by Midhun HP News | Dec 26, 2024 | Latest News, കേരളം
മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞു നിന്ന അക്ഷര സുകൃതം എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. എംടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ച് ഓർമിച്ചു കൊണ്ടാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുവെന്നും മഞ്ജു വാര്യർ കുറിച്ചു. വേണു സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലായിരുന്നു എംടിയ്ക്കൊപ്പം മഞ്ജു വാര്യർ പ്രവർത്തിച്ചത്.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്
എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.
ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എംടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എംടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും….
by Midhun HP News | Dec 26, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മനുഷ്യവികാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പര്യവേക്ഷണത്തിലൂടെ അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കുമെന്നും മോദി എക്‌സില്‍ പറഞ്ഞു.
‘മലയാള സിനിമയിലും സാഹിത്യത്തിലും ഏറ്റവും ആദരണീയരായ വ്യക്തികളില്‍ ഒരാളായിരുന്നു എംടി വാസുദേവന്‍ നായര്‍. മനുഷ്യവികാരങ്ങളെ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇനിയും നിരവധി പേര്‍ക്ക് പ്രചോദനം നല്‍കും. നിശബ്ദരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായവര്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമാണ്. ഓം ശാന്തി.’- മോദി കുറിച്ചു.
by Midhun HP News | Dec 26, 2024 | Latest News, കേരളം
ഇടുക്കി: കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍ പെട്ടവരാണ് ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായത്. തമിഴ്‌നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ് പിടികൂടിയത്.
നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്ന് പൊലീസ് അറിയിച്ചു. നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയിലുള്ള സ്റ്റാര്‍ ജുവെല്‍സിലാണ് മോഷണശ്രമം നടന്നത്. ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതികളെത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇത് കണ്ട ഉടമ കയ്യോടെ ഇയാളെ പിടികൂടി. ഇതിനിടെ കൂടെയുണ്ടായിരുന്ന മുബാറക് കടയില്‍ നിന്ന് ഇറങ്ങിയോടി.
തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പൊലീസിന്റെ പിടിയിലായത്. ബസില്‍ സ്ഥലം വിടാന്‍ ശ്രമിച്ച ഇയാളെ ശാന്തന്‍പാറ പൊലീസിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു. കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
by Midhun HP News | Dec 26, 2024 | Latest News, കേരളം
ഹൈദരാബാദ്: തെലങ്കാനയില്‍ പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ട ആത്മഹത്യയെന്നാണ് തെലങ്കാനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്മാ റെഡ്ഡി ജില്ലയിലെ ബിദിപെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ സായ് കുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശ്രുതി, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിഖില്‍ എന്നിവരാണ് മരിച്ചത്.
തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രി 12.30 ഓടെയാണ് ശ്രുതിയുടേയും നിഖിലിന്റേയും മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എസ്‌ഐയുടെ മൃതദേഹവും ലഭിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ നിഖിലാണ് സ്റ്റേഷനുകളിലെ ഉപകരണങ്ങള്‍ തകരാര്‍ വന്നാല്‍ ശരിയാക്കിയിരുന്നത്. മരണകാരണം ദുരൂഹമാണ്.
by Midhun HP News | Dec 26, 2024 | Latest News, കേരളം
കോഴിക്കോട്: എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് കഥാകൃത്ത് ടി പത്മനാഭന്‍. എം ടിയുടേത് നികത്താനാകാത്ത നഷ്ടമാണെന്ന് ടി പത്മനാഭന്‍ പറഞ്ഞു. വിതുമ്പിക്കൊണ്ടായിരുന്നു ടി പത്മനാഭന്റെ പ്രതികരണം.
‘ഒരാള്‍ മരിച്ചാല്‍ ആര്‍ക്കും ദുഃഖമുണ്ടാവില്ലേ. എനിക്കും ദുഃഖമുണ്ട്. വളരെ കാലത്തെ പരിചയമാണ്. 1950 മുതലുള്ള പരിചയമാണ്. 75 കൊല്ലമായില്ലേ. ധാരാളം അനുഭവങ്ങളുണ്ട്. നല്ലതും ചീത്തയുമായ… സമ്മിശ്ര അനുഭവങ്ങളാണ്. അദ്ദേഹം കഴിഞ്ഞ ഒന്നു രണ്ട് ആഴ്ചയായി പ്രായാധിക്യത്തിന്റെ വിഷമങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ഒരു വീഴ്ചയുണ്ടായതിനാല്‍ മൂന്നാഴ്ചയായി ചികിത്സയിലാണ്. അല്ലെങ്കില്‍ കൃത്യമായി എം ടിയെ കാണാന്‍ പോകുമായിരുന്നു. ഏറ്റവുമൊടുവില്‍ കണ്ടത് രണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തുവെച്ച്. അദ്ദേഹത്തിനും എനിക്കും വിഷമമുണ്ട്. അന്ത്യം ഇത്രയും വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല അദ്ദേഹം. ഞാന്‍ ചെറിയ മേഖലയില്‍ ഒതുങ്ങികൂടിയവനാ. എം ടി അങ്ങനെയല്ല. കഥകളെഴുതി, നോവല്‍ എഴുതി, നാടകം, സിനിമാ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചു. അദ്ദേഹത്തിന്റെ ലോകം വളരെ വിശാലമാണ്. എന്റേത് ചെറുതാണ്. എന്റെ സന്‍മനസുകൊണ്ടല്ല അത്. എനിക്ക് അത്രയേ കഴിയുള്ളൂ. അദ്ദേഹത്തിന്റെ നിയോഗം നികത്താനാകാത്ത നഷ്ടമാണ്. ഇത് ക്ലീഷേയായി പറയുന്നതല്ല. സത്യമാണ്. അദ്ദേഹം വളരെ വലിയ നഷ്ടമാണ്. ഈ നഷ്ടം എളുപ്പം നികത്താന്‍ കഴിയില്ല’, ടി പത്മനാഭന്‍ പ്രതികരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.
by Midhun HP News | Dec 26, 2024 | Latest News, കേരളം
കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജി എം സുഹൈബിനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. കഴിഞ്ഞയാഴ്ചയാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്റിനോട് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ജഡ്ജി സുഹൈബ് പെരുമാറിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ജഡ്ജിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
എന്നാല്‍ സുഹൈബിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയതിനെ ചൊല്ലി കോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് ഇടയില്‍ ഉള്‍പ്പെടെ എതിര്‍പ്പുണ്ടായിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ യുവതി ഇതുവരേയും രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ മുമ്പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ഉള്‍പ്പെടെ പരാതിയില്ലെങ്കിലും കേസെടുത്ത് മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിരുന്നു.
സമാനമായ രീതിയിലാണ് ഇപ്പോള്‍ കോഴിക്കോട് സംഭവത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതി നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവം ജുഡീഷ്യറിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തുകയായിരുന്നു. ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നൂറിലധികം വരുന്ന കോടതി ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും വനിതാ ജീവനക്കാരായിരുന്നു. കോടതി മുറിയില്‍ നടന്ന സംഭവം നിയമവൃത്തങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സാധാരണക്കാരന് നീതി നടപ്പിലാക്കേണ്ട കോടതിമുറിയില്‍ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നതില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നതും.
Recent Comments