ഇന്റര്‍ മയാമിയുടെ തലവര മാറ്റിയ ഇതിഹാസം! ലയണല്‍ മെസി തുടരും…

ഇന്റര്‍ മയാമിയുടെ തലവര മാറ്റിയ ഇതിഹാസം! ലയണല്‍ മെസി തുടരും…

ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ടീം ഇന്റര്‍ മയാമിയില്‍ തുടരും. താരം പുതിയ കരാറില്‍ ഒപ്പുവച്ചു. 2028 വരെ താരം മയാമിയ്ക്കായി കളിക്കും.ബാഴ്‌സലോണ ഇതിഹാസ താരമായ മെസ്സി ഫ്രഞ്ച് ടീം പിഎസ്ജിയില്‍ നിന്നാണ് എംഎല്‍എസ് ടീമിലേക്കെത്തുന്നത്. താരത്തിന്റെ വരവ് ടീമിന്റെ തലവര മാറ്റുന്നതായും മാറി. മെസി വന്ന ശേഷം ക്ലബ് അവരുടെ കന്നി കിരീട നേട്ടങ്ങള്‍ ആഘോഷിച്ചു.

2023ല്‍ ലീഗ് കപ്പ് സമ്മാനിച്ചാണ് മെസി ക്ലബിന്റെ ചരിത്രം തിരുത്തിയത്. 2024ല്‍ എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് കിരീടം. 2023ല്‍ ലീഗ്‌സ് കപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മെസിക്കായിരുന്നു. ടോപ് സ്‌കോററും മെസി തന്നെ. പത്ത് ഗോളും 7 അസിസ്റ്റും താരത്തിന്റെ പേരിലായിരുന്നു.

2024ല്‍ 36 ഗോളും 20 അസിസ്റ്റുമായി തിളങ്ങിയ മെസി ലണ്ടന്‍ ഡോണോവാന്‍ എംവിപി പുരസ്‌കാരവും നേടി. ഈ സീസണില്‍ 29 ഗോളുകള്‍ നേടി എംഎല്‍എസ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും മെസി തന്നെ. ക്ലബിന്റെ ചരിത്രത്തില്‍ തന്നെ ഈ അവാര്‍ഡ് നേടുന്ന ആദ്യ താരമായും മെസി മാറി.

അന്താരാഷ്ട്ര വേദിയില്‍ ഇന്റര്‍ മയാമിയെ ക്ലബ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാന്‍ മെസിയുടെ മികവിനു സാധിച്ചു. കോണ്‍കാകാഫ് ചാംപ്യന്‍സ് കപ്പിന്റെ സെമിയിലേക്ക് ടീമിനെ നയിക്കാനും മെസിക്കായി. ടീമിനായി 82 കളിയില്‍ 71 ഗോളുകളും 44 അസിസ്റ്റുകളും താരം ഇതുവരെ നേടിയിട്ടുണ്ട്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളുള്ള അപൂര്‍വം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മെസി. 46 കിരീടങ്ങള്‍ മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, അര്‍ജന്റീന, പിഎസ്ജി, ഇന്റര്‍ മയാമി ടീമുകള്‍ക്കൊപ്പമാണ് നേട്ടം.

2022ലെ ഫിഫ ലോകകപ്പ്, 2 കോപ്പ അമേരിക്ക കിരീടം, 4 ചാംപ്യന്‍സ് ലീഗ്, ഒരു ഒളിംപിക്‌സ് സ്വര്‍ണം, 3 ഫിഫ ക്ലബ് ലോകകപ്പ്, 10 ലാ ലിഗ, 2 ലീഗ് വണ്‍, 7 സ്പാനിഷ് കപ്പ്, ഒരു ഫ്രഞ്ച് കപ്പ് അടക്കമുള്ള കിരീട നേട്ടങ്ങള്‍ കരിയറിന്റെ മാറ്റ് കൂട്ടുന്നു.

8 ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, 3 ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം, രണ്ട് ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍സ് പുരസ്‌കാരങ്ങള്‍, യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള 3 പുരസ്‌കരങ്ങള്‍, 6 യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, 6 ലാ ലിഗ മികച്ച താരത്തിനുള്ള പുരസ്‌കാരം, 8 പിചിചി ട്രോഫി, 16 അര്‍ജന്റീന ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ വ്യക്തിപരമായും താരം നേടിയിട്ടുണ്ട്.

‘ഗുരുവായൂരില്‍ നിന്ന് ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല, എല്ലാത്തിനും കൃത്യമായ കണക്കുണ്ട്’

‘ഗുരുവായൂരില്‍ നിന്ന് ഒരു തരി സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല, എല്ലാത്തിനും കൃത്യമായ കണക്കുണ്ട്’

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍. ദേവസ്വത്തിന്റെ ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ അറിയിച്ചു.

സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നിന്നും ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടിട്ടില്ല. നിത്യ ഉപയോഗത്തിനുള്ളവ മേല്‍ശാന്തിയുടെ സ്റ്റോക്കിലും ബാക്കിയുള്ളവ ഡബിള്‍ ലോക്കറിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണ്ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി പ്രതിനിധികളടക്കമുള്ള ഉദ്യോഗസ്ഥരുടെയും ഭക്തജന പ്രതിനിധികളുടെയും സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്.

