by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഇത്തരം ബന്ധങ്ങൾ കൊടിയ ചൂഷണങ്ങൾക്ക് ഇടയാക്കുമെന്ന് ആനന്ദി ബെൻ പറഞ്ഞു. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന.
‘‘എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പെൺമക്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു.

ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോൾ പ്രചാരത്തിലായിരിക്കാം, പക്ഷേ അത് ചെയ്യരുത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കുക. കഴിഞ്ഞ 10 ദിവസമായി, അത്തരം കേസുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അവരെ കാണുമ്പോഴെല്ലാം നമ്മുടെ പെൺമക്കൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്ന് ചിന്തിച്ചുപോകുന്നു.” ആനന്ദിബെൻ പട്ടേൽ പറഞ്ഞു. സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ മനസ്സിലാകുമെന്നായിരുന്നു അന്നു ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ കുഞ്ഞുങ്ങളെയും കയ്യിലേന്തി നിൽക്കുന്നത് കാണാൻ സാധിക്കുമെന്ന് ഗവർണർ പറഞ്ഞു.


by Midhun HP News | Oct 10, 2025 | Latest News, കേരളം
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച 9 വയസുകാരിയുടെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സയിലൂടെയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. 9കാരിയുടെ മരണത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു വെട്ടേറ്റിരുന്നു. പിന്നാലെ മന്ത്രി ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താലൂക്ക് ആശുപത്രിയിൽ നിന്നു മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് 9 വയസുകാരി മരിച്ചത്. ഛർദ്ദിയും ക്ഷീണവും കാരണം കുട്ടിയുടെ ബോധ നിലയിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുട്ടിയുടെ സഹോദരൻ ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നുവെന്നും അവിടുത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് ആ കുട്ടി രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.


മന്ത്രിയുടെ കുറിപ്പ്
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രിയപ്പെട്ട ഡോക്ടർ, വിപിനെതിരെ ഇന്നലെ ഉണ്ടായ ആക്രമണത്തിന്റെ ആഘാതം ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല. വൈകുന്നേരം ഡോ. വിപിനുമായി ഫോണിൽ സംസാരിച്ചു. ഐസിയുവിൽ നിന്ന് റൂമിലേക്ക് ഡോക്ടറെ മാറ്റിയിട്ടുണ്ട്. ഭീകരമായ അനുഭവമാണ് ആ പാവം ഡോക്ടർ നേരിട്ടത്. ആ നടുക്കത്തിൽ നിന്ന് ഡോക്ടർ മോചിതനായിട്ടില്ല.
ആസൂത്രിതമായ ആക്രമണത്തിൽ ഏറ്റവും ശക്തമായ നിയമ നടപടി തന്നെ ഉറപ്പാക്കപ്പെടും. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പോലീസിന് കൈമാറാൻ നിർദ്ദേശം നൽകിയിരുന്നു.
കോടിക്കണക്കിന് ആളുകളുടെ ആശ്രയമാണ് കേരളത്തിലെ സർക്കാർ ആശുപത്രികൾ. സർക്കാർ ആശുപത്രികൾക്കും ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും എതിരെ തീർത്തും തെറ്റായ പ്രചരണങ്ങൾ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.
അനേയ എന്ന 9 വയസ്സുകാരിയുടെ മരണം ദുഃഖകരമാണ്. താമരശ്ശേരി ആശുപത്രിയിൽ ഛർദ്ദിലും ക്ഷീണവുമായി ഒപിയിൽ എത്തിച്ച കുട്ടിയെ നിരീക്ഷണത്തിൽ ആക്കുകയും ഐവി ഫ്ലൂയിഡ് നൽകുകയും ചെയ്തു. ക്ഷീണം വർദ്ധിച്ചതിനെ തുടർന്നും ബോധനിലയിൽ മാറ്റം ഉണ്ടായതിനെ തുടർന്നും ഉച്ച കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. വഴിമധ്യേ മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ട്. കുട്ടിയുടെ സഹോദരനും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അവിടത്തെ വിദഗ്ധ ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ ഒരുതരത്തിലും ന്യായീകരണമില്ല. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുമ്പോൾ കോടിക്കണക്കിന് ആൾക്കാർ ആശ്രയിക്കുന്ന സംവിധാനങ്ങളെയാണ് ആക്രമിക്കുന്നത്. അവരുടെ ആശ്രയത്തെയാണ് അക്രമത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. രോഗത്തിന് മുൻപിൽ നിസ്സാഹരായി പോകുന്ന ആളുകളെ ചികിൽസിക്കാനും ചേർത്തുപിടിക്കാനും ഭയരഹിതമായും ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും പ്രവർത്തിക്കാനും ആരോഗ്യപ്രവർത്തകരെ ശക്തമായി പിന്തുണക്കേണ്ടതുണ്ട്. അവരെ നമുക്ക് ചേർത്ത് പിടിക്കാം.

by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
മിന്‍ഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, രക്ഷാപ്രവര്‍ത്തകര്‍ സജ്ജമായിരിക്കാനും പ്രസിഡന്റ് നിര്‍ദേശിച്ചു.

തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാവോ നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകൾ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ദക്ഷിണ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യ വടക്കൻ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു. സെപ്റ്റംബര്‍ 30-ന് ഫിലിപ്പീന്‍സിലെ സെബുവിലെ മധ്യ പ്രവിശ്യയിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 74 പേരാണ് മരിച്ചത്.


by Midhun HP News | Oct 10, 2025 | Latest News, കേരളം
പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രണ്ടു സിനിമാക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനു വേണ്ടിയാണോയെന്ന് സംശയമുണ്ട്. കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. പ്രജാ വിവാദവും സ്വര്‍ണമോഷണ ചര്‍ച്ച മുക്കാനാണ്. എല്ലാം കുല്‍സിതമെന്നും പാലക്കാട് കല്ലേക്കുളങ്ങരയിലെ കലുങ്ക് സംവാദത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
സ്വര്‍ണത്തിന്റെ കേസ് മുക്കാന്‍ വേണ്ടിയാണോ സിനിമാരംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസില്‍ കയറ്റി അളക്കാന്‍ കേരള ജനതയ്ക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതേക്കുറിച്ച് എന്‍ഐഎയും ഇഡി അന്വേഷിക്കുകയും, തീവ്ര അന്വേഷണവും നടക്കുകയാണ്. കേന്ദ്രമന്ത്രിസഭയില്‍ ഇരുന്നുകൊണ്ട് താന്‍ ഒന്നും പറയാന്‍ പാടില്ല. എങ്കിലും ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന പ്രക്രിയയാണ് പൊലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞു.
ഇനിയും ഇത്തരത്തില്‍ കഥകള്‍ വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതു പ്രജകളുടെ രാജ്യമാണെന്നും വോട്ടുചെയ്യാന്‍ മാത്രമല്ല, മുഷ്ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് ചോദിക്കാനാകണമെന്നും നേരത്തെ ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.


ഭഗവാന്റെ ചെമ്പിനെക്കുറിച്ച് കണക്കെടുക്കട്ടെ. അയ്യപ്പനെക്കുറിച്ച് ഇതുവരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. താന്‍ കര്‍മ്മിയാണ്. അയ്യപ്പന്‍ മനുഷ്യനാണ്. മൂത്ത സഹോദരനായിട്ടാണ് അയ്യപ്പനെ താന്‍ കാണുന്നത്. ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍. ചെമ്പ്, സ്വര്‍ണം രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പാലക്കാട് കേരളത്തിന്റെ അന്നപാത്രമാണ്. ഇനി അന്നപാത്രമെന്ന് പറഞ്ഞത് ഇവിടുത്തെ നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോയെന്നും സുരേഷ് ഗോപി ചോദിച്ചു.

by Midhun HP News | Oct 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഒളിംപിക്‌സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള ഈ മാസം 21 മുതല്‍ 28 വരെ തിരുവനന്തപുരത്തെ 12 വേദികളിലായി അരങ്ങേറും. അണ്ടര്‍ 14, 17, 19 വിഭാഗങ്ങളിലുള്ളവരും സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും ഉള്‍പ്പെടെ 20,000ത്തോളം കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഗെയിംസ്, അത്‌ലറ്റിക്‌സ് എന്നിവയില്‍ 39 വിഭാഗങ്ങളിലായാണ് പോരാട്ടം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സ്‌കൂള്‍ ഒളിംപിക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. തിരുവനന്തപുരത്തേയും സമീപ പ്രദേശങ്ങളിലേയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയും മത്സരങ്ങള്‍ അരങ്ങേറും. പ്രധാന വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജര്‍മന്‍ ഹാങര്‍ പന്തലുപയോഗിച്ച് താത്കാലിക ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ച് 12 ഓളം കായിക ഇനങ്ങള്‍ ഒരുമിച്ച് സംഘടിപ്പിക്കും.


മേളയ്ക്ക് മുന്നോടിയായി ഒരാഴ്ച മുന്‍പ് വിളംബര്‍ ഘോഷയാത്ര നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കായിക പ്രതിഭകളുടെ മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക പ്രതിഭകള്‍ സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയുമുണ്ടാകും. മാഹാരാജാസ് ഗ്രൗണ്ടില്‍ നിന്നു ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രീതിയിലാകും ദീപശിഖാ പ്രയാണം. മാര്‍ച്ച് പാസ്റ്റില്‍ 4500 പേര്‍ പങ്കെടുക്കും. തൈക്കാട് മൈതാനത്തില്‍ പ്രധാന അടുക്കളയും ഭക്ഷണം കഴിക്കാനുള്ള സ്ഥലവും ഒരുക്കും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സിലബസില്‍ യുഎഇയിലെ ഏഴ് സ്‌കൂളുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുക്കും. തങ്കു എന്ന മുയലാണ് ഇത്തവണത്തെ സ്‌കൂള്‍ ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം.

