തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു,18 പേര്‍ക്ക് പരിക്ക്

തേനിയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു,18 പേര്‍ക്ക് പരിക്ക്

ചെന്നൈ: തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ, ജോബിന്‍ തോമസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പി ജി ഷാജിയെന്ന വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓള്‍ട്ടോ കാര്‍. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസ് റോഡില്‍ തലകീഴായി മറിഞ്ഞു. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കനത്ത മഞ്ഞുവീഴ്ച; കുളുവില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

കനത്ത മഞ്ഞുവീഴ്ച; കുളുവില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

മണാലി: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുളുവിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പൊലീസ്. സോളങ് നാലയിലെ സ്‌കീ റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്. ആയിരത്തിലേറെ വാഹനങ്ങളും റോഡില്‍ കുടുങ്ങി. വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കുളു പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയും സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലൗഹൗള്‍ – സ്പിതി, ചമ്പ, കാന്‍ഗ്ര, ഷിംല, കിന്നൗര്‍, കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.

ഡിസംബര്‍ 29 മുതല്‍ ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന ജില്ലകളില്‍ ശക്തമായ തണുപ്പ് തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്. മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പറന്നുയരാന്‍ തയ്യാറെടുത്ത് ‘എയര്‍ കേരള’, കണ്ണൂരില്‍ ധാരാണപത്രം ഒപ്പുവെയ്ക്കും

പറന്നുയരാന്‍ തയ്യാറെടുത്ത് ‘എയര്‍ കേരള’, കണ്ണൂരില്‍ ധാരാണപത്രം ഒപ്പുവെയ്ക്കും

കണ്ണൂർ: പുതുവർഷത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തയ്യാറെടുക്കുകയാണ് ‘എയർ കേരള’ എയർലൈൻ. സർവീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് എയർ കേരള സർവീസ് നടത്തും.

കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍ കേരളയില്‍ കേരള സർക്കാരിനും സിയാലിനും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായി 26 ശതമാനം ഓഹരിയുണ്ട്. മാർച്ചോടെ സർവീസ് തുടങ്ങാനാണ് പദ്ധതി. ആഭ്യന്തര സർവീസുകൾ തുടങ്ങുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയർകേരള സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിന്‍റെ ടൂറിസം, ട്രാവൽ മേഖലയിൽ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സേവനത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.

ദക്ഷിണ-മധ്യ ഇന്ത്യയിലെ ടയർ-രണ്ട്, ടയർ- മൂന്ന് വിമാനത്താവളങ്ങളിലാണ് എയർ കേരള ആദ്യം ശ്രദ്ധയൂന്നുക. അന്താരാഷ്ട്ര റൂട്ടിൽ അനുമതി കിട്ടിയാൽ തായ്‌ലൻഡ്, വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ റൂട്ടുകൾക്ക് മുൻഗണന നൽകാനാണ് കമ്പനി അധികൃതരുടെ തീരുമാനം. ആഭ്യന്തരമായി ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ ടയർ-രണ്ട് നഗരങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

ഇതിഹാസത്തിന് ആദരം; സച്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബ് അംഗത്വം

ഇതിഹാസത്തിന് ആദരം; സച്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബ് അംഗത്വം

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) ഓണററി അംഗമാകാനുള്ള ക്ഷണം സ്വീകരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കായിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളില്‍ ഒന്നാണ് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ കായിക വേദികളിലൊന്നായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിന്ത്രിക്കുന്നതും എംസിസിയാണ്.

‘ഒരു ഐക്കണിനെ ആദരിക്കുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എംസിസി ഓണററി ക്രിക്കറ്റ് അംഗത്വം സ്വീകരിച്ചതായി എംസിസി സന്തോഷത്തോടെ അറിയിക്കുന്നു,’ എംസിസി ‘എക്‌സ്’ എന്ന പോസ്റ്റില്‍ അറിയിച്ചു.

1989 നവംബറില്‍ 16ാം വയസില്‍ കറാച്ചിയില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ആയിരുന്നു സച്ചിന്‍ അന്തരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 24 വര്‍ഷത്തെ കരിയറില്‍ 199 ടെസ്റ്റുകള്‍ കൂടി കളിച്ചു. 53.78 ശരാശരിയില്‍ 15921 റണ്‍സ് നേടി സച്ചിന്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചു. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്ന കരിയറില്‍ 46 വിക്കറ്റുകളും നേടി. 2013 നവംബറില്‍ മുംബൈയിലെ വാങ്കഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വിടവാങ്ങല്‍ ടെസ്റ്റ്.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനാണ് സച്ചിന്‍. 463 മത്സരങ്ങളില്‍ നിന്ന് 18426 റണ്‍സാണ് സച്ചിന്‍ നേടിയത്. 49 സെഞ്ച്വറികളും 96 അര്‍ധസെഞ്ച്വറികളും നേടി. ബാറ്റിങ് ശരാശരി 44.83 ആണ്. 1989 ഡിസംബര്‍ 18 ന് ഗുജ്രന്‍വാലയില്‍ പാകിസ്ഥാനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റം. 2012 മാര്‍ച്ച് 18 ന് പാകിസ്ഥാനെതിരെ തന്നെ ആയിരുന്നു അവസാന ഏകദിന മത്സരം. ഇന്ത്യയ്ക്കായി ഒരു ടി20 മാത്രമാണ് സച്ചിന്‍ കളിച്ചത്. 2006 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അത്.

