയും സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ ക്യാമ്പെയ്ന്‍. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ വളരെ മോയമായാണ് പൊലീസ് നേരിട്ടത്. ഡല്‍ഹിയില്‍ നടന്നത് നരനായാട്ടാണ്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ പ്രതിനിധികള്‍ വന്ന് ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നല്ലോ. വെസ്സല്‍ ബില്‍ഡിങ്ങിന്റെ കാര്യം തീരുമാനാകാതെ കിടപ്പുണ്ട്. അതില്‍ തീരുമാനമെടുത്തു. കമ്പനി പ്രതിനിധികള്‍ പോസിറ്റീവായി പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപം കേരളത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടു. മലബാർ സിമന്റും ടാറ്റായും കൊച്ചിൻ ഷിപ്പിയാർഡുമായി ചില കാര്യങ്ങളിൽ ധാരണയാവാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുവായി പറഞ്ഞപ്പോള്‍, പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.

വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പിനാണ് ബിജു പിഴ ചുമത്തിയത്. ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ ജീപ്പിന് 4000 രൂപയാണ് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല.

പിഴയിട്ട കാര്യം സാമൂഹിക മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, സേനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചു, തുടങ്ങിയവ ആരോപിച്ച് ബിജുവിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. അടുത്ത ദിവസം ഇൻഷുറൻസ് രേഖകൾ ഹാജരാക്കിയപ്പോൾ പിഴ 250 രൂപയാക്കി കുറച്ചു.

ഇൻഷുറൻസ് രേഖ കൈവശം വെക്കാത്തതിനും പുകപരിശോധന സർട്ടിഫിക്കറ്റില്ലാത്തതിനുമായി 500 രൂപയാണ് പിന്നീട് പിഴ ചുമത്തിയത്. പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടറുടെ നടപടി കുറച്ച് ഓവറായിപ്പോയെന്ന് ഗതാഗത മന്ത്രി സി പി ജോൺ പ്രതികരിച്ചിരുന്നു.

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്റിലും നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം. വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി സമരത്തില്‍ പങ്കാളികളായതോടെ, കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.

ജന്തര്‍മന്തറില്‍ കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നതിനിടെയാണ്, കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിറന്നാള്‍ ആശംകള്‍ നേരാനെത്തിയ എംപിമാരോട്, പൊടുന്നനെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരത്തിന് പോകാമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. ഖാര്‍ഗെയ്ക്ക് പുറമെ, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ഈ സമരത്തെപ്പറ്റി മുന്‍കൂര്‍ അറിവുണ്ടായിരുന്നത്.

പ്രതിഷേധം മുന്‍കൂട്ടിയറിഞ്ഞ് പാതിവഴിയില്‍ തടയിടുന്ന ഡല്‍ഹി പൊലീസിന്റെ തന്ത്രം പൊളിക്കാനായിരുന്നു സ്വന്തം എംപിമാരെപ്പോലും അറിയിക്കാതെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന നേതാക്കള്‍ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നു വ്യക്തമാക്കി കൈകള്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധി അടക്കമുള്ള എല്ലാ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

സമരക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന സൂചന പ്രതിപക്ഷത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച രണ്ടാമത്തെ ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ബിജെപി നേതൃത്വം അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, നീറ്റ് പരിക്ഷാക്രമക്കേടില്‍ വിശദമായ അന്വേഷണം വേണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1680 രൂപയാണ് വര്‍ധിച്ചത്. 1,07,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയര്‍ന്നത്. 13,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 560 രൂപയാണ് വര്‍ധിച്ചത്.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയാന്‍ സാധ്യതയുണ്ട്. ഇത് സ്വര്‍ണവിലയെ ബാധിച്ചേക്കാം.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കല്ലമ്പലം: പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. നാവായിക്കുളം കുടവൂർ കണ്ണത്തുകോണം കൈലാസത്തിൽ ശശിധരൻപിള്ളയുടെയും സ്നേഹലതയുടെയും മകളും മനോജിന്റെ ഭാര്യയുമായ വിദ്യ (37 -കൊച്ചുമോൾ) ആണ് മരിച്ചത്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പനിയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ നിർബന്ധ പൂർവ്വം ഡിസ്ചാർജ് വാങ്ങി വീട്ടിൽ വരികയും പെട്രോൾ ഇല്ലാതിരുന്ന വിദ്യയുടെ സ്കൂട്ടിയിൽ ഒഴിക്കുന്നതിനായി വാങ്ങി സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടൻതന്നെ സമീപത്തുള്ള ബന്ധുവും നാട്ടുകാരും ചേർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രി 8.15 ഓടെ മരണത്തിന് കീഴടങ്ങി. സീമന്തപുരത്ത് വനിതാഹോട്ടൽ നടത്തിവരികയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. മക്കൾ: കാശിനാഥ്‌, ശിവാനി. കല്ലമ്പലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

