by Midhun HP News | Dec 26, 2024 | Latest News, കേരളം
തൃശൂര്‍: കൊടകരയിൽ വീട് കയറിയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ് രണ്ടു പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തു കൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു.
കൊടകര വട്ടേക്കാട് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടിൽ ആക്രമിക്കാൻ കയറിയത്. വിവേകിനെ 4 വർഷം മുൻപ് ക്രിസ്മസ് രാത്രിയിൽ സുജിത്ത് കുത്തിയിരുന്നു.
by Midhun HP News | Dec 26, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 തൊട്ടു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല്‍ എത്തിയത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ആറുദിവസത്തിനിടെ 700 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Dec 26, 2024 | Latest News, കേരളം
കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ച് നടൻ മോഹൻലാൽ. കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിൽ പുലർച്ചെ അഞ്ചോടെയാണ് മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഒരുപാട് വർഷത്തെ ബന്ധം, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നിരിക്കുന്ന ആളുമാണ്.
ഒന്ന് രണ്ട് ദിവസം അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാനും കഴിഞ്ഞു. അമൃതം ഗമയ എന്ന ചിത്രത്തിൽ. വളരെയധികം സ്നേഹം അങ്ങോട്ടുമിങ്ങോട്ടും ഉള്ള ആളുകളായിരുന്നു. അവസാനമായി ഞാൻ ചെയ്തിരിക്കുന്നത് ഓളവും തീരവും എന്ന ചിത്രമാണ്. സെറ്റിൽ അദ്ദേഹത്തിനൊപ്പം ഒരുപാട് സംസാരിക്കുകയും ചെയ്തു.
എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം ബോംബയിൽ വന്നിട്ടുണ്ട്, സംസ്കൃത നാടകങ്ങൾ കാണാനായിട്ട്. കോഴിക്കോട് എത്തുമ്പോഴും കാണുമായിരുന്നു. അദ്ദേഹത്തിന്റെ തൂലികയിൽ സൃഷ്ടിച്ചെടുത്ത ഒരുപാട് കഥാപാത്രങ്ങൾ അഭിനയിക്കാൻ കഴിഞ്ഞു. ഞാൻ ആശുപത്രിയിൽ വിളിച്ച് അന്വേഷിക്കുകയൊക്കെ ചെയ്തിരുന്നു”. – മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Dec 26, 2024 | Latest News, കേരളം
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ കമൽ ഹാസൻ. അൻപത് വർഷമായിട്ടുള്ള ബന്ധമാണ് എംടിയുമായിട്ടുള്ളതെന്നും ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നെന്നും കമൽ ഹാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികൾ എന്ന് കമൽ ഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒരു മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് എംടി വാസുദേവൻ നായർ. മലയാള സിനിമാ ലോകത്തിന് എന്നെ പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള എൻ്റെ സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ ആ സൗഹൃദം തുടർന്നു.
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. തന്റേതായ ശൈലിയിലൂടെ എഴുത്തിന്റെ എല്ലാ രൂപങ്ങൾക്കും സംഭാവന നൽകിയ ആ വ്യക്തിത്വം വിരമിച്ചു. ഇതൊരു വലിയ നഷ്ടമാണ്. ഇത് തെന്നിന്ത്യൻ സാഹിത്യ ലോകത്തെയും വായനക്കാരെയും കലാ ആസ്വാദകരെയും ദു:ഖത്തിലാഴ്ത്തും. മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
എംടി വാസുദേവൻ നായർ എഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത 1974 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കന്യാകുമാരി. കമൽ ഹാസൻ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. നടൻ ജഗതി ശ്രീകുമാറിൻ്റെ അരങ്ങേറ്റ ചിത്രവുമായിരുന്നു കന്യാകുമാരി.
by Midhun HP News | Dec 26, 2024 | Latest News, കേരളം
കോഴിക്കോട്: മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരൻ എംടിയുടെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടൻ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിപ്പിൽ പറയുന്നു. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.
അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.
by Midhun HP News | Dec 26, 2024 | Latest News, കേരളം
കോഴിക്കോട്: അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. എംടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റി വച്ചു.
ഭൗതിക ശരീരം കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിൽ പൊതുദർശനത്തിനു വച്ചു. അന്തിമോപചാരമർപ്പിക്കാൻ സാസ്കാരിക, സാഹിത്യ, രാഷ്ട്രീയ, സിനിമാ ലോകത്തെ പ്രമുഖരുടെ നിര തന്നെ എത്തുന്നുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. അദ്ദേഹത്തിന് 91 വയസായിരുന്നു.
Recent Comments