സ്വര്‍ണ്ണ ബാറുകള്‍ ക്ഷേത്രത്തിലില്ല, ക്ഷേത്രാവശ്യങ്ങള്‍ക്ക് ശേഷമുള്ള സ്വര്‍ണം കേന്ദ്ര ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള മിന്റില്‍ ഉരുക്കി ബാറുകളാക്കി മുംബൈയിലെ എസ്ബിഐയുടെ ബുള്ള്യന്‍ ബ്രാഞ്ചിലെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ വരുമാനം നേടുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ശുദ്ധീകരണത്തിനായി ഏല്‍പ്പിക്കാറില്ലെന്നും ദേവസ്വം വ്യക്തമാക്കി.

ആനക്കൊമ്പ് സ്റ്റോക്കില്‍ ഇല്ലെന്ന വാര്‍ത്ത തീര്‍ത്തും അപഹാസ്യകരമാണ്. ആനക്കൊമ്പ് മുറിക്കുന്നത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമാണ്. മുറിച്ച കഷ്ണങ്ങളും പൊടിയടക്കം വനംവകുപ്പ് ഏറ്റെടുക്കുകയും അവരുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ചെലവ് മാത്രമാണ് ദേവസ്വം വഹിക്കുന്നത്. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ നടക്കുന്ന ഭണ്ഡാരം എണ്ണല്‍ ഹൈക്കോടതി നിയോഗിച്ച പ്രതിനിധികള്‍, തന്ത്രി, സാമൂതിരിയുടെ പ്രതിനിധി, എ.ജി. ഓഫീസ് പ്രതിനിധി, ദേവസ്വം അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലും നിരീക്ഷണത്തിലുമാണ്. പണത്തിന്റെയും സ്വര്‍ണ്ണം, വെള്ളി ഉള്‍പ്പെടെയുള്ളവയുടെ മുഴുവന്‍ വിവരങ്ങളും മാധ്യമങ്ങളെ അറിയിക്കാറുണ്ട്.

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശം ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിനും തിരിച്ചടി

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശം ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിനും തിരിച്ചടി

കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. സര്‍ക്കാരിനും മോഹന്‍ലാലിനും തിരിച്ചടിയാണ് കോടതി ഉത്തരവ്.

ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നടപടി നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാല്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ മോഹന്‍ലാലിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. നേരത്തെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി, മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് പതിച്ചുനല്‍കുകയും കേസ് പിന്‍വലിക്കുകയുമായിരുന്നു.

ആറ്റിങ്ങൽ ഏഷ്യാനെറ്റിൽ തൊഴിൽ അവസരം; ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്

ആറ്റിങ്ങൽ ഏഷ്യാനെറ്റിൽ തൊഴിൽ അവസരം; ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്

ആറ്റിങ്ങൽ ഏഷ്യാനെറ്റിൽ തൊഴിൽ അവസരം. ടെക്നീഷ്യന്മാരെ (ടെക്നീഷ്യൻ ട്രെയിനി) ആവശ്യമുണ്ട്. ഐടിഐ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോ ഡാറ്റ അയച്ചു തരേണ്ടതാണ്
മൊബൈൽ നമ്പർ: 8086011176

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം; 25ലേറെ മരണം

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം; 25ലേറെ മരണം

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം. കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ബസില്‍ നിന്ന് 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു.

പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.

ദേവസ്വം ബോർഡിൻ്റെ സ്വർണ്ണ കൊള്ളക്കെതിരെ ബിജെപിയുടെ പ്രതിഷേധം ചിറയിൻകീഴിലും

ദേവസ്വം ബോർഡിൻ്റെ സ്വർണ്ണ കൊള്ളക്കെതിരെ ബിജെപിയുടെ പ്രതിഷേധം ചിറയിൻകീഴിലും

ശബരിമലയിലെ ദ്വാരപാലകരുടെ മേൽ സ്ഥാപിച്ചിരുന്ന സ്വർണ്ണ പാളികൾ ഇളക്കി കൊണ്ട് പോയി വിറ്റതിനെതിരെ വ്യാപകമായി ബിജെപി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ ധർണ്ണ ഇന്നലെ ചിറയിൻകീഴിലും നടന്നു. സന്ധ്യയ്ക്ക് 6.30 ന് വലിയകടയിൽ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനം 7.00 മണിയോടെ ശാർക്കര ജംഗ്ഷനിലെത്തി ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു കൊണ്ട് അവസാനിപ്പിച്ചു. മണ്ഡലം സെക്രട്ടറി കോട്ടറക്കരി സുരേഷ് പ്രതിഷേധ ധർണ്ണ ഉത്ഘടം ചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ ശങ്കർ, മണ്ഡലം വൈസ് വൈസ് പ്രസിഡൻ്റ് മഞ്ചു, ചിറയിൻകീഴ് ഏര്യാ പ്രസിഡൻ്റ് റിജു, ജനറൽ സെക്രട്ടറി രാഖി, ആനത്തലവട്ടം ഏര്യാ പ്രസിഡൻ്റ് ശ്രീകുമാർ, വാർഡ് ഇൻചാർജ്മാർ തുടങ്ങി അനേകം പ്രവർത്തകർ പങ്കെടുത്തു.