കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23 കാരൻ ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് അപകടത്തിൽ 23 കാരൻ ദാരുണാന്ത്യം

കൊല്ലം കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ബിജിന്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച തന്നെ ബിജിൻ മരണപ്പെട്ടു .

തിരുവനന്തപുരത്ത് ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍; അന്വേഷണം

തിരുവനന്തപുരത്ത് ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍; അന്വേഷണം

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ ബമന്‍, മുക്ത എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം.തമ്പാനൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ 17നാണ് ഇരുവരും മുറി എടുത്തത്. ഹോട്ടലില്‍ നല്‍കിയ രേഖകള്‍ അനുസരിച്ചാണ് ഇവര്‍ മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ സ്ത്രീ ഭിന്നശേഷിക്കാരിയാണെന്നാണ് സംശയിക്കുന്നത്. ചികിത്സ ആവശ്യാര്‍ഥമാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.

ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ചായയുമായി എത്തി എത്ര തട്ടിയിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ പുരുഷന്‍ തൂങ്ങിമരിച്ച നിലയിലും സ്ത്രീ കിടക്കയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആത്മഹത്യയാണോ അതോ പുരുഷന്‍ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നോ, അല്ലെങ്കില്‍ മറ്റു ദുരൂഹതകള്‍ വല്ലതുമുണ്ടോ എന്നി കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

അച്ചന്‍കോവിലാറില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

അച്ചന്‍കോവിലാറില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂര്‍ അച്ചന്‍കോവിലാറില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ശ്രീശരണ്‍ (ഇലവുംതിട്ട സ്വദേശി), ഏബല്‍ (ചീക്കനാല്‍ സ്വദേശി) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് ദാരുണ സംഭവം. പുഴയ്ക്ക് സമീപത്തെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയതാണ് ആര്യഭാരതി സ്‌കൂളിലെ അഞ്ചുവിദ്യാര്‍ഥികള്‍. ഇതില്‍ നാലു വിദ്യാര്‍ഥികളാണ് കളി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലിറങ്ങിയ നാലുപേരും ഒഴുക്കില്‍പ്പെട്ടു.

ഇതില്‍ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലില്‍ രണ്ടുപേരെയും മുങ്ങിയെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ; പദ്ധതി സർക്കാരിന് മുന്നിൽ

എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ; പദ്ധതി സർക്കാരിന് മുന്നിൽ

കൊച്ചി: കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാക്കാനുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ ഫോണ്‍ മാനേജിങ് ഡയറക്ടർ ഡോ സന്തോഷ് ബാബു ഐഎഎസ്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൊതു ഇടങ്ങളിൽ വൈ-ഫൈ ലഭ്യമാക്കുന്നതിനുള്ള ഒരു നിർദേശം ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതിന്റെ പേര് കെഎഫ്ഐ എന്നാണ്. കെഎസ്‌ വാൻ (കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക്) – കെഎഫ്ഒഎൻ ഇവ രണ്ടും ഒന്നിപ്പിച്ചുള്ള മറ്റൊരു നിർദേശവുമുണ്ട്. നിലവിൽ ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഐടി മിഷൻ 2000 സ്ഥലങ്ങളിൽ സൗജന്യ വൈ-ഫൈ നൽകിയിട്ടുണ്ട്.

ഇത് വളരെ വിജയകരമായിരുന്നു. ഇപ്പോൾ 4008 സ്ഥലങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. സർക്കാർ അനുമതിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അത് വന്നുകഴിഞ്ഞാൽ കേരളത്തിലെ എല്ലാ പൊതു ഇടങ്ങളിലും കെ ഫോണിന്റെ സൗജന്യ വൈ-ഫൈ ലഭ്യമാകും.”- സന്തോഷ് ബാബു പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനായി ലഭ്യമാകുന്ന കെ -സ്മാർട്ട് പദ്ധതിയെക്കു‌റിച്ചും അദ്ദേഹം സംസാരിച്ചു. “കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഒരു മൊബൈൽ ആപ് അധിഷ്ഠിത ഇ-ഗവേണൻസ് സംവിധാനമാണ് കെ- സ്മാർട്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ആളുകൾക്ക് പല തരത്തിലുള്ള സേവനങ്ങൾ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2024 ജനുവരി 1 ന് കൊച്ചിയിൽ ഞങ്ങൾ കെ- സ്മാർട്ട് തുടങ്ങി. ആദ്യം കുറേ തടസങ്ങളുണ്ടായിരുന്നു. ‍200 കോടിയോളം ഡാറ്റ ഡിജിറ്റലിലേക്ക് മാറ്റേണ്ടി വന്നു. ഞങ്ങൾ 50 കോടി റെക്കോർഡുകൾ അപ്‌ലോഡ് ചെയ്യുമ്പോഴേക്കും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകും. അപ്പോൾ വീണ്ടും ചെയ്യേണ്ടി വരും. 2025 ജനുവരി 1 മുതൽ ഞങ്ങൾ പഞ്ചായത്തുകളിൽ കെ- സ്മാർട്ട് തുടങ്ങി. എല്ലാ കാര്യങ്ങളും മൊബൈൽ ഫോണിലൂടെ നടക്കണം, ആരും​ ​ഗവൺമെന്റ് ഓഫീസുകൾ കയറിയിറങ്ങി നടക്കാൻ നിർബന്ധിതരാകരുതെന്നാണ് എന്റെ കാഴ്ചപ്പാട്.

‘സന്തോഷമുള്ള പൗരന്മാർ, സന്തോഷമുള്ള ജീവനക്കാർ, കാര്യക്ഷമമായ സർക്കാർ’ എന്നിവയാണ് ഞങ്ങൾ വാ​ഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ആപ്പ് വഴി ഡൗൺലോഡ് ചെയ്യാൻ കഴിയും. ജനന സർട്ടിഫിക്കറ്റുകൾ ആറ് മിനിറ്റിനുള്ളിലും മരണ സർട്ടിഫിക്കറ്റുകൾ ഏകദേശം 10 മിനിറ്റിനുള്ളിലും ലഭിക്കും”.-അദ്ദേഹം വ്യക്തമാക്കി.

72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചു

72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചു

72 അതിഥിത്തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് മലയാളി യുവതികളെ വിവാഹം കഴിച്ച ഈ 72 പേരും.

എഐടിയുസിയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലാളി സംഘടനയാണ് നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് അതിഥി തൊഴിലാളികൾ മലയാളി യുവതികളെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞവരിൽ ഏറിയ പങ്കും പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നതെന്നും യൂണിയൻ വ്യക്തമാക്കുന്നു.

നിരവധി അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു. ലൈഫ് പദ്ധതിയിലും അതിഥി തൊഴിലാളികൾ ഇടംപിടിച്ചിട്ടുണ്ട്. 24 വർഷം മുൻപു ഒഡിഷയിൽ നിന്നു തൊഴിൽ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് രാജേന്ദ്ര നായിക്.

കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി 25, 26 തീയതികളിൽ കോട്ടയത്ത് ദേശീയ കോൺക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആറ്റിങ്ങലിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 686 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങലിൽ വിറ്റ AX 278750 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ തിരൂരിൽ വിറ്റ AS 706450 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.