by Midhun HP News | Jan 24, 2025 | Latest News, കേരളം
തിരുവനന്തപുരം: ക്രിസ്മസ്- നവവത്സര ബമ്പര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നു.വിതരണത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ വ്യാഴാഴ്ച വരെ 33 ലക്ഷത്തിത്തിലധികം (33,78,990) ടിക്കറ്റുകള്‍ വിറ്റു പോയി. 11 ലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് ക്രിസ്മസ്- നവവത്സര ബമ്പര്‍ നറുക്കെടുപ്പ്. ക്രിസ്മസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ്.
ബമ്പര്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് ഏഴ് ലക്ഷത്തിനടുത്ത് (6,95,650) ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92, 290 ടിക്കറ്റുകള്‍ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ലയാണ്. 400 രൂപയാണ് ടിക്കറ്റ് വില.
20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക.ഇതിന് 1604 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ജനുവരിയിലെ പെന്‍ഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്.
by Midhun HP News | Jan 24, 2025 | Latest News, കേരളം
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊൽപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്നു തുടങ്ങുന്നത്. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.
കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാനിരുന്നതാണ്. എന്നാൽ പ്രോസിക്യൂഷൻ പുനഃസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റി വയ്ക്കുകയായിരുന്നു.
by Midhun HP News | Jan 23, 2025 | Latest News, കേരളം
കൊല്ലം: ഇത്തിക്കരയാറ്റില്‍ വീണ് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. ആയൂര്‍ മാര്‍ത്തോമ്മ കോളജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനാണ് അഹദ് അടങ്ങിയ ഏഴംഗ സംഘമെത്തിയത്.
ഫെസ്റ്റിനിടെ സമീപമുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു. ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങി. ഇതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണ് അപകടത്തില്‍പ്പെടുകയായിരുന്നു. ഉടനെ ഫയര്‍ ഫോഴ്സ് സംഘവും കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്.
by Midhun HP News | Jan 23, 2025 | Latest News, കേരളം
മലപ്പുറം: അരീക്കോട്, ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ ഇന്ന് കാടുകയറ്റും. മയക്കുവെടി വയ്ക്കില്ല, കാട്ടിലേക്ക് പോകാന്‍ മണ്ണുമാന്ത്രി ഉപയോഗിച്ച് വഴിയൊരുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ആനയെ കാടുകയറ്റുന്ന നടപടിയുടെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ആന അവശനിലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പ്രദേശത്ത് ഒരുകോടി മുടക്കി ഹാങ്ങിന് ഫെന്‍സിങ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. 15 മണിക്കൂറോളമായി കിണറ്റില്‍ കുടുങ്ങിയ കാട്ടാന അവശനിലയിലാണ്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്.
ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ അകപ്പെടുന്നത്. കിണറ്റിലെ മണ്ണിടിച്ച് ആനക്ക് വഴിയൊരുക്കി കാട്ടിലേക്ക് കടത്തിവിടാനായിരുന്നു വനംവകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇത് സമ്മതിച്ചില്ല. മയക്കുവെടിവെച്ച് ആനയെ ദൂരസ്ഥലത്തേക്ക് മാറ്റണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
by Midhun HP News | Jan 23, 2025 | Latest News, കേരളം
കോട്ടയം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൈകീട്ട് മൂന്നുമണിയോടെ ജോണ്‍സണുമായി സാദൃശ്യമുള്ളയാളെ കണ്ടതായി ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസില്‍ വിവരം ലഭിക്കുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിങ്ങവനം എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ജോണ്‍സണ്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് കഠിനംകുളം പൊലീസ് കോട്ടയത്തേക്ക് തിരിച്ചു. ചൊവ്വാഴ്ച പകല്‍ പതിനൊന്നുമണിയോടെയാണ് കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെ വീട്ടില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്.
Recent Comments