by Midhun HP News | Oct 25, 2025 | Latest News, കേരളം
തിരുവവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. അതേസമയം അറബിക്കടലിയും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ചുളലിക്കാറ്റാകാനും സാധ്യതയുണ്ട്.
മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായാണ് തീവ്രന്യൂനമര്‍ദം രൂപപ്പെട്ടത്. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 25-നകം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബര്‍ 26-നകം തീവ്രന്യൂനമര്‍ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27-നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയൃുണ്ടെന്നാണ് മുന്നറിയിപ്പ്.
ഒക്ടോബര്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങള്‍, മധ്യ കിഴക്കന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Oct 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമര്‍ദം രൂപപ്പെട്ടതായി കലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീവ്രന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മേല്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി അറബിക്കടല്‍ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ഒക്ടോബര്‍ 25-നകം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാനും, ഒക്ടോബര്‍ 26-നകം തീവ്രന്യൂനമര്‍ദമായും, തുടര്‍ന്ന് ഒക്ടോബര്‍ 27-നു രാവിലെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യത.
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യത. ഇന്ന് (ഒക്ടോബര്‍ 24) ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒക്ടോബര്‍ 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


by Midhun HP News | Oct 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കേരളത്തിന് 28 കോടി യുഎസ് ഡോളര്‍ വായ്പ അനുവദിച്ചതായി ലോക ബാങ്ക്. 1.10 കോടി വയോധികര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിനാണ് ആരോഗ്യ പദ്ധതിക്കായി തുക അനുവദിച്ചിരിക്കുന്നത്. വായ്പ തിരിച്ചടവിന് 25 വര്‍ഷമാണ് കാലാവധി. അഞ്ച് വര്‍ഷത്തെ ഗ്രേസ് പിരീഡും ലഭിക്കും.
സംസ്ഥാനത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുളള 90 ശതമാനത്തിലധികം രോഗികളെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിടപ്പിലായവര്‍ക്കും ദുര്‍ബലരായവര്‍ക്കും വീടുകളില്‍ പരിചരണം നല്‍കുന്ന മാതൃകയും നടപ്പാക്കുകയാണ് ലക്ഷ്യം. ‘കേരളത്തിലെ 1.10 കോടി വരുന്ന വയോധികരും ദുര്‍ബലരുമായ ആളുകളുടെ ആയുര്‍ദൈര്‍ഘ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് ലോക ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.’ ലോക ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഇ-ഹെല്‍ത്ത് സേവനങ്ങള്‍, സംയോജിത ഡാറ്റ പ്ലാറ്റ്ഫോമുകള്‍, മെച്ചപ്പെടുത്തിയ സൈബര്‍ സുരക്ഷ എന്നിവയിലൂടെ ഇത് കേരളത്തിന്റെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍, സ്തനാര്‍ബുദ പരിശോധന എന്നിവ ഉറപ്പാക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് ലോകബാങ്കിന്റെ ഇന്ത്യയിലെ ആക്ടിങ് കണ്‍ട്രി ഡയറക്ടര്‍ പോള്‍ പ്രോസി പറഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്റിബയോട്ടിക് ഉപയോഗത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും സ്വീകരിക്കുകയും രോഗികള്‍ക്ക് ലബോറട്ടറി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കി ജന്തുജന്യ രോഗങ്ങള്‍ വേഗത്തില്‍ കണ്ടെത്തുകയും ചെയ്യും.


by Midhun HP News | Oct 24, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
തെന്നിന്ത്യൻ സിനിമയിൽ ലോക ചാപ്റ്റർ 1 ചന്ദ്ര ഉണ്ടാക്കിയ ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിൽ നായികയായെത്തിയത്.
നസ്‌ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. രണ്ടാം ഭാഗമായ ‘ലോക: ചാപ്റ്റര്‍ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍. ചാത്തന്റെ കഥയാണ് രണ്ടാം ഭാഗം പറയുക. മലയാളത്തിലെ ആദ്യ 300 കോടി ചിത്രവും ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ആണ്.


by Midhun HP News | Oct 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെ പ്രശംസിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിഷയം കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉള്‍പ്പടെ ടാഗ് ചെയ്ത് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് മന്ത്രാലയത്തിന്റെ അഭിനന്ദന കുറിപ്പ്.
കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ല് എന്നാണ് നടപടിയെ വിദ്യാഭ്യാസ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ കേരളത്തിലെ സ്‌കൂളുകള്‍ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകും. സ്മാട്ട് ക്ലാസ് റൂമുകള്‍, അനുഭവ പഠനം, നൈപുണ്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം പ്രകാരം സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ ശോഭനമായ ഭാവിക്കായി ഗുണനിലവാരമുള്ളതും, സമഗ്രവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് കേരളത്തിന് ഒപ്പം പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുകയാണ്. മുന്നണിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉന്നയിച്ചിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പാണുള്ളത്. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകളും ഇതിനോടകം എതിര്‍പ്പ് ഉന്നയിച്ച് രംഗത്തെത്തി. സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നാണ് എഐഎസ്എഫിന്റെ വിമര്‍ശനം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ നടപടിയെന്ന് കെഎസ് യു കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണ്. ഇത് ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. പിഎം ശ്രീയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ ഒറ്റുകയാണെന്ന എംഎസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയുണ്ടെന്നാണ് എസ്എഫ്ഐയുടെയും പ്രതികരണം. പാഠപുസ്തകങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതും കരിക്കുലത്തില്‍ ഇടപെടുന്നതും അനുവദിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിലുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണമാണ് പ്രശ്‌നം. എസ്എഫ്‌ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ അറിയിച്ചു.


by Midhun HP News | Oct 24, 2025 | Latest News, കേരളം
കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി തീരുമാനം. ഭരണഘടന അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചു.
ഉന്നത നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു. എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു.


Recent Comments