‘മന്‍മോഹന്‍ അമര്‍ രഹേ’; നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘മന്‍മോഹന്‍ അമര്‍ രഹേ’; നിഗംബോധ് ഘട്ടില്‍ അന്ത്യവിശ്രമം; സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് അന്ത്യവിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മൂത്തമകള്‍ ചിതയ്ക്ക് തീ കൊളുത്തി.രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കര്‍ ഓം ബിര്‍ല, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി നഡ്ഡ തുടങ്ങി പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് മന്‍മോഹന്‍ സിങിന് രാജ്യം വിട നില്‍കിയത്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്, മൗറീഷ്യസ് വിദേശകാര്യമന്ത്രി ധനഞ്ജയ് രാംഫുള്‍ എന്നിവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിഗംബോധില്‍ എത്തി.

കോണ്‍ഗ്രസ് ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി പതിനൊന്ന് മണിയോടെയാണ് മന്‍ മോഹന്‍സിങിന്റെ മൃതദേഹം നിഗംബോധ് ഘട്ടില്‍ എത്തിച്ചത്. രാഹുല്‍ ഗാന്ധി തുറന്ന വാഹനത്തില്‍ വിലാപ യാത്രയെ അനുഗമിച്ചു.

മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍നിന്നും രാവിലെ എട്ടോടെയാണ് മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചത്. ഒന്നരമണിക്കൂര്‍ നേരം അവിടെ പൊതുദര്‍ശനം നടത്തി. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്തിമോപചാരം അര്‍പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീണ്ടനിരയാണുണ്ടായത്. മന്‍മോഹന്‍ സിങ് അമര്‍ രഹേ എന്ന മുദ്രാവാക്യം വിളികളോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആന്ത്യാഞ്ജലി അര്‍പ്പിച്ചത്

ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഇന്ന് കേന്ദ്ര ജീവനക്കാര്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

2004 മുതല്‍ 2014വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് വ്യാഴാഴ്ച രാത്രിയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അന്തരിച്ചത്.

പി വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന മന്‍മോഹന്‍ സിങ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു. റിസര്‍വ് ബാങ്ക് ഗവര്‍ണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

‘എല്ലാവരും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്; തൃപ്തിയില്ല’; പൊട്ടിക്കരഞ്ഞ് അമ്മമാര്‍

‘എല്ലാവരും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്; തൃപ്തിയില്ല’; പൊട്ടിക്കരഞ്ഞ് അമ്മമാര്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധി പ്രസ്താവം കേട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ശരത്‌ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ പ്രതികള്‍ക്കും കടുത്തശിക്ഷ കിട്ടണമെന്ന് ശരത്‌ലാലിന്റെ അമ്മ ലത മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്. വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ശരത് ലാലിന്റെ അമ്മ പറഞ്ഞു.

വിധി പ്രസ്താവത്തില്‍ ഒന്നും പറയാന്‍ കഴിയുന്നില്ലെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ വേണം. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ പലകളികളും ശ്രമിച്ചെന്നും കൃപേഷിന്റെ അമ്മ പറഞ്ഞു.

കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയാണ് ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിധി പ്രസ്താവം ജനുവരി മൂന്നിനാണ്. കേസില്‍ കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

ഒന്നാം പ്രതി പീതാംബരന്‍ (മുന്‍ പെരിയ എല്‍സി അംഗം), സജി സി ജോര്‍ജ് (സജി), കെഎം സുരേഷ്, കെ അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ മുരളി, രഞ്ജിത്ത് (അപ്പു), കെ മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ സുരേന്ദ്രന്‍ (വിഷ്ണു സുര), കെവി കുഞ്ഞിരാമന്‍ (ഉദുമ കുഞ്ഞിരാമന്‍)(മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെവി ഭാസ്‌കരന്‍ എന്നിവരുള്‍പ്പടെയുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 9,11,12,13, 16,17,18,19,23,24 പ്രതികളെയാണ് വെറുതെ വിട്ടത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ നിയമപമരമായി മുന്നോട്ടുപോകുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കേസില്‍ പരാതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.