കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

കൊച്ചിൻ പോർട്ട് അതോറിറ്റി ക്ലാസ്-I, ക്ലാസ്-II എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അക്കൗണ്ട്സ് ഓഫീസർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയ തസ്തികകളിലായി ആകെ 12 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)
ഒഴിവുകൾ: 3

ശമ്പളം: ₹50,000 – ₹1,60,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

പ്ലാനിംഗ്, നിർമാണം, ഡിസൈൻ, മെയിന്റനൻസ്, പോർട്ട് & മറൈൻ സ്ട്രക്ചറുകൾ തുടങ്ങിയ മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
ഒഴിവുകൾ: 2

ശമ്പളം: ₹50,000 – ₹1,60,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങിൽ ഡിഗ്രി ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

അക്കൗണ്ട്സ് ഓഫീസർ ഗ്രേഡ്-I
ഒഴിവുകൾ: 2

ശമ്പളം: ₹50,000 – ₹1,60,000

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICMAI) അംഗത്വം ഉണ്ടായിരിക്കണം.

ഫിനാൻസ്/അക്കൗണ്ട്സ് മേഖലയിൽ എക്സിക്യൂട്ടീവ് കേഡറിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്.

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)
ഒഴിവുകൾ: 1

ശമ്പളം: ₹40,000 – ₹1,40,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ഡിഗ്രി/AMIE ഉണ്ടായിരിക്കണം.

പ്രോഗ്രാമർ
ഒഴിവുകൾ: 1

ശമ്പളം: ₹40,000 – ₹1,40,000

യോഗ്യത: കംപ്യുട്ടർ എൻജിനീയറിങ് /കംപ്യുട്ടർ സയൻസിൽ ഡിഗ്രി, അല്ലെങ്കിൽ ഏതെങ്കിലും ഡിഗ്രിക്കൊപ്പം PG Diploma in Computer Applications/Computer Science/IT,

അല്ലെങ്കിൽ കംപ്യുട്ടർ ഡിഗ്രിക്കൊപ്പം ബന്ധപ്പെട്ട പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം.

പ്രോഗ്രാമിംഗ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)
ഒഴിവുകൾ: 3

ശമ്പളം: ₹40,000 – ₹1,40,000

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങിൽ ഡിഗ്രി/AMIE ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് രീതി:

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), അഭിമുഖം, രേഖാ പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ മെഡിക്കൽ ഫിറ്റ്നസ് തെളിയിച്ച ശേഷമായിരിക്കും നിയമനം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://cochinport.gov.in/uploads/tenders_attachments.pdf

ചെറിയാൻ തോമസിന് പകരം ചെറിയാൻ തോമസ് മാത്രം

ചെറിയാൻ തോമസിന് പകരം ചെറിയാൻ തോമസ് മാത്രം

അസ്ഥിരോഗ ചികിത്സാരംഗത്തെ അതികായനായിരുന്ന ഡോക്ടർ ചെറിയാൻ തോമസിന്റെ നിര്യാണം നാടിനും നാട്ടുകാർക്കും വലിയൊരു നഷ്ടമാണ്. കഴിഞ്ഞദിവസം അന്തരിച്ച ഡോക്ടർ ചെറിയാൻ എം തോമസിനെ അറിയുന്നവരും കേൾക്കുന്നവരും കേരളത്തിൽ ലക്ഷോപലക്ഷമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനം നടത്തി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസ്ഥിരോഗ ചികിത്സ വിഭാഗം മേധാവിയായി, കരുത്തനായ ഡോക്ടർ എന്ന പേര് സമ്പാദിച്ച ഡോക്ടർ ചെറിയാൻ തോമസ് (83) കേരളത്തിന്റെ ആരോഗ്യരംഗത്തെ അതികായൻ തന്നെയായിരുന്നു.

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയുടെ അമരക്കാരനായി.
തെക്കൻ കേരളത്തിന്റെ അസ്ഥിരോഗ ചികിത്സയുടെ പകരം വയ്ക്കാനാവാത്ത ഡോക്ടറായിരുന്നു ചെറിയാൻ തോമസ് എന്നത് അദ്ദേഹത്തിന്റെ കൈപ്പുണ്യം വിളിച്ചറിയിക്കുന്നതായിരുന്നു. ഈ നഷ്ടം നികത്താനാവാത്ത വിടവ് തന്നെയാണ്.
ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കോട്ടയം പുതുപ്പള്ളി എറികാട് മോറിയ മാർത്തോമ പള്ളിയിലാണ് അദ്ദേഹത്തിന്റെ സംസ്കാരം.

ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ഒമാനില്‍ സലാലയ്ക്ക് സമീപം വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്‌കത്തിലെ സീബില്‍ ഫാല്‍ക്കണ്‍ ഗ്രാഫിക്‌സ്’ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റിങ് വിസയില്‍ ഒമാനിലെത്തിയത്. ഫാത്തിമത്ത് ഷാനയുടെ മരണാനന്തര നടപടികള്‍ പുരോഗമിക്കുകയയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും കെഎംസിസി സലാല കെയര്‍വിങ് ഭാരാവഹികള്‍ അറിയിച്ചു.

താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍

താടി വെച്ച് രൂപം മാറി, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിത്താവളം നിരന്തരം മാറി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേരള പൊലീസ് മുഖ്യപ്രതിയായ ഡോക്ടര്‍ എ കെ റാമിനെ പിടികൂടുന്നത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രൊഫസറായ ഡോക്ടര്‍ റാം, ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒളിവില്‍ താമസിച്ചിരുന്നത്. താടി വെച്ച് രൂപം മാറിയായിരുന്നു താമസം.

ഒളിവില്‍ താമസിച്ച കാലത്ത് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതും റാമിനെ കണ്ടെത്തുന്നതില്‍ പൊലീസിനെ വലച്ചു. തുടര്‍ന്ന് റാമുമായി ബന്ധമുള്ളവരുടെ മൊബൈല്‍ ഫോണുകളെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി. ഇതോടെയാണ് റാമിന്റെ ഒളിയിടങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. റാമിന്റെ നാടായ ചിറ്റൂരില്‍ ക്യാമ്പ് ചെയ്താണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിവന്നത്.

ഇതിനിടെ, ഗുണ്ടൂരിലേക്ക് മാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഗുണ്ടൂരിലെത്തിയപ്പോഴേക്കും, തൊട്ടുമുമ്പായി റാം അവിടെ നിന്നും കടന്നു കളഞ്ഞു. ആന്ധ്രയിലെ തെലുങ്കുദേശം പാര്‍ട്ടിയുടെ ഒരു നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണമാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപരിചിതരായ ആളുകളെ കാണുമ്പോള്‍ അപ്പോഴപ്പോള്‍ റാമിന് വിവരം കൈമാറിയിരുന്നു.

ഇതിനിടെ ഡോക്ടര്‍ റാം ബംഗളൂരുവിലേക്ക് കടന്നതായുള്ള സൂചനകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം കര്‍ണാടക കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കുടകില്‍ ഡോക്ടര്‍ റാം എത്തിയതായി വിവരം ലഭിക്കുന്നത്. കുടകിലെ ഒളിയിടത്തില്‍ നിന്നും മറ്റൊരിടത്തേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ്, ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് സംഘം റാമിനെ പിടികൂടുന്നത്. ഇയാളെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

ഡോക്ടര്‍ റാമിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മരിച്ച നിതിന്‍ രാജിന്റെ പിതാവ് രാജന്‍ അഭിപ്രായപ്പെട്ടു. നിതിന്‍ രാജിന്റെ മരണത്തില്‍ ഡോക്ടര്‍ റാമിന് പങ്കുണ്ട്. അയാള്‍ക്ക് ഒരു പങ്കുമില്ലെങ്കില്‍ ഇത്രയും കാലം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ താമസിക്കേണ്ട കാര്യമില്ലല്ലോ. ഡോക്ടര്‍ റാം മാത്രമല്ല, നിതിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുന്നത്.

കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമായ വാദത്തിനും ശേഷം ഇരട്ട കൊലപാതക കേസില്‍ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഒരുങ്ങുമ്പോഴും, ബോയന്‍ നഗറിലെ മനസ്സുകളില്‍ ചെന്താമര ഉണ്ടാക്കിയ ഭയം കുറഞ്ഞിട്ടില്ല. പ്രതി ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പോത്തുണ്ടി ബോയന്‍ നഗറിലെ കുടുംബങ്ങളുടെ ആവശ്യം. ചെന്താമരയോട് നീതിപീഠം ദയ കാണിക്കരുതെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ചെന്താമരയെ പേടിച്ച് നിരവധി കുടുംബങ്ങള്‍ ജനിച്ച നാടും വീടും വിട്ട് ഇതര സ്ഥലങ്ങളിലേയ്ക്ക് താമസം മാറി.

വിധി പ്രസ്താവനത്തിനായി കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.

നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

നിതിന്‍രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. ഡോക്ടര്‍ റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു.

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ ഡോ. റാം ഒളിവില്‍ താമസിക്കുന്നു എന്ന സൂചനയെത്തുടര്‍ന്ന് ആന്ധ്ര കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവന്നിരുന്നത്.

അതിനിടെ ഡോ. റാം ബംഗളൂരുവിലേക്ക് എത്തിയതായും സൂചന ലഭിച്ചു. ബംഗളൂരുവിലെ ഒരു ഫ്‌ലാറ്റില്‍ റാമിന്റെ ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. ഇവിടേക്ക് റാം എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഒരു സംഘം ബംഗളൂരുവിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടക് ഭാഗത്ത് ഡോക്ടര്‍ റാം എത്തിയതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുടകില്‍ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം റാമിനെ വലയിലാക്കിയത്. ആന്ധ്രയിലെ ഗുണ്ടൂരിലും ചിറ്റൂരിലുമായാണ് ഡോക്ടര്‍ റാം ഒളിവില്‍ താമസിച്ചിരുന്നത്. ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ഡോക്ടര്‍ റാമിന്റെ അടുത്ത ബന്ധുവാണ്. ഇയാളുടെ സംരക്ഷണയാണ് റാമിന് തുണയായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 10 നാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍രാജ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്.