by Midhun HP News | Dec 28, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ ഒഴിവാക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് നരേന്ദ്രന്‍, ജസ്റ്റിസ് പിജിഅജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
സര്‍ക്കാര്‍ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സര്‍വകലാശാല നിയമനത്തിന് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമനത്തിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് വീണ്ടും പരീക്ഷ നടത്തണം. എല്ലാ സര്‍വകലാശാലകളിലേക്കും ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ഒരുമിച്ച് നിയമനം നടത്താന്‍ യോഗ്യത ഏകീകരിച്ചതില്‍ അപാകമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
സര്‍വകലാശാലകളുടെ നിയമത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ബിരുദധാരികള്‍ അപേക്ഷിക്കുന്നത് വിലക്കിയിട്ടില്ല.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ മുന്‍ സിപിഎം എംഎല്‍എ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. വിധി പറയുന്നത് കേള്‍ക്കാന്‍ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ കോടതയില്‍ എത്തിയിരുന്നു. സിപിഎം നേതാക്കള്‍ ഉള്‍പ്പടെ കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. കേസില്‍ ശിക്ഷാവിധി ജനുവരി മൂന്നിന്
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി എ പിതാംബരന്‍, സജി സി ജോര്‍ജ്, അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, കെഎം സുരേഷ്, ജിജിന്‍, ടി രഞ്ജിത്ത്, കെ മണികണ്ഠന്‍, എ സുരേന്ദ്രന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ് വെളുത്തോളി, എ മുരളി, കെവി കുഞ്ഞിരാമന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 9,11,12,13, 16,17,18,19,23,24 പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ നിയമപമരമായി മുന്നോട്ടുപോകുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.
കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സികെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കേസില്‍ പരാതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു. രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്. വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 57,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7135 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ഏഴുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന് മങ്ങൽ വന്നിട്ടുണ്ടെന്ന് അപ്പോൾത്തന്നെ രസ്‌ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി മനസിലായി. ഉടനെ ചികിത്സ നൽകണമെന്നും നേത്രചികിത്സാ വിദഗ്ധർ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കൽ കോളജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്.
പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി. കണ്ണൂർ സർവകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയാണ് രസ്‌ന.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി വി പ്രശാന്ത്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളുമടക്കം തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറയുന്നത്.
മൂന്ന് പേരോടും വിശദീകരണം ചോദിച്ചിരുന്നെങ്കിലും ടിവി പ്രശാന്ത് മാത്രം മറുപടി നല്‍കിയിരുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പിപി ദിവ്യ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണ് ജില്ലാ കലക്ടര്‍ കോടതിയില്‍ സ്വീകരിച്ചത്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
വിതുര∙ മലയോര വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മഞ്ഞും ചാറ്റൽ മഴയും ഇട കലർന്ന സുഖ ശീതളമായ അന്തരീക്ഷത്തിലാണു സഞ്ചാരികളെ പൊന്മുടി വരവേൽക്കുന്നത്. ചില സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും വെയിലും. അപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടാവും. ക്രിസ്മസ് അവധിക്കാലം ആയതു മുതൽ ഓരോ ദിവസവും തിരക്ക് ഏറുകയാണ്. ക്രിസ്മസ് ദിനത്തിൽ ആയിരങ്ങളാണ് പൊന്മുടി കയറിയത്.
രാവിലെ ഏഴ് മുതൽ വൈകിട്ട് 4.30 വരെയാണു പ്രവേശനം. തിരക്ക് നിയന്ത്രണാതീതമായാൽ ഏതു സമയവും പ്രവേശനം നിർത്തിവയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊന്മുടി റൂട്ടിലെ മീൻമുട്ടി, ഗോൾഡൻ വാലി, വാഴ്‌വാംതോൽ വെള്ളച്ചാട്ടങ്ങൾ, പേപ്പാറ ഡാം എന്നിവിടങ്ങളിലും തിരക്കേറുന്നുണ്ട്.
ക്രിസ്മസ് ദിനത്തിൽ കെഎസ്ആർടിസി റെക്കാർഡ് വരുമാനം കൊയ്തു. വൈകിട്ടത്തെ അവസാന ബസ് പോയതിനു ശേഷവും സഞ്ചാരികൾ ബാക്കി ഉണ്ടായിരുന്നതോടെ പ്രത്യേക സർവീസ് കെഎസ്ആർടിസി നടത്തി. പുതുവർഷം പ്രമാണിച്ച് ആവശ്യമെങ്കിൽ സ്പെഷൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഭീഷണി ഉയർത്തി പുലി, പൊന്മുടി റൂട്ടിൽ കാട്ടാന, കാട്ടുപോത്ത്, പന്നി എന്നിവയുടെ സാന്നിധ്യമുണ്ട്. എന്നാൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഇതുവരെ വന്യമൃഗങ്ങൾ പുറത്തിറങ്ങിയിട്ടില്ല. നിലവിലെ ഏറ്റവും പ്രധാന ആശങ്ക പുലിയുടെ സാന്നിധ്യമാണ്. പൊലീസ് സ്റ്റേഷനു സമീപം കഴിഞ്ഞ വർഷം പുലിയെ കണ്ടിരുന്നു. ഇക്കുറിയും പുലിപ്പേടിയുടെ കൂടെ പശ്ചാത്തലത്തിലാണു പൊന്മുടിയിൽ പുതുവർഷം പിറക്കാൻ പോകുന്നത്. നിലവിൽ വലിയ ആശങ്ക വേണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തമ്പടിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നിർദേശിച്ചിച്ചുണ്ട്.
YOU MAY LIKE
Recent Comments