സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: ആന്തരിക രക്തസ്രാവത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച സംവിധായകൻ ഷാഫിയുടെ നില അതീവ ​ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു

വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു

വർക്കല: വർക്കല താലൂക്ക് ആശുപത്രിയിൽ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു. രണ്ടുമാസത്തിനിടെ വിവിധ സംഭവങ്ങളിലായി രണ്ടുപേർക്ക് കുത്തേൽക്കുകയും രണ്ടുപേർക്ക് മർദനത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഡോക്ടർക്കും ആശുപത്രിജീവനക്കാർക്കു നേരേയും ആക്രമണമുണ്ടാകുന്നു. രോഗികൾക്കൊപ്പമെത്തുന്നവർ പരസ്പരം വഴക്കിടുന്നതും പോരടിക്കുന്നതും പതിവാകുന്നു.

മതിയായ സുരക്ഷാസംവിധാനമില്ലാത്തതാണു സംഘർഷങ്ങൾ വർധിക്കാൻ കാരണമാകുന്നത്. നൂറുകണക്കിനു രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽ പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഗർഭിണിയായ ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ ഭർത്താവിനു കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. നഗരൂർ സ്വദേശി അക്ബർ ഷാ(26)യ്ക്കാണ് കുത്തേറ്റത്. കൈക്കു പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ആറന്മുള സ്വദേശി ലിജു സി.മാത്യു(29)വാണ് കുത്തിയത്. മദ്യലഹരിയിൽ ലിജു അസഭ്യം വിളിച്ചത് പറഞ്ഞുവിലക്കിയതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി കൈക്ക് മുറിവേറ്റ് എത്തിയ യുവാവിനൊപ്പമുള്ള സംഘവും ആംബുലൻസ് ഡ്രൈവർമാരും ആശുപത്രിയിൽ ഏറ്റുമുട്ടിയിരുന്നു. ഒരു ആംബുലൻസ് ഡ്രൈവർക്ക് കുത്തേൽക്കുകയും രണ്ട് ആംബുലൻസ് ഡ്രൈവർമാർക്ക് പരിക്കേൽക്കുകയും ചെയ്തു.

താലൂക്ക് ആശുപത്രിജീവനക്കാർക്കു നേരേ മൂന്ന് അക്രമസംഭവങ്ങൾ ഈ വർഷമുണ്ടായി. കഴിഞ്ഞ സെപ്റ്റംബറിൽ വനിതാ ഡോക്ടറെ രോഗിക്കൊപ്പം വന്നയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ജനുവരിയിൽ വനിതാ ഫാർമസിസ്റ്റിനെ രോഗിക്കൊപ്പം വന്നയാൾ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

നിരവധി കേസുകളിൽ പ്രതിയാണ് ആശുപത്രിയിൽ അക്രമം കാട്ടിയത്. ജൂണിൽ സുരക്ഷാജീവനക്കാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചിരുന്നു. ആശുപത്രിക്കുള്ളിൽ അക്രമം കാട്ടിയ പ്രതിയെ പുറത്താക്കിയപ്പോഴാണ് കല്ലെറിഞ്ഞത്. അസഭ്യംവിളിപോലുള്ളവ മിക്കപ്പോഴുമുണ്ടാകുന്നു. ആശുപത്രി സംരക്ഷണനിയമം വന്നശേഷവും അക്രമങ്ങൾ തുടരുന്നതായാണ് ഇതെല്ലാം തെളിയിക്കുന്നത്. രാത്രിയിൽ രോഗികൾക്കൊപ്പം മദ്യലഹരിയിലെത്തുന്നവരാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

ഉടനടി ചികിത്സ ലഭ്യമായില്ലെങ്കിൽ ഇവർ പ്രകോപിതരാകുകയും അത്യാഹിത വിഭാഗത്തിൽ കടന്ന് ബഹളംവയ്ക്കുകയും ചെയ്യും. രണ്ട് സുരക്ഷാജീവനക്കാർ മാത്രമാണ് ആശുപത്രിയിലുള്ളത്. അക്രമസ്വഭാവം കാട്ടുന്നവരെ നിയന്ത്രിക്കാൻ പലപ്പോഴും ഇവർക്ക് കഴിയാറില്ല. ആശുപത്രിയിലുള്ള മറ്റാരെങ്കിലും ചോദ്യംചെയ്താൽ സംഘർഷത്തിലേക്കു നീങ്ങും.

അടുത്തുണ്ടായ കുത്തുകേസുകൾ ഇങ്ങനെ സംഭവിച്ചതാണ്. എച്ച്.എം.സി. വഴിയാണ് സുരക്ഷാജീവനക്കാരെ നിയോഗിച്ചിട്ടുള്ളത്. കൂടുതൽ സുരക്ഷാജീവനക്കാർ ആവശ്യമാണ്. അത്യാഹിത വിഭാഗത്തിലടക്കം ഏതാനും സി.സി.ടി.വി. ക്യാമറകൾ മാത്രമാണുള്ളത്. പോലീസ് എയ്ഡ്പോസ്റ്റ് വേണമെന്ന് ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: പൊതുമധ്യത്തില്‍ അപമാനിച്ചുവെന്ന നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണന്‍ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും സാന്ദ്ര തോമസിന്റെ പരാതിയിലുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.