by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
ദേശീയതല പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങൾ നിർണ്ണയിക്കുന്ന രീതി മാറ്റുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
2026-27 അക്കാദമിക് സെഷൻ മുതൽ, ജെഇഇ മെയിൻ, നീറ്റ്-യുജി, സിയുഇടി-യുജി തുടങ്ങിയ പരീക്ഷകൾക്ക് എഴുതുന്ന പരീക്ഷാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടപ്പെട്ട പരീക്ഷാ നഗരങ്ങൾ തെരഞ്ഞെടുക്കാൻ കഴിയില്ല.
ഇതുവരെ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട നഗരങ്ങളിൽ പരീക്ഷ എഴുതാൻ ചോയ്സ് നൽകാമായിരുന്നു. എന്നാൽ, ഇനി മുതൽ പരീക്ഷാർത്ഥിയുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക എന്ന് എൻടിഎ അറിയിച്ചു.
വിലാസാധിഷ്ഠിത പരീക്ഷാ കേന്ദ്രം
പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം, സുതാര്യത വർദ്ധിപ്പിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ആൾമാറാട്ടവും വഞ്ചനയും തടയുന്നതിനും നീതിപൂർവകമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എൻടിഎ വിശദീകരിച്ചു.
മുമ്പ്, അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മൂന്നോ നാലോ നഗരങ്ങൾ തെരഞ്ഞെടുക്കാമായിരുന്നു.
പുതിയ സംവിധാനത്തിന് കീഴിൽ, ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള പരീക്ഷാർത്ഥികൾക്ക് ആധാറിൽ രജിസ്റ്റർ ചെയ്ത വിലാസങ്ങൾക്ക് സമീപം കേന്ദ്രങ്ങൾ നൽകും, ഇത് എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ കൂടുൽ സഹായകരമാകും.
ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം
സ്വന്തം സ്ഥലത്ത് നിന്ന് മാറി നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഈ മാറ്റം ആശങ്ക ഉളവാക്കിയിട്ടുണ്ട്, കാരണം ആധാർ വിശദാംശങ്ങൾ മാറിയാൽ യാത്ര ബുദ്ധിമുട്ട് നേരിടേണ്ടി വരും.
അപേക്ഷാ കാലയളവിന് വളരെ മുമ്പുതന്നെ ആധാർ വിവരങ്ങൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻടിഎ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു,
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഇതിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതുക്കിയ നയം 2026 ജനുവരിയിലെ ജെഇഇ മെയിൻ സെഷനിൽ പ്രാബല്യത്തിൽ വരും, അതിനുശേഷം നടക്കുന്ന മറ്റ് പരീക്ഷകൾക്കും ഇത് ബാധകമാകും.
വിലാസം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനൊപ്പം, കൺഫർമേഷൻ പ്രക്രിയയും എൻടിഎ കർശനമാക്കിയിട്ടുണ്ട്.
പരീക്ഷാർത്ഥികളുടെ പേര്, ജനന തീയതി, ആധാർ കാർഡിലെ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെയാകണം.
ചെറിയ പൊരുത്തക്കേടുകളോ അക്ഷരത്തെറ്റുകളോ പോലും അപേക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ ഇത് തമ്മിൽ പരിശോധിച്ച് ഇതിൽ ഏതെങ്കിലും തിരുത്ത് ആവശ്യമാണെങ്കിൽ ഉടനടി പരിഹരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.
കാറ്റഗറി സർട്ടിഫിക്കറ്റുകൾ
എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ അവരുടെ കാറ്റഗറി സർട്ടിഫിക്കറ്റുകൾ ആധാർ, ക്ലാസ് 10 രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏതെങ്കിലും പൊരുത്തക്കേട് സംവരണത്തിനുള്ള അയോഗ്യതയിലേക്കോ നിരസിക്കലിലേക്കോ നയിച്ചേക്കാം.
പരീക്ഷാ പ്രക്രിയ സുഗമമാക്കുന്നതിനും പരീക്ഷാർത്ഥി പരിശോധനയിൽ നീതി പുലർത്തുന്നതിനും വേണ്ടിയുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമെന്നാണ് ഈ മാറ്റങ്ങളെ എൻടിഎവിശേഷിപ്പിച്ചത്. രേഖകൾ തമ്മിൽ പൊരുത്തക്കേടുണ്ടായാൽ പരീക്ഷ എഴുതാനുള്ള അവരുടെ സാധ്യത ഇല്ലാതാക്കുമെന്ന് എൻടിഎ മുന്നറിയിപ്പ് നൽകുന്നു.



Recent Comments