by Midhun HP News | May 8, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. സാമൂഹ്യമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലെ പാകിസ്ഥാന്‍ അനുകൂല ഹാന്‍ഡിലുകളില്‍ നിന്ന് വരുന്ന വ്യാജവാര്‍ത്തകളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഭീകര ക്യാംപുകള്‍ക്കെതിരെ ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആക്രമണത്തിന് പിന്നാലെ വന്‍തോതില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണിത്. ആക്രമണങ്ങള്‍ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പാകിസ്ഥാന്‍ അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം അക്കൗണ്ടുളില്‍ പലതും വിദേശത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനങ്ങള്‍ തദ്ദേശ സര്‍ക്കാരുകള്‍, സായുധ സേനകള്‍ എന്നിവയുമായി ഏകോപനം ശക്തമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പ്രശ്‌ന ബാധിത പ്രദേശങ്ങളുമായി ആശയവിനിമയ ബന്ധങ്ങള്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.
by Midhun HP News | May 8, 2025 | Latest News, കേരളം
ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷ മെയ് 13 മുതല്‍ ആരംഭിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ എട്ടാം തീയതി മുതലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് cuet.nta.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
അഡ്മിറ്റ് കാര്‍ഡിലാണ് പരീക്ഷാ കേന്ദ്രത്തിന്റെ പേര്, പരീക്ഷാ തീയതി, ഷിഫ്റ്റ് സമയം, നിര്‍ദ്ദേശങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ഉണ്ടാവുക. അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് നാലുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പരീക്ഷാ ദിവസം വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം അഡ്മിറ്റ് കാര്‍ഡും കൊണ്ടുവരണം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ പട്ടിക അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിക്കും.
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്‌പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.
മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.
മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ
by Midhun HP News | May 8, 2025 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ – ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം. പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടര്‍ന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക് വെടിവയ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ പതിനാറ് പേര്‍ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
by Midhun HP News | May 8, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് കനത്ത പ്രഹരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ സഹോദരനുമായ അബ്ദുള്‍ റൗഫ് അസറും കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.
കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരിലും മുരിഡ്‌കെയിലുമാണ് ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്. ബഹാവല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതായി ഇന്നലെ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറും ഉള്‍പ്പെടുന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
‘കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരനാണ് അബ്ദുള്‍ റൗഫ് അസര്‍. അല്‍ഖ്വയ്ദ ഭീകരന്‍ ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടിയാണ് കാണ്ഡഹാര്‍ വിമാനം റാഞ്ചിയത്. അമേരിക്കന്‍-ജൂത പത്രപ്രവര്‍ത്തകനായ ഡാനിയേല്‍ പേളിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ഒമര്‍ സയീദ് ഷെയ്ഖിന്റെ നേതൃത്വത്തിലായിരുന്നു. ഒമര്‍ സയീദ് ഷെയ്ഖിന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് അബ്ദുള്‍ റൗഫ് അസറാണ്. 2002-ല്‍ പേളിന്റെ ക്രൂരമായ കൊലപാതകം ലോകമനഃസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു,’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
by Midhun HP News | May 8, 2025 | Latest News, ജില്ലാ വാർത്ത
ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കേരളത്തിലെ സ്‌കൂളുകള്‍ സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 100 വര്‍ഷം പിന്നിട്ട ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ക്ലാസ് മുറികള്‍ മുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ വരെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠന അന്തരീക്ഷം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിര്‍വചിക്കുന്നില്ല. സബ്ജക്ട് മിനിമം അവതരിപ്പിച്ചുകൊണ്ട് ഈ വര്‍ഷം മുതല്‍ ഒരു നിര്‍ണായക ചുവടുവെയ്പ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തി. പശ്ചാത്തലമോ സാഹചര്യമോ പരിഗണിക്കാതെ, ഓരോ വിദ്യാര്‍ഥിയും പഠനത്തിന്റെ ഓരോ ഘട്ടത്തിലും അത്യാവശ്യമായ അടിസ്ഥാന അക്കാദമിക് കഴിവുകള്‍ നേടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സബ്ജക്ട് മിനിമം കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനം വി.ജോയ് എം.എല്‍.എ നിര്‍വഹിച്ചു. ഒ.എസ് അംബിക എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിച്ചിരുന്നു.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന, പ്രഥമാധ്യാപിക സിന്ധു.എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | May 8, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നേതൃത്വം. നിലവിലെ കെപിസിസി അധ്യക്ഷനായ കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പകരം നിയമിച്ചു. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. കെ സുധാകരനെ പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശനും ആന്റോ ആന്റണിയെ അധ്യക്ഷനാക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിന് കെ സുധാകരന്‍ വഴങ്ങിയില്ല. തുടര്‍ന്ന് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുപ്പക്കാരനായ സണ്ണി ജോസഫിനെ കെ സുധാകരന്‍ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
2011 മുതല്‍ പേരാവൂര്‍ എംഎല്‍എയാണ് സണ്ണി ജോസഫ്. മുന്‍ ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. കെ സുധാകരന് പിന്നാലെയാണ് സണ്ണി ജോസഫ് കണ്ണൂര്‍ ഡിസിസി അധ്യക്ഷപദവിയിലെത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് എംഎം ഹസ്സനെ മാറ്റി, ആടൂര്‍ പ്രകാശിനാണ് ചുമതല. വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ് എംഎല്‍എ, എപി അനില്‍ കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപിയെയും നിയമിച്ചു.
Recent Comments