വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്‌താഹയജ്ഞം നവംബർ 2 ന് തുടങ്ങും

ആറ്റിങ്ങൽ വീരളം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭാഗവതസപ്താഹം നവംബർ 2നു (ഞായറാഴ്ച) തുടങ്ങി 9നു അവസാനിക്കും. വൈകിട്ട് 6.15-ന് ആചാര്യവരണം തുടർന്ന് ഉദ്ഘാടനസമ്മേളനം. തിങ്കളാഴ്ച വരാഹാവതാര വർണന. ചൊവ്വാഴ്ച വൈകീട്ട് 6.30-ന് സർവൈശ്വര്യപൂജ. ബുധനാഴ്ച നരസിംഹാവതാരപൂജ. വ്യാഴാഴ്ച ശ്രീകൃഷ്ണാവതാരവർണന. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഉണ്ണിയൂട്ട്, വൈകീട്ട് 5-ന് രുക്‌മിണീസ്വയംവര ഘോഷയാത്ര. ശനിയാഴ്ച കുചേലവൃത്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് കലശം, ആറാട്ട്, യജ്ഞസമർപ്പണം.

ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്‍ണവില 89,000ല്‍ താഴെ

ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ; സ്വര്‍ണവില 89,000ല്‍ താഴെ

കൊച്ചി: ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്നലെ വര്‍ധിച്ച പോലെ തന്നെ ഇന്ന് സ്വര്‍ണവില തിരിച്ചിറങ്ങുകയായിരുന്നു. ഇന്ന് പവന് 1400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ടു തവണകളായി 1400 രൂപ വര്‍ധിച്ചപ്പോള്‍ സ്വര്‍ണവില വീണ്ടും 90000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് കൂടിയത് പോലെ തന്നെ തിരിച്ചിറങ്ങുകയായിരുന്നു.

ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു

ചിറയിൻകീഴ് അഴൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീട്ടമ്മ മരണപ്പെട്ടു

അഴൂർ പഞ്ചായത്തിൽ താമസിക്കുന്ന വസന്ത 77 ആണ് ഇന്ന് ഉച്ചകഴിഞ്ഞ് മരണപ്പെട്ടത്. ഇവർ കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിന് തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പാണ് രക്ത പരിശോധനയിൽ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.

എസ്‌ഐആര്‍: നിയമ പോരാട്ടത്തിന് കളമൊരുങ്ങുന്നു, കോടതിയെ സമീപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

എസ്‌ഐആര്‍: നിയമ പോരാട്ടത്തിന് കളമൊരുങ്ങുന്നു, കോടതിയെ സമീപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കകരണവുമായി (എസ്ഐആര്‍) മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ നിയമ പരമായി നേരിടാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആര്‍ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികള്‍ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആര്‍ നടപടികള്‍ മാറ്റിവെക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.

യോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി എംവി ജയരാജന്‍ ഇന്നലെ തന്നെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സിപിഎം കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം. വിഷയം അഭിഭാഷകരുമായി ചര്‍ച്ച ചെയ്യുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ എസ്‌ഐആര്‍ നീട്ടാനാകില്ലെന്ന നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശവും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇനി ചര്‍ച്ചകള്‍ക്കിടയില്ലെന്ന കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടികള്‍ നിയമ നടപടി ആലോചിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവും നടപ്പാക്കേണ്ടതെന്നതാണ് രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് വച്ച പ്രധാന വിഷയം. ഇത് ആശക്കുഴപ്പം സൃഷ്ടിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം.വി ജയരാജന് പുറമെ സണ്ണി ജോസഫ് (കോണ്‍ഗ്രസ്) സി.പി. ചെറിയ മുഹമ്മദ് (മുസ്‌ലിം ലീഗ്), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്- എം), ജോയി ഏബ്രാഹാം (കേരള കോണ്‍ഗ്രസ്) പി.ജി. പ്രസന്നകുമാര്‍ (ആര്‍.എസ്.പി) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്

തിരുവനന്തപുരത്ത് മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു, ആക്രമണം പൊട്ടിയ മദ്യക്കുപ്പികൊണ്ട്

തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗം ഉപയോഗിച്ചായിരുന്നു ആക്രമണം.

മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി. മുന്‍ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് മകന്‍ അജയകുമാര്‍. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഈ വിഷയത്തില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തതോടെ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം. ഭാര്യയുമായി അകന്നതിന് ശേഷം അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്.

ന്യൂനമര്‍ദ്ദം; ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, ‘കള്ളക്കടലില്‍’ ജാഗ്രത

ന്യൂനമര്‍ദ്ദം; ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, ‘കള്ളക്കടലില്‍’ ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുന്ന നാലുദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ആന്ധ്രാപ്രദേശില്‍ കര കയറിയ മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം തുടരുകയാണ്. വരും മണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് കര തൊട്ടതോടെ ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തീരത്ത് കാറ്റ് വീണ്ടും ദുര്‍ബലമാകും. ഇതോടൊപ്പം ഈര്‍പ്പവും കുറയും. വരും ദിവസങ്ങളില്‍ പൊതുവെ മഴ ദുര്‍ബലമായിരിക്കും. ഒറ്റപെട്ട മഴയ്ക്ക് മാത്രമാണ് സാധ്യത ഉള്ളത്. എന്നാല്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 2.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരത്ത് 0.9 മുതല്‍ 1.0 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാന്‍ സാധ്യത. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.