വരുന്നു… കൊച്ചിയിൽ ഐഐഎമ്മിന്റെ യൂണിവേഴ്സിറ്റി; 1,000 വിദ്യാർഥികൾക്ക് അവസരം, കോഴ്സുകളും മാറും

വരുന്നു… കൊച്ചിയിൽ ഐഐഎമ്മിന്റെ യൂണിവേഴ്സിറ്റി; 1,000 വിദ്യാർഥികൾക്ക് അവസരം, കോഴ്സുകളും മാറും

കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം കോഴിക്കോട് കൊച്ചിയിൽ പുതിയ യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഒരു ബിസിനസ് സ്കൂൾ എന്നതിനപ്പുറം വിവിധ വിഷയങ്ങളിൽ ബിരുദ പഠനത്തിന് അവസരമൊരുക്കുമായാണ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ ദേബാശിഷ് ചാറ്റർജി വ്യക്തമാക്കി. പദ്ധതി പ്രാരംഭ ഘട്ടത്തിലാണെന്നും, കൊച്ചിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

” ഐഐഎം ഒരു സർവകലാശാലയാക്കി മാറ്റുകയാണ് എന്റെ കാഴ്ചപ്പാട്. പരമ്പരാഗത ബിസിനസ് സ്കൂളിനെക്കുറിച്ചല്ല ഞാൻ ചിന്തിക്കുന്നത്. പകരം വിവിധ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ ഇവിടെ ഉണ്ടാകണം. മാനേജ്മെൻ്റ് പഠനമായിരിക്കും സർവകലാശാലയുടെ കാതൽ. എന്നാൽ അതോടൊപ്പം സൈക്കോളജി, ഡിജിറ്റൽ എന്റർപ്രൈസസ് തുടങ്ങിയ വിഷയങ്ങളും പഠിക്കാനുള്ള അക്കാദമിക് വേദിയായിരിക്കും കൊച്ചിയിലെ യൂണിവേഴ്സിറ്റി” ദേബാശിഷ് ചാറ്റർജി പറഞ്ഞു

വിവിധ വിഷയങ്ങളിൽ ബിരുദ കോഴ്സുകൾ ഉൾപ്പെടുത്തി ആകും യൂണിവേഴ്സിറ്റി ആരംഭിക്കുക. ഇത് മറ്റ് സർവകലാശാലകളുമായി മത്സരിക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”ലോകത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന വിദ്യാഭ്യാസം വിദ്യാർഥികൾക്ക് ആവശ്യമാണ്. ആശയങ്ങൾ മാത്രം മുന്നോട്ടുവയ്ക്കുന്നതല്ല, യഥാർഥ സാഹചര്യങ്ങളിൽ ആവശ്യമായ അറിവും പ്രായോഗിക സമീപനവും വിദ്യാർഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സംവിധാനമാണ് ഐഐഎം ലക്ഷ്യമിടുന്നത്” അദ്ദേഹം പറഞ്ഞു.

” കൊച്ചിയിൽ പദ്ധതി നടപ്പിലാക്കാനായുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. നിരവധി സ്ഥലങ്ങൾ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ബോർഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്,” അദ്ദേഹം വ്യക്തമാക്കി. യൂണിവേഴ്സിറ്റിക്കായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ മികച്ച ഗതാഗത സൗകര്യമാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലത്ത് സർവകലാശാല സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പരിശോധന നടത്തുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഇൻഫോപാർക്കും ഉൾപ്പെടുന്നുണ്ട് എന്നും ദേബാശിഷ് ചാറ്റർജി പറഞ്ഞു.

അടുത്തിടെ, കളമശ്ശേരിയിൽ ഐഐഎം കോഴിക്കോട് ക്യാംപസിന്റെ സെന്റർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ബാച്ചിലർ ഇൻ മാനേജ്മെന്റ് സ്റ്റഡീസ് (BMS), എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇപ്പോൾ 112 വിദ്യാർഥികളാണ് ബിരുദ കോഴ്സിലുള്ളത്. 22 സംസ്ഥാനങ്ങളിൽ നിന്നായി 80,000 പേർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും, ഒടുവിൽ 112 പേർക്കാണ് പ്രവേശനം നൽകിയത്.

കൊച്ചിയിൽ വരാനിരിക്കുന്ന യൂണിവേഴ്സിറ്റിയിൽ 1,000 വിദ്യാർഥികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കുകയും അതിലൂടെ രാജ്യത്തെ ഏറ്റവും വലിയ മാനേജ്മെന്റ് ബിരുദ പഠന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ ദേബാശിഷ് ചാറ്റർജി പറഞ്ഞു.