അഗതി മന്ദിരത്തില്‍ കൊലക്കേസ്; പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

അഗതി മന്ദിരത്തില്‍ കൊലക്കേസ്; പാസ്റ്റര്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂര്‍: അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ കൂനമ്മാവില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരമായ ഇവാഞ്ചലോയുടെ നടത്തിപ്പുകാരനായ പാസ്റ്റര്‍ ഫ്രാന്‍സിസ് (65), ആരോമല്‍ , നിതിന്‍, എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍ വെച്ച്് എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശനാണ് (44) ക്രൂരമായി മര്‍ദനമേറ്റത്. 18ന് വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് സുദര്‍ശനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് പിടികൂടി. മനോനില ശരിയല്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ആണ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിച്ചത്. അവിടെ വച്ച് മാനസിക പ്രശ്‌നമുള്ളവര്‍ തമ്മില്‍ വഴക്ക് ഉണ്ടായി. അതിനിടെ സുദര്‍ശനെ നിയന്ത്രിക്കാന്‍ വേണ്ടി നടത്തിപ്പുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കൊടുങ്ങല്ലൂര്‍ പൊലീസിന്റെ കണ്ടെത്തല്‍.

മര്‍ദനത്തെ തുടര്‍ന്ന് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്റെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. അവശനിലയില്‍ കണ്ട സുദര്‍ശനെ കൊടുങ്ങല്ലൂര്‍ പൊലീസ് ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുദര്‍ശന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.

‘നാളെ തിരുവനന്തപുരത്ത് ചേരാം’; ഭക്ഷ്യവകുപ്പ് യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

‘നാളെ തിരുവനന്തപുരത്ത് ചേരാം’; ഭക്ഷ്യവകുപ്പ് യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി

കൊച്ചി: സിപിഎം- സിപിഐ അതൃപ്തി രൂക്ഷമാകുന്നതിനിടെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ചുചേര്‍ത്ത യോഗം മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗത്തില്‍ മില്ലുടമകള്‍ പങ്കെടുത്തില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുകയായിരുന്നു. എറണാകുളം ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രിമാരായ ജിആര്‍ അനില്‍, പി പ്രസാദ്, കെഎന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ എത്തിയിരുന്നു.

രാവിലെ ഒന്‍പത് മണിക്ക് യോഗത്തിനെത്തിയ മുഖ്യമന്ത്രി മില്ലുടമകള്‍ എത്തിയില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉദ്യാഗസ്ഥരെ മാത്രമേ ക്ഷണിച്ചുള്ളുവെന്ന് അറിയിച്ചപ്പോള്‍ അതില്‍ ക്ഷുഭിതനായി ഇറങ്ങിപ്പോകുകയായിരുന്നു. നേരത്തെ ഓണ്‍ലൈനായി വിളിച്ച യോഗം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ചാണ് ഓഫ്‌ലൈനായി ചേരാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിലുണ്ടാകുകയെന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരുന്നെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രി അത് കേള്‍ക്കാന്‍ തയ്യാറായില്ല. പോകുന്ന വഴിക്ക് നാളെ തിരുവനന്തപുരത്ത് യോഗം ചേരാമെന്ന് മുഖ്യമന്ത്രി പറയുകയുമായിരുന്നു. നാളെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഭക്ഷ്യവകുപ്പിന്റെ യോഗം ചേരുക. എന്നാല്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ യോഗം നടക്കുമോയെന്ന കാര്യം ഉറപ്പില്ല.

ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ചു; ആര്‍ഡിഒയ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ചു; ആര്‍ഡിഒയ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് കണക്കിലെടുക്കാതെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച തിരൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ക്ക് (ആര്‍ഡിഒ) 10,000 രൂപ പിഴചുമത്തി ഹൈക്കോടതി. മലപ്പുറം പൊന്നാനി സ്വദേശി എ ബി സുജയ്യയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്.

ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് പൊന്നാനി വട്ടക്കുളം വില്ലേജില്‍ 12 സെന്റിലധികം സ്ഥലമുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കെട്ടിടം നിര്‍മിച്ചതാണ്. തുടര്‍ന്നാണ് തരംമാറ്റുന്നതിന് അപേക്ഷ നല്‍കിയത്. ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കലക്ടര്‍ അപേക്ഷ ആര്‍ഡിഒയ്ക്ക് കൈമാറി.

