‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’, ഇനിയും പകയടങ്ങാതെ ഋതു

‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’, ഇനിയും പകയടങ്ങാതെ ഋതു

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്. ജിതിനെ ലക്ഷ്യമിട്ടായിരുന്നു മുഴുവന്‍ ആക്രമണങ്ങളും നടത്തിയത്. സ്റ്റീല്‍ കമ്പിയുമായി വീട്ടില്‍ എത്തിയത് ജിതിനെ തലയ്ക്കടിച്ച് കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മറ്റുള്ളവര്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെയും ആക്രമിക്കുക എന്ന നിലയിലേക്ക് എത്തുകയായിരുന്നുവെന്നും ഋതു മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

കേസില്‍ ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വരെയാണ് ഋതുവിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് രാവിലെ പ്രതിയെ ചേന്ദമംഗലത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനക്കൂട്ടത്തിന്റെ അക്രമ സാധ്യത ഭയന്ന് വന്‍ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് പൊലീസ് തെളിവെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കി. അതേസമയം അക്രമത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വടക്കേക്കര പോലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി ഋതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ ഋതുവാണ് ആക്രമണം നടത്തിയത്. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു പ്രതി പറയുന്നത്. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ല. മാനസികപരമായി പ്രശന്ങ്ങള്‍ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജിതിനെ ഋതു ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയതിന് പിന്നാലെ ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഋതു സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാരും പറയുന്നത്.

ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി; തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ

ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി; തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ലോട്ടറി അടിച്ച സന്തോഷത്തിൽ കൂട്ടുകാർക്ക് നൽകിയ പാർട്ടിക്കിടെ തലയ്ക്കടിയേറ്റ് യുവാവ് ​ഗുരുതരാവസ്ഥയിൽ. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുന്നത്.

ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽ വിവരമൊന്നും ലഭിച്ചില്ല. കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.

ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.

പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍

പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍

പാലക്കാട്: അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്.

ബുധനാഴ്ച രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്. ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു.

ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.

മുന്‍ ഭാര്യയുമായി സൗഹൃദത്തിലായി, ഓട്ടോഡ്രൈവറെ കുത്തി കൊല്ലാന്‍ ശ്രമം, അറസ്റ്റ്

മുന്‍ ഭാര്യയുമായി സൗഹൃദത്തിലായി, ഓട്ടോഡ്രൈവറെ കുത്തി കൊല്ലാന്‍ ശ്രമം, അറസ്റ്റ്

കാസർകോട്: മുൻ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോ​പിച്ച് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിക്കിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

അഭിലാഷിന്റെ മുൻ ഭാര്യയുമായി അബൂബക്കർ സൗഹൃദത്തിലാണെന്ന് ആരോ​പിച്ചാണ് ആക്രമണം. കഴിഞ്ഞ ദിവസം മെഗ്രാല്‍ സ്കൂളിന് സമീപം ഒമിനി വാനിലെത്തി പ്രതികൾ അബൂബക്കറിലെ ആക്രമിക്കുകയായിരുന്നു. ഈ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ അഭിലാഷ്. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പൊലീസ് പിടിയിലായ അഹമ്മദ് കബീറും നേരത്തെ കേസില്‍ പ്രതിയാണ്.

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കുതിപ്പില്‍ സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 60,200 എന്ന സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവില. ഗ്രാമിന് 7525 രൂപ നല്‍കണം.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി ഇന്നലെ സ്വര്‍ണവില കുതിക്കുകയായിരുന്നു. ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

യുവതിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചിറയിന്‍കീഴ്: വാമനപുരം ആറ്റിലെ ചിറയിന്‍കീഴ് പുളിമൂട്ടുകടവ് ഭാഗത്ത് യുവതിയെ ആറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍, ആനത്തലവട്ടം മുളയ്ക്കല്‍ വീട്ടില്‍ മഹിമ (25)നെയാണ് മരിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭര്‍ത്താവുമായി വേര്‍പെട്ട് കഴിയുകയായിരുന്നു. ആനത്തലവട്ടം സ്വദേശികളായ കരുണന്റേയും അംബുജത്തിന്റേയും മകളാണ്. ഉച്ചയ്ക്ക് രണ്ടുമണിവരെ മഹിമയെ വീടിന്റെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ആറ് വയസ്സുള്ള ബദരിനാഥ് മകനാണ്. ചിറയിന്‍കീഴ് പോലീസ് കേസെടുത്തു. വ്യാഴാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.