ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ചു; ആര്‍ഡിഒയ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ചു; ആര്‍ഡിഒയ്ക്ക് 10,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് കണക്കിലെടുക്കാതെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച തിരൂര്‍ റവന്യൂ ഡിവിഷന്‍ ഓഫീസര്‍ക്ക് (ആര്‍ഡിഒ) 10,000 രൂപ പിഴചുമത്തി ഹൈക്കോടതി. മലപ്പുറം പൊന്നാനി സ്വദേശി എ ബി സുജയ്യയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്.

ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് പൊന്നാനി വട്ടക്കുളം വില്ലേജില്‍ 12 സെന്റിലധികം സ്ഥലമുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കെട്ടിടം നിര്‍മിച്ചതാണ്. തുടര്‍ന്നാണ് തരംമാറ്റുന്നതിന് അപേക്ഷ നല്‍കിയത്. ഇത് നിഷേധിച്ചതിനെത്തുടര്‍ന്ന് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കി. നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. എത്രയുംവേഗം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കലക്ടര്‍ അപേക്ഷ ആര്‍ഡിഒയ്ക്ക് കൈമാറി.

ഭൂമി ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാതെ ആര്‍ഡിഒ വീണ്ടും അപേക്ഷ തള്ളി. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സ്ഥലം ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നതും സമീപ സ്ഥലങ്ങള്‍ തരംമാറ്റാന്‍ ആര്‍ഡിഒ അനുമതി നല്‍കിയെന്നതും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരിക്ക് കോടതിയിലെത്തേണ്ട സാഹചര്യം സൃഷ്ടിച്ചത് നിഷേധാത്മക സമീപനത്തിന്റെ ഫലമായിട്ടാണെന്ന് വിലയിരുത്തിയാണ് പിഴ. ആര്‍ഡിഒ സ്വന്തംകൈയില്‍നിന്ന് ഹര്‍ജിക്കാരിക്ക് നേരിട്ട് പണം നല്‍കണം. അപേക്ഷയില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനവുമെടുക്കണം.

സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത

സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത

തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നാണിത്. പവര്‍ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളില്‍ കുളമാവിനു സമീപമുള്ള ടണലുകള്‍ (പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ) വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. തൊടുപുഴയാറിലേക്കാണ് ഇവിടെ നിന്നും പുറന്തള്ളുന്ന ജലം എത്തിച്ചേരുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്നും 46 കിലോമീറ്റര്‍ ദൂരത്തായി നാടുകാണി മലയുടെ താഴ് വാരത്ത് ഭൂമിക്കടിയിലാണ് പവര്‍ഹൗസ് സ്ഥാപിച്ചിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയില്‍ ഇടുക്കി ജലസംഭരണിയും ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി ,കുളമാവ് അണക്കെട്ടുകളും ,ഏഴു ഡൈവേര്‍ഷന്‍ അണക്കെട്ടുകളും മൂലമറ്റം പവര്‍ ഹൗസുമാണ് ഉള്‍പ്പെടുന്നത്.

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പില്‍ വര്‍ധന, കണക്കുകളിങ്ങനെ

തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഭൂഗര്‍ഭജലനിരപ്പ് ശരാശരി 1.6 മീറ്റര്‍ ഉയര്‍ന്നതായി കണ്ടെത്തല്‍. സംസ്ഥാന ഭൂഗര്‍ഭജലവകുപ്പിന്റെ കണക്കാണിത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്തുടനീളമുള്ള 819 നിരീക്ഷണ കിണറുകളില്‍ നിന്ന് പ്രതിമാസം ശേഖരിച്ച സാംപിളുകള്‍ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. 446 തുറന്ന കിണറുകളും 373 കുഴല്‍ക്കിണറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയാതെ നിലനിര്‍ത്തുന്നതിന് 2020 മുതല്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളൂടെ നിരവധി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭജല വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വാര്‍ഷിക ഭൂഗര്‍ഭജല ശേഖരണ അളവിലും സ്ഥിരമായ പുരോഗതി കാണിക്കുന്നുണ്ട്. 2023-ല്‍ 5 ബില്യണ്‍ ക്യുബിക് മീറ്ററില്‍ നിന്ന് 2024-ല്‍ 5.13 ബില്യണ്‍ ക്യുബിക് മീറ്ററായി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. മിക്ക ജില്ലകളിലും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ന്നതായി പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നു. കാസര്‍കോടാണ് ഏറ്റവും ഉയര്‍ന്ന കണക്ക് രേഖപ്പെടുത്തിയത്. ശരാശരി 3 മീറ്റര്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ 2 മീറ്റര്‍ വീതം വര്‍ദ്ധിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം,മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ശരാശരി ഒരു മീറ്ററോളം ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലനിരപ്പില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം (കഴക്കൂട്ടം), തിരൂരങ്ങാടി (മലപ്പുറം), കാഞ്ഞങ്ങാട് (കാസര്‍കോട്) എന്നിവിടങ്ങളിലെ തുറന്ന കിണറുകളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷന്‍ (കൊല്ലം), കോന്നി, റാന്നി (പത്തനംതിട്ട), അരീക്കോട് (മലപ്പുറം), പാറക്കടവ് (എറണാകുളം) എന്നിവിടങ്ങളിലെ കുഴല്‍ക്കിണറുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. കൃത്യമായ കുറവ് ഇതുവരെ ലഭ്യമല്ലെങ്കിലും, 0.5 മുതല്‍ 1 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നതായി കണക്കാക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ഭൂഗര്‍ഭജല വകുപ്പിന്റെ വിദഗ്ദ്ധ സംഘം ഈ മേഖലകളില്‍ ജലനിരപ്പ് കുറയുന്നതിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയുന്നതിനായി വിശദമായ പഠനം നടത്തിവരികയാണ്.

ഗതാഗത അറിയിപ്പ്

ഗതാഗത അറിയിപ്പ്

ചിറയിന്‍കീഴ്: നിര്‍മ്മാണം പുര്‍ത്തിയായ ചിറയിന്‍കീഴ് റെയില്‍വെ ഓവര്‍ബ്രിഡ്ജിന്റെ ഭാരപരിശോധന നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം രാത്രി (27.10.25) മുതല്‍ ബുധനാഴ്ച്ച രാത്രി 10 മണിവരെ ഗതാഗതം നിരോധിച്ചിരിക്കുന്നതായി റോഡ് ആന്റ് ബ്രിഡ്ജ്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഭാരപരിശോധനയ്ക്കായി പാലം പുര്‍ണ്ണമായും അടച്ച് പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ട്. ഇതിനായി എല്ലാപേരും സഹരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഒറ്റയടിക്ക് ഇടിഞ്ഞത് 21 പൈസ; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ഒറ്റയടിക്ക് ഇടിഞ്ഞത് 21 പൈസ; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യന്‍ ഇറക്കുമതിക്ക് മേലുള്ള അമേരിക്കന്‍ തീരുവ 20 ശതമാനത്തിലും താഴെയായി കുറയ്ക്കുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 87.60 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യം വര്‍ധിച്ചിരുന്നു.

എന്നാല്‍ ഇത് താത്കാലികം മാത്രമാണ് എന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍ രൂപ വീണ്ടും ശക്തിയാര്‍ജിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല.

രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്.

രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ പരിശോധന നടത്തിയിട്ടും രേഖകള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പമ്പയിലും ആറന്‍മുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോര്‍ഡും സംശയിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. ഉദ്യോഗസ്ഥരോട് രേഖകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ എസ്‌ഐടിക്ക് കസ്റ്റഡിയില്‍ നല്‍കുന്നതില്‍ കോടതി തീരുമാനമെടുക്കും. കഴിഞ്ഞദിവസം എസ്‌ഐടി നല്‍കിയ പ്രൊഡക്ഷന്‍ വാറന്റാണ് റാന്നി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഇന്ന് തന്നെ കസ്റ്റഡി അനുവദിക്കാനാണ് സാധ്യത. ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെയാണ്. അത് തീരും മുന്‍പ് ഇരുവരെയും കൊണ്ട് ഒന്നിച്ച് തെളിവെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി 29-ന് മുമ്പ് മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബു, സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ പുറത്തേക്കുകൊണ്ടുപോയ കേസില്‍ ആറാം പ്രതിയാണ്. മുരാരി ബാബു തട്ടിപ്പിന് പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.