ഭൂമി ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാതെ ആര്‍ഡിഒ വീണ്ടും അപേക്ഷ തള്ളി. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സ്ഥലം ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും സമീപ സ്ഥലങ്ങള്‍ തരംമാറ്റാന്‍ ആര്‍ഡിഒ അനുമതി നല്‍കിയെന്നതും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിക്ക് കോടതിയിലെത്തേണ്ട സാഹചര്യം സൃഷ്ടിച്ചത് നിഷേധാത്മക സമീപനത്തിന്റെ ഫലമായിട്ടാണെന്ന് വിലയിരുത്തിയാണ് പിഴ. ആര്‍ഡിഒ സ്വന്തംകൈയില്‍നിന്ന് ഹര്‍ജിക്കാരിക്ക് നേരിട്ട് പണം നല്‍കണം. അപേക്ഷയില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനവുമെടുക്കണം.

സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത

സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത

തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നാണിത്. പവര്‍ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളില്‍ കുളമാവിനു സമീപമുള്ള ടണലുകള്‍ (പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ) വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. തൊടുപുഴയാറിലേക്കാണ് ഇവിടെ നിന്നും പുറന്തള്ളുന്ന ജലം എത്തിച്ചേരുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ് വാരത്ത് ഭൂമിക്കടിയിലാണ് പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഇടുക്കി ജലസംഭരണിയും ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ,കുളമാവ് അണക്കെട്ടുകളും ,ഏഴു ഡൈവേര്‍ഷന്‍ അണക്കെട്ടുകളും മൂലമറ്റം പവര്‍ ഹൗസുമാണ് ഉള്‍പ്പെടുന്നത്.

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഭൂഗര്‍ഭജലനിരപ്പ് ശരാശരി 1.6 മീറ്റര്‍ ഉയര്‍ന്നതായി കണ്ടെത്തല്‍. സംസ്ഥാന ഭൂഗര്‍ഭജലവകുപ്പിന്റെ കണക്കാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തുടനീളമുള്ള 819 നിരീക്ഷണ കിണറുകളില്‍ നിന്ന് പ്രതിമാസം ശേഖരിച്ച സാംപിളുകള്‍ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. 446 തുറന്ന കിണറുകളും 373 കുഴല്‍ക്കിണറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയാതെ നിലനിര്‍ത്തുന്നതിന് 2020 മുതല്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളൂടെ നിരവധി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭജല വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വാര്‍ഷിക ഭൂഗര്‍ഭജല ശേഖരണ അളവിലും സ്ഥിരമായ പുരോഗതി കാണിക്കുന്നുണ്ട്. 2023-ല്‍ 5 ബില്യണ്‍ ക്യുബിക് മീറ്ററില്‍ നിന്ന് 2024-ല്‍ 5.13 ബില്യണ്‍ ക്യുബിക് മീറ്ററായി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മിക്ക ജില്ലകളിലും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. കാസര്‍കോടാണ് ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. ശരാശരി 3 മീറ്റര്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ 2 മീറ്റര്‍ വീതം വര്‍ദ്ധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം,മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ശരാശരി ഒരു മീറ്ററോളം ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം (കഴക്കൂട്ടം), തിരൂരങ്ങാടി (മലപ്പുറം), കാഞ്ഞങ്ങാട് (കാസര്‍കോട്) എന്നിവിടങ്ങളിലെ തുറന്ന കിണറുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷന്‍ (കൊല്ലം), കോന്നി, റാന്നി (പത്തനംതിട്ട), അരീക്കോട് (മലപ്പുറം), പാറക്കടവ് (എറണാകുളം) എന്നിവിടങ്ങളിലെ കുഴല്‍ക്കിണറുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. കൃത്യമായ കുറവ് ഇതുവരെ ലഭ്യമല്ലെങ്കിലും, 0.5 മുതല്‍ 1 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നതായി കണക്കാക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഭൂഗര്‍ഭജല വകുപ്പിന്റെ വിദഗ്ദ്ധ സംഘം ഈ മേഖലകളില്‍ ജലനിരപ്പ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയുന്നതിനായി വിശദമായ പഠനം നടത്തിവരികയാണ്.

ഗതാഗത അറിയിപ്പ്

ഗതാഗത അറിയിപ്പ്

ചിറയിന്‍കീഴ്: നിര്‍മ്മാണം പുര്‍ത്തിയായ ചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ഭാരപരിശോധന നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം രാത്രി (27.10.25) മുതല്‍ ബുധനാഴ്ച്ച രാത്രി 10 മണിവരെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി റോഡ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഭാരപരിശോധനയ്ക്കായി പാലം പുര്‍ണ്ണമായും അടച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇതിനായി എല്ലാപേരും സഹരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.