‘കൈയിലുള്ളത് ബോംബ്!’- തമാശ ‘പൊട്ടിച്ച’ വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

‘കൈയിലുള്ളത് ബോംബ്!’- തമാശ ‘പൊട്ടിച്ച’ വിദേശി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരൻ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കു എയർ ഇന്ത്യയുടെ കൊച്ചി- ഡൽഹി വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക് ആണ് പിടിയിലായത്.

ചെക്ക് ഇൻ ചെയ്യുന്നതിനിടെ കൈയിലുണ്ടായിരുന്ന പവർ ബാങ്ക് കൗണ്ടറിൽ വച്ചു. അതെന്താണെന്നു ചോദിച്ച എയർ ഇന്ത്യ ജീവനക്കാരനോടു തമാശയായി അതു ബോംബാണെന്നു പറയുകയായിരുന്നു.ജീവനക്കാർ ഇക്കാര്യം സുരക്ഷാ ജീവനക്കാരെ അറിയിച്ചു. പിന്നാലെ ഇയാളെ പിടികൂടി ബാ​ഗും മറ്റും വിശദമായി പരിശോധിച്ചു പൊലീസിനു കൈമാറി.

വിമാനത്താവളത്തിലെ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോ​ഗം ചേർന്നാണു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റെപൻ മാറെകിനെ പിന്നീടു ജാമ്യത്തിൽ വിട്ടു.

മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകം

മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി; ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകം

തൃശൂര്‍: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നല്‍കുന്നതിനുള്ള ദൗത്യം ഇന്നും തുടരും. കഴിഞ്ഞ ദിവസം കാടുകയറിയ കാട്ടാന ഇന്ന് വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സഖറിയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന് ഇന്ന് നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ആനയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ 14-ാം ബ്ലോക്കില്‍ തന്നെയാണ് തിരിച്ചെത്തിയത്. 14-ാം ബ്ലോക്കില്‍ ചാലക്കുടി പുഴ മുറിച്ചുകടന്ന് ഇല്ലിക്കാട് നിറഞ്ഞ തുരുത്തിലാണ് ആന ഇപ്പോള്‍ ഉള്ളത്.കാട്ടാനക്കൂട്ടത്തോടൊപ്പമാണ് പരിക്കറ്റ ആന. കാട്ടാനക്കൂട്ടത്തില്‍ നാല് ആനകളാണ് ഉള്ളത്. ഇല്ലിക്കാടിന്റെ അപ്പുറം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍ തോട്ടമാണ്. റബര്‍ തോട്ടം കഴിഞ്ഞാല്‍ നിബിഡ വനമാണ്. ഈ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കാട്ടാനയെ മയക്കുവെടിവെച്ച് ചികിത്സ നല്‍കാനായിരിക്കും ദൗത്യസംഘത്തിന്റെ നീക്കം.

കഴിഞ്ഞദിവസം കാടുകയറി ആന പുഴയിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ദൗത്യസംഘം ഉറ്റുനോക്കിയിരുന്നത്. ഇപ്പോള്‍ ആന തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ ഉചിതമായ സമയത്ത് ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കുന്ന നിര്‍ണായക ഘട്ടത്തിലേക്ക് ദൗത്യസംഘം ഇന്ന് കടന്നേക്കും. 15 മുതലാണ് മുറിവേറ്റ നിലയില്‍ ആനയെ തോട്ടത്തില്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് വനം വകുപ്പ് ആനയെ നിരീക്ഷിച്ചു വരികയാണ്.

കഴിഞ്ഞദിവസം ആന വെള്ളത്തിനു സമീപത്തു നിന്നതിനാല്‍ മയക്കു വെടിവയ്ക്കുന്നതിനു കഴിഞ്ഞില്ല.ആനയെ കരയ്ക്കു കയറ്റിയ ശേഷം മയക്കുവെടി വയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പുഴയില്‍ നിന്നു കരയ്ക്കു കയറാതെ നിന്നിരുന്ന ആനയെ പത്തരയോടെ പടക്കം പൊട്ടിച്ച് കരയ്ക്കു കയറ്റുകയായിരുന്നു. തുരുത്തില്‍ നിന്നു പ്ലാന്റേഷന്‍ തോട്ടത്തിലേക്കു കയറിയ ആന എസ്റ്റേറ്റ് റോഡ് മുറിച്ച് കടന്ന് പിന്നീട് കാടുകയറുകയായിരുന്നു.