by Midhun HP News | Jan 21, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
by Midhun HP News | Jan 21, 2025 | Latest News, കേരളം
കൊച്ചി: ബാല്‍ക്കണിയില്‍നിന്നുള്ള നഗ്‌നതാ പ്രദര്‍ശനം വലിയ വിമര്‍ശനം വരുത്തിവച്ചതിനു പിന്നാലെ മാപ്പുചോദിച്ച് നടന്‍ വിനായകന്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറഞ്ഞത്.
‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട്ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ’, എന്നാണ് വിനായകന്‍ പറഞ്ഞത്.
ഫ്ലാറ്റിന്റെ ബാല്‍ക്കണയില്‍നിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്‌നതപ്രദര്‍ശിപ്പിക്കുന്നതിന്റേയും വിഡിയോ ആണ് വിനായകന്റേതായി കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുപിന്നാലെയാണ് വിനായകന്‍ മാപ്പുചോദിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
by Midhun HP News | Jan 21, 2025 | Latest News, കേരളം
കല്‍പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.
മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.
ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.
by Midhun HP News | Jan 21, 2025 | Latest News, കേരളം
തൃശൂര്‍: യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷാ (26) പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ കേരള വര്‍മ്മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷാക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാള്‍. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം.കേരളവര്‍മ്മ കോളജിന് സമീപത്തു വച്ച് മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് മുഹമ്മദ് ഷഹീന്‍ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്.
by Midhun HP News | Jan 21, 2025 | Latest News, കേരളം
പയ്യന്നൂര്‍: പ്രതിരോധ കുത്തിവെപ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്.
ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെയാണ് പെരിങ്ങോം സ്വദേശിയായ പിതാവ് താഴത്തെ വീട്ടില്‍ ടിവി ശ്രീജു പരാതി നല്‍കിയത്.
ഡിസംബര്‍ 22നാണ് കുട്ടിയുടെ മാതാവിനെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24ന് ജനിച്ച പെണ്‍കുട്ടിക്ക് രണ്ടാം ദിവസം നല്‍കിയ കുത്തിവെപ്പിനു ശേഷമാണ് അസ്വസ്ഥത തുടങ്ങിയതെന്നും രണ്ടുതവണ മെഡിക്കല്‍ കോളജില്‍ തന്നെ കാണിച്ചിട്ടും തുടയിലെ പഴുപ്പ് കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറയുന്നു.
by Midhun HP News | Jan 21, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ – കാസര്‍കോട് ദേശീയപാതയില്‍ ജില്ലാ അതിര്‍ത്തിയായ കരിവെള്ളൂര്‍ ഓണക്കുന്നില്‍ ബസ്സിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉള്‍പ്പെടെ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു
കാസര്‍കോട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗം കത്തി നശിച്ചു. സ്വകാര്യ ബസിന്റെ പിന്‍ഭാഗവും കത്തിയിട്ടുണ്ട്. യഥാമസമയം യാത്രക്കാരെ ഇറക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവാഹസംഘം സഞ്ചരിച്ച ബ്‌ളാക്ക് കിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
Recent Comments