by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഴൂർ പഞ്ചായത്തിൽ ചിലമ്പിൽ പറകോണത്ത് കൂറ്റൻ ഇലവ്മരം റോഡിന് കുറുകേ വൈദ്യൂതി ലൈനിലൂടെ ചരുവിള വീട്ടിൽ ഓമനയുടെ വീടിന് മുകളിൽ വീണു. ഓമനയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ഓമനയെ കൂടാതെ മകനും 5 വയസ്സുള്ള കൊച്ചുമകനും വീട്ടിലുണ്ടായിരുന്നു.
പച്ചക്കട്ട കെട്ടി ഷീറ്റ് മേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞ് പോയെങ്കിലും വൻ ദുരന്തമാണ് ഒഴിവായത്. രാത്രി 1 മണിയോടെയാണ് സംഭവം. സംഭവം നടന്ന ഉടൻ ഓമനയുടെ മകൻ അമ്മയെ കട്ടകളുടെ ഇടയിൽ നിന്നും അമ്മയെ രക്ഷിച്ച് വീടിന് പുറത്ത് കൊണ്ടുവന്നു. ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഒഫീസർമാരായ മുഹമ്മദ് സാഗർ, ജിഷ്ണു, സാൻ, ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ, ഹോം ഗാർഡ് പ്രജീവ് എന്നിവരാണ് മരം മുറിച്ച് മാറ്റി രക്ഷാപ്രവർത്തനം നടത്തിയത്.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന് പലിശയിനത്തിൽ ബാങ്ക് അകാരണമായി വാങ്ങിയ തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി. 18,9873 ദിര്‍ഹം പരാതിക്കാരന് തിരികെ നല്കാന് കൊമേഴ്സ്യല്‍ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് നേരിട്ട സാമ്പത്തിക, ധാര്‍മിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 25,000 ദിര്‍ഹം ബാങ്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2015ലാണ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പരാതിക്കാരന് ലഭിച്ചത്. അന്ന് മുതൽ 10 വർഷം തുടർച്ചയായി കാർഡ് ഉപയോഗിച്ച് വരുകയും കൃത്യസമയത്ത് പണം അടയ്ക്കുകയും ചെയ്തു. എന്നാൽ വിവിധ തരത്തിലുള്ള പലിശകളിലായി ബാങ്ക് നിരത്തരം ഇയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചു കൊണ്ടേയിരുന്നു.
ഏറ്റവും ഒടുവിൽ പരാതിയുമായി ബാങ്കിനെ സമീപിച്ചപ്പോൾ 1,15,185 ദിര്‍ഹം കൂടി ഇനി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. കോടതി വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ ഒരു സാമ്പത്തിക വിദഗ്ധനെ ഏർപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ ഒമ്പത് ശതമാനമായി കണക്കാക്കി പരാതിക്കാരൻ അടച്ച തുകയും ബാങ്ക് വായ്പ നൽകിയ തുകയും തമ്മിൽ കണക്കു കൂട്ടി.
10,64,879 ദിര്‍ഹമായിരുന്നു പരാതിക്കാരന് ബാങ്കിൽ നിന്ന് വായ്പയായി എടുത്തത്. ഇയാൾ 2,65,484 ദിര്‍ഹം തിരിച്ചടച്ചതായും കണ്ടെത്തി. സാമ്പത്തിക വിദഗ്ധന്റെ റിപ്പോർട്ട് പരിഗണിച്ച് ബാങ്ക് അധികമായി ഈടാക്കിയ 1,15,185 ദിർഹം തിരിച്ചു നൽകാൻ കോടതി ഉത്തരവിടുക ആയിരുന്നു.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള തലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പറയുന്നത്. 2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങള്‍ പ്രതിവർഷം വിവിധ തരത്തിലുള്ള വായു മലിനീകരണങ്ങളെ തുടര്‍ന്നു ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത് എന്നിരിക്കെയാണ് കണക്കിലെ ഇന്ത്യയുടെ അവസ്ഥ വെളിവാകുന്നത്.
ഇന്ത്യയിലെ വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 44 ശതമാനവും (752,000) ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതില്‍ കല്‍ക്കരി, ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി മാത്രം 394,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ഉപയോഗമാണ് ഇതിലെ 298,000 മരണങ്ങള്‍ക്ക് കാരണം. റോഡ് ഗതാഗതത്തിന് പ്രട്രോള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണം 269,000 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രാജ്യത്ത് കാട്ടു തീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്ക് കാരണമായെന്നാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍. കാട്ടുതീ ഉണ്ടാക്കിയ പുക ഇത് 2003 മുതല്‍ 2012 കാലയളവില്‍ 28 ശതമാനം വര്‍ധനവാണ് ഈ കണക്കില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാര്‍ഹിക വായു മലിനീകരണം മൂലം 100,000 ആളുകളില്‍ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. 2022 ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ആണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022 ല്‍ ഇന്ത്യയില്‍ പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തിക ചെലവ് ജിഡിപിയുടെ 9.5 ശതമാനത്തിന് തുല്യമായ 339.4 ബില്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: ഓസ്ട്രേലിയൻ ആട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പോത്തിറച്ചി വിൽപന നടത്തിയ സംഘത്തെ പിടികൂടി. അറവു ശാല കേന്ദ്രികരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
വ്യാജ ബില്ലുകളും ഇൻവോയ്സുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ആട്ടിറച്ചി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നിരവധി വ്യാജ ബില്ലുകളും ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് ശീതീകരിച്ച ശേഷം പ്രത്യേക ആകൃതിയിൽ മുറിച്ചെടുത്താണ് ഓസ്‌ട്രേലിയൻ ആട്ടിറച്ചിയെന്ന പേരിൽ വിൽപ്പന നടത്തിയത്. ഷോപ്പുകളിൽ നിന്ന് ഈ ഇറച്ചി വാങ്ങി ഉപയോഗിച്ചവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ മാംസവും കണ്ടെത്തി അധികൃതർ നശിപ്പിച്ചു. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ചതിനും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.


by Midhun HP News | Oct 29, 2025 | Latest News, കേരളം
തൊടുപുഴ: ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരിക്കേറ്റത്. മുട്ടിന് താഴെയാണ് മുറിച്ചുമാറ്റിയത്. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സന്ധ്യയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഇതുവരെ ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികൃതര്‍ ആരും വിളിക്കുന്നില്ലെന്നും സന്ധ്യയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.
അടിമാലി കൂമ്പന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭര്‍ത്താവ് നെടുമ്പള്ളിക്കുടിയില്‍ ബിജു (45) മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനകം അപകടം സംഭവിക്കുകയായിരുന്നു.രാത്രി 10.20നുണ്ടായ അപകടത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. നെയ്യാറ്റിൻകര തീരദേശ മേഖലയിൽ ഉള്ളവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ചന്തകളിൽ നിന്ന് ചെമ്പല്ലി ഇനത്തിൽപ്പെട്ട മീൻ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഏകദേശം 35 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയോടുകൂടിയാണ് കുട്ടികളുൾപ്പടെയുള്ളവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കുറച്ചുപേരെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അടക്കമുള്ള കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമായി തുടരുകയാണ്.


Recent Comments