97-ാമത് ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും

97-ാമത് ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും

2025ലെ ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് പ്രഖ്യാപനം. അക്കാദമിയുടെ ഡിജിറ്റൽ ചാനലുകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാഫറിലും എബിസി ന്യൂസിൻ്റെ ഗുഡ് മോർണിങ് അമേരിക്ക എന്ന പരിപാടിയിലും ഇതിൻ്റെ തത്സമയ സംപ്രേഷണം കാണാം.

യാങ്ങും റേസൽ സെന്നോട്ടിയും ചേർന്നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിക്കുക. സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിൽ വെച്ചായിരിക്കും പ്രഖ്യാപനം.
ജനുവരി 17 നായിരുന്നു നോമിനേഷനുകൾ പ്രഖ്യാപിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നത്.എന്നാൽ ലോസ് ഏഞ്ചൽസ് കാട്ടുതീയെ തുടർന്ന് ഇത് 19 ലേക്കും പിന്നീട് ഇന്നത്തേക്കും മാറ്റുകയായിരുന്നു. ഓസ്കർ നോമിനേഷനുകൾക്ക് വോട്ട് ചെയ്യാനുള്ള കാലാവധിയും ഇതിനൊപ്പം നീട്ടിയിരുന്നു.

സഹനടൻ, സഹനടി, ആനിമേറ്റഡ് ഷോർട്ട് ഫിലിം, കോസ്റ്റ്യൂം ഡിസൈൻ, ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം, മേക്കപ്പും ഹെയർസ്റ്റൈലിങ്ങും, സംഗീതം (ഒറിജിനൽ സ്കോർ), തിരക്കഥ(അവലംബിതം), തിരക്കഥ(ഒറിജിനൽ) എന്നീ വിഭാ​ഗങ്ങളിലെ നോമിനേഷനുകൾ ആണ് ആദ്യം പ്രഖ്യാപിക്കുക.മികച്ച നടൻ, മികച്ച നടി, ആനിമേറ്റഡ് ഫീച്ചർ ഫിലിം, ഛായാഗ്രഹണം, സംവിധാനം, ഡോക്യുമെന്ററി ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, ഫിലിം എഡിറ്റിംഗ്, അന്താരാഷ്ട്ര ഫീച്ചർ ഫിലിം, സംഗീതം(ഒറിജിനൽ), മികച്ച ചിത്രം, പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദം, വിഷ്വൽ ഇഫക്റ്റ് എന്നീ വിഭാ​ഗങ്ങളിലെ നോമിനേഷനുകൾ രണ്ടാമത്തെ സെക്ഷനിലുമാകും പ്രഖ്യാപിക്കുന്നത്.

കങ്കുവ, ആടുജീവിതം, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ഇന്ത്യൻ ചിത്രങ്ങൾ ഇത്തവണ മത്സര രം​ഗത്തുണ്ട്. ബ്ലെസിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ആടുജീവിതം മികച്ച ചിത്രം എന്ന വിഭാ​ഗത്തിലാണ് മത്സരിക്കുന്നത്. 2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക.

സിപിഐ നേതാവ് അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു

സിപിഐ നേതാവ് അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു

കൊച്ചി: സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗം അസ്‌ലഫ് പാറേക്കാടന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ മൂല്യച്യുതിയെന്ന് ആരോപിച്ചാണ് അസ്‌ലഫ് പാറേക്കാടന്‍ രാജിവെച്ചത്. കഴിവുകെട്ട പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിച്ചു കൊണ്ട് പാര്‍ട്ടിയുമായുള്ള 16 വര്‍ഷത്തെ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. രാജിക്കത്തില്‍ അസ്‌ലഫ് പാറേക്കാടന്‍ വ്യക്തമാക്കി.

അസ്‌ലഫ് പാറേക്കാടന്‍ നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ഇപ്പോള്‍ വഹിക്കുന്ന മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നി സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് അസ്‌ലഫ് പാറേക്കാടന്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷം എടത്തല ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആയിരുന്നു അസ്‌ലഫ് പാറേക്കാടന്‍. സമകാലീന രാഷ്ട്രീയത്തില്‍ സിപിഐയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

പണത്തിനും സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പോലും പരാജയപ്പെടുത്താന്‍ മടിയില്ലാത്തവരായി പാര്‍ട്ടി നേതൃത്വം മാറിക്കഴിഞ്ഞു. അതിന് ഏറ്റവും വലിയ തെളിവാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള തൃശൂരില്‍ വി എസ് സുനില്‍കുമാറിന് ഏറ്റ കനത്ത പരാജയം. പാര്‍ട്ടിയെ സമാധി ഇരുത്തി, സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതെന്നും അസ്‌ലഫ് പാറേക്കാടന്‍ കത്തില്‍ ആരോപിച്ചു.

ഞാനും അപ്പനും അപ്പന്റെ പെങ്ങള്‍ സുഭദ്രയുമാണ് ട്രസ്റ്റ് എന്നു പറഞ്ഞപോലെയായി പാര്‍ട്ടി കമ്മിറ്റികള്‍. അളിയന്‍, കൊച്ചളിയന്‍, അച്ഛന്‍, മകള്‍, മരുമകള്‍, കൊച്ചാപ്പ, വല്യപ്പ ഇങ്ങനെ പോകുന്നു പാര്‍ട്ടി കമ്മിറ്റികളിലെ പ്രാതിനിധ്യം. ഇവരൊക്കെ തന്നെയാണ് പാര്‍ട്ടിയിലെ പരാതിക്കാരും വിചാരണ നടത്തുന്നവരും ശിക്ഷ വിധിക്കുന്നവരും. പാര്‍ട്ടി ദേശീയ സെക്രട്ടറിക്കുവരെ കേരളത്തില്‍ വരാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ശുപാര്‍ശ കത്ത് വേണ്ട ഈ പാര്‍ട്ടിയില്‍ നിന്നും ഇനി നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നവരെ വേണം ചാട്ടവാറിന് അടിക്കാനെന്നും അസ്‌ലഫ് പാറേക്കാടന്‍ കത്തില്‍ പറയുന്നു.

കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി

കടുവ ഷഫീഖിനെ സാഹസികമായി പിടികൂടി

ചാലക്കുടി: കഞ്ചാവ് കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പൊലീസ്. ആലുവ തായിക്കാട്ടുകര മാന്ത്രിക്കല്‍ കരിപ്പായി ഷഫീഖ് (കടുവ ഷഫീഖ് 40) ആണ് പൊലീസിന്റെ പിടിയിലായത്.

2020ല്‍ മീന്‍വണ്ടിയില്‍ കടത്തിയ 140 കിലോ കഞ്ചാവ് കടത്തിയ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്ത് വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെയാണ് ഇയാള്‍ പരോളില്‍ ഇറങ്ങി ഒളിവില്‍ പോയത്. പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി തിരികെ ജയിലില്‍ പ്രവേശിക്കാതെ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് പൊലീസ് വളഞ്ഞു. പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ കാര്‍ അപകടകരമായ വിധത്തില്‍ പിന്നോട്ടെടുത്തു. തുടര്‍ന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആക്രമണവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഷഫീക്ക്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ സ്റ്റീഫന്‍ വി.ജി, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പിഎം മൂസ, എഎസ്‌ഐ വിയു. സില്‍ജോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എയു റെജി, എംജെ. ബിനു, ഷിജോ തോമസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

പള്ളിക്കലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പള്ളിക്കലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പള്ളിക്കൽ കാട്ടു പുതുശ്ശേരിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 9. 30ഓടെ കാട്ടു പുതുശ്ശേരി പാൽ സൊസൈറ്റിയ്ക്കു മുന്നിലാണ് അപകടം നടന്നത്. പള്ളിക്കൽ വടക്കേപ്പള്ളി സ്വദേശി 25 കാരനായ മുഹമ്മദ് അർഷാദാണ് മരണപ്പെട്ടത്. പള്ളിക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടിപ്പർ ലോറി എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ലോറി നിർത്താതെ പോയി. നിർത്താതെ പോയ ടിപ്പറിനെ നാട്ടുകാർ പള്ളിക്കലിൽ നിന്നും പിടികൂടി. ഗുരുതമായി പരിക്കേറ്റ അർഷാദ് സംഭവ സ്ഥലത്തു വച്ച് തന്നെ മരണപെട്ടു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപതിയിൽ.

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ധനുമാസത്തിലെ തിരുവാതിരനാളില്‍ തുറന്ന പാര്‍വതി ദേവിയുടെ നട വ്യാഴാഴ്ച രാത്രി എട്ടിന് അടയ്ക്കും. മഹാദേവന്റെ അത്താഴപൂജയ്ക്ക് മുന്‍പ് രാത്രി ഏഴിന് പാട്ടുപുരയില്‍ നിന്ന് ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി വിശ്വാസികളെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും. ശേഷം ആചാരപ്രകാരം നടയടയ്ക്കും. അടുത്ത നടതുറപ്പ് മഹോത്സവം 2026 ജനുവരി രണ്ടുമുതല്‍ 13 വരെയാണ്.

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ് സി) 2025ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വിജ്ഞാപനമിറക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 1129 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 11

തസ്തിക & ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ് സി) യുടെ സിവില്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, ഐപിഎസ് തുടങ്ങി സുപ്രധാന തസ്തികകളിലേക്കുള്ള നിയമനം.

ആകെ 1129 ഒഴിവുകള്‍.

Indian Administrative Service
Indian Foreign Service
Indian Police Service
Indian Audit and Accounts Service, Group ‘A’
Indian Civil Accounts Service, Group ‘A’
Indian Corporate Law Service, Group ‘A’
Indian Defence Accounts Service, Group ‘A’
Indian Defence Estates Service, Group ‘A’
Indian Information Service, Group ‘A’
Indian Postal Service, Group ‘A’
Indian Post & Telecommunication Accounts and Finance Service, Group ‘A’
Indian Railway Management Service (Traffic), Group ‘A’
Indian Railway Management Service (Personnel), Group ‘A’
Indian Railway Management Service (Accounts), Group ‘A’
Indian Railway Protection Force Service, Group ‘A’
Indian Revenue Service (Customs & Indirect Taxes) Group ‘A’
Indian Revenue Service (Income Tax) Group ‘A’
Indian Trade Service, Group ‘A’ (Grade III)
Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Civil Service (DANICS), Group ‘B’
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Police Service (DANIPS), Group ‘B’
Pondicherry Civil Service (PONDICS), Group ‘B’
Pondicherry Police Service (PONDIPS), Group ‘B’

പ്രായപരിധി

21 വയസ് മുതല്‍ 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി തുടങ്ങി മറ്റു കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താല്‍പര്യമുള്ളവര്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 11ന് മുന്‍പായി അപേക്ഷ നല്‍കുക. വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യത ആവശ്യമായി വരും. വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.