by Midhun HP News | Dec 31, 2024 | Latest News, കേരളം
കൊച്ചി: പതുവത്സര ആഘോഷത്തിനു മദ്യപിച്ചു ഫിറ്റായാലും സാരമില്ല! വീട്ടിലെത്തിക്കാൻ ആളുണ്ട്. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) പുതുവഴിയാണ് ഇതിനായി ഒരുക്കിയത്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് ആർടിഒ നിർദ്ദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണ് ആർടിഒ പുതുവഴി അവതരിപ്പിച്ചത്.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു ബാറുകൾ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്നു നിർദ്ദേശിച്ചത്. ഹോട്ടലുകൾ പ്രൊഫഷണൽ ഡ്രൈവർമാരെ ഇതിനായി ക്രമീകരിക്കണം. ഹോട്ടലുകളിൽ എത്തുന്നവരോട് ഇത്തരം ഡ്രൈവർമാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണം.
ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിലുണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ്‍ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും.
ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാൻ വിസമ്മതിക്കുകയും മദ്യ ലഹരിയിൽ വാഹനമോടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഹോട്ടൽ അധികൃതർ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആർടിഒയെയോ അറിയിക്കണം. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
by Midhun HP News | Dec 31, 2024 | Latest News, കേരളം
കൊച്ചി: ഈ വര്‍ഷത്തിന്റെ അവസാന ദിവസമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. 56,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് പത്തുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ധിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Dec 31, 2024 | Latest News, കേരളം
കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽ നിന്നു സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം. 14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നിഗമനം.
വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകർത്ത് 12 സ്വർണ നാണയങ്ങളും 2 പവൻ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകൻ നാദിർ തന്റെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിരുന്നു.
ചെറുകുന്നിലെ കല്യാണത്തിൽ പങ്കെടുക്കാനായി നാദിർ തലേ ദിവസം തന്നെ വാതിൽ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
by Midhun HP News | Dec 31, 2024 | Latest News, കേരളം
കൊച്ചി: പതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷ ഒരുക്കും. നഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിലേക്ക് നേരിട്ട് ബസ് സർവീസ് വൈകിട്ട് നാല് മണി വരെ മാത്രമേ ഉണ്ടാകുകയുള്ളു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് രൂപീകരിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ പൊലീസ് കൺട്രോൾ റൂം ഉണ്ടായിരിക്കുമെന്നും കോസ്റ്റൽ പൊലീസും നിരീക്ഷണത്തിനുണ്ടാകുമെന്നും കമ്മീഷണർ പറഞ്ഞു.
ഫോർട്ട് കൊച്ചി ഏഴ് മണിവരെ റോ-റോ സർവീസ് ഉണ്ടാകുയുള്ളു. ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസും ഏഴു മണിവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. പുതുവർഷ ആഘോഷങ്ങൾക്കു ശേഷം തിരിച്ചു പോകുന്നവർക്കായി ഗതാഗത സംവിധാനം ഒരുക്കാൻ ശ്രമിക്കുന്നുണ്ട്.
ഫോർട്ട് കൊച്ചിയിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നതായി കണ്ടിട്ടുണ്ട്. അവയെല്ലാം പ്രത്യേക പാർക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റും.
പുറമെ നിന്നെത്തുന്നവർക്കായി ഫോർട്ട് കൊച്ചിയിൽ പതിനെട്ട് പാർക്കിങ് ഗ്രൗണ്ടുകൾ ഒരുക്കും. അവിടെ പാർക്കിങ് ഫിൽ ആയാൽ മട്ടാഞ്ചേരിയിലും പാർക്കിങ് സൗകര്യം ഒരുക്കും. അവിടെയും വാഹനങ്ങൾ നിറഞ്ഞാൽ ബിഒടി പാലം വഴി വാഹനങ്ങൾ കടത്തിവിടില്ലെന്നും കമ്മീഷണർ അറിയിച്ചു.
by Midhun HP News | Dec 31, 2024 | Latest News, കേരളം
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. മകൻ കയറി കണ്ടപ്പോൾ എംഎൽഎ കണ്ണ് തുറന്നതായും കൈകാലുകൾ അനക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് രാവിലെ പത്ത് മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വന്നാൽ മാത്രമേ ആരോഗ്യ നിലയിൽ എത്രത്തോളം പുരോഗതി വന്നു എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കുകയുള്ളു.
നിലവിൽ ഉമ തോമസ് വെന്റിലേറ്ററിൽ തുടരുകയാണ്. ഇവിടെ നിന്നു മാറ്റാൻ കഴിയുമോ എന്നു മെഡിക്കൽ സംഘം നിരീക്ഷിച്ചു വരുന്നു. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമാണ്. ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കമെന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേജ് നിർമിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷമീർ അബ്ദുൽ റഹീം, ഓസ്കർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.
by Midhun HP News | Dec 30, 2024 | Latest News, കേരളം
കന്യാകുമാരി: ഇനി കടലിനുമീതെ ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കാം. കന്യാകുമാരി വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് ഇന്ന് തുറക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തിങ്കളാഴ്ച വൈകീട്ട് 05:30നാണ് കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യുന്നത്. 37 കോടി രൂപ ചെലവഴിച്ചാണ് ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്.
വിവേകാനന്ദപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കടലിലെ കാലാവസ്ഥാ വ്യതിയാനം കാരണം തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേയ്ക്ക് പോകാൻ പലപ്പോഴും കഴിയാറുണ്ടായിരുന്നില്ല. കാലാവസ്ഥ മോശമാകുന്നതോടെ വിവേകാനന്ദപ്പാറയിലെ ബോട്ട് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസ് തടസ്സപ്പെടുന്നതുകൊണ്ടായിരുന്നു ഇത്. ഇതിന് പരിഹാരമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിൻ്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം എംകെ സ്റ്റാലിൻ ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും. 37 കോടി രൂപ ചെലവിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്.
പാലത്തിൻ്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം. ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും.രാജ്യത്ത് ഇതാദ്യമായാണ് കടലിനുമീതെ കണ്ണാടിപ്പാലം നിർമിക്കുന്നത്. പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും.
മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിൻ്റെ സൗന്ദര്യം കാണുന്ന തരത്തിലാണ് പാലം. തിരുവള്ളുവർ പ്രതിമയുടെ സിൽവർ ജൂബിലി പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് കന്യാകുമാരിയിലെത്തുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈകിട്ട് 4:30ന് പൂമ്പുഹാർ ബോട്ട് ജെട്ടിയിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന മണൽ ശിൽപം സന്ദർശിക്കും. അതിനുശേഷം തിരുവള്ളുവർ വിഗ്രഹം സന്ദർശിച്ച് പുഷ്പാർച്ചന നടത്തും. നേരത്തെ പ്രധാനമന്ത്രി കന്യാകുമാരിയിൽ ധ്യാനത്തിനെത്തിയപ്പോൾ വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ച പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു
Recent Comments