നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

നിയമസഭയിലെ പ്രതിഷേധത്തില്‍ കടുത്ത നടപടി; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ചീഫ് മാര്‍ഷലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കടുത്ത നടപടി. മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരായ റോജി എം ജോണ്‍, സനീഷ് കുമാര്‍ ജോസഫ്, എം വിന്‍സന്റ് എന്നിവരെയാണ് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സഭാനടപടികള്‍ തടസ്സപ്പെടുന്നതിന് ഇടയാക്കിയിരുന്നു. സമാനമായ നിലയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചത് നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

പ്രതിഷേധത്തിനിടെ ചീഫ് മാര്‍ഷല്‍ ഷിബു അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ പശ്ചാത്തലത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി എം ബി രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പാഞ്ഞടുത്തത് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി.

സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ പോകുകയാണോ?; നികുതി അറിയേണ്ടേ!, ഇതാ വിവരങ്ങള്‍

സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ പോകുകയാണോ?; നികുതി അറിയേണ്ടേ!, ഇതാ വിവരങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. പവന് കഴിഞ്ഞ ദിവസമാണ് 90,000 രൂപ കടന്നത്. വൈകാതെ തന്നെ പവന് ഒരു ലക്ഷം രൂപ എന്ന നിലയിലേക്ക് വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിലക്കയറ്റം മൂലം സ്വര്‍ണാഭരണം വാങ്ങുന്നത് ഏറെ പ്രയാസമേറിയ കാര്യമായി മാറും. സ്വാഭാവികമായും ആളുകള്‍ വിവിധ സ്വര്‍ണ നിക്ഷേപങ്ങളെ ഈ സമയത്ത് പരിഗണിച്ചെന്ന് വരാം. എന്നാല്‍ സ്വര്‍ണത്തിന്റെ നികുതി നിയമങ്ങളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പല നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി അടക്കേണ്ടി വരാറുണ്ട്. അത് ഭൗതിക സ്വര്‍ണമായാലും ഇടിഎഫുകളായാലും മ്യൂച്വല്‍ ഫണ്ടുകളായാലും അതിനനുസരിച്ച് നികുതി നിയമങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഓരോ നിക്ഷേപത്തിന്റെയും നികുതി നിയമങ്ങള്‍ എന്തൊക്കെയാണ്, എത്രകാലം നിക്ഷേപം നിലനിര്‍ത്തിയാലാണ് കുറഞ്ഞ നികുതി നിരക്ക് ബാധകമാവുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

1. ഭൗതിക (ഫിസിക്കല്‍) സ്വര്‍ണം

ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നി രൂപത്തിലുള്ള ഭൗതിക സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഏതൊരു ലാഭവും മൂലധന നേട്ടമായാണ് കണക്കാക്കി വരുന്നത്. ഇത്തരം സ്വര്‍ണം വാങ്ങിയ ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുമ്പോള്‍ ലാഭം വരുമാനത്തിലേക്ക് ചേര്‍ത്ത് നികുതി ചുമത്തും. എന്നാല്‍ ഈ സ്വര്‍ണം 2 വര്‍ഷത്തിനു ശേഷം വില്‍ക്കുമ്പോള്‍ ഇതിന് 12.5 ശതമാനം (സര്‍ചാര്‍ജ്, സെസ് എന്നിവയ്ക്ക് പുറമേ) നികുതി ചുമത്തുന്നു. സ്വര്‍ണം ആഭരണ രൂപത്തില്‍ വാങ്ങുമ്പോള്‍ പോലും നികുതിയുണ്ട്. 3 ശതമാനം ജിഎസ്ടിയാണ് ആഭരണത്തിന് ഈടാക്കുന്നത്. കൂടാതെ പണിക്കൂലിയിലും ജിഎസ്ടി ചുമത്തുന്നുണ്ട്. പണിക്കൂലിയുടെ 5 ശതമാനമാണ് ജിഎസ്ടിയാണ് ഈടാക്കുന്നത്.

2. ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും

സ്വര്‍ണം ആഭരണമായോ നാണയമായോ ഭൗതിക രൂപത്തില്‍ സൂക്ഷിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഗോള്‍ഡ് ഇടിഎഫുകളും സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകളും മികച്ച തെരഞ്ഞെടുപ്പായിരിക്കും. ആഭരണങ്ങള്‍ സൂക്ഷിക്കുന്നതുപോലെയുള്ള അപകടമോ, മോഷണത്തെക്കുറിച്ചുള്ള പേടിയോ ആവശ്യമില്ല ഇത്തരം നിക്ഷേപങ്ങള്‍ക്ക് ആവശ്യമില്ല എന്നതാണ് വലിയ പ്രത്യേകത. മാത്രമല്ല സ്വര്‍ണത്തിന്റെ വില കുതിക്കുമ്പോള്‍ മികച്ച നേട്ടം നിക്ഷേപകര്‍ക്കും ഉറപ്പാക്കാം.

3. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയുള്ള മികച്ച സ്വര്‍ണ നിക്ഷേപമാണിത്. ഇതിലൂടെ സ്വര്‍ണത്തിന്റെ മൂല്യത്തില്‍ നിന്നുള്ള നേട്ടങ്ങളും പ്രതിവര്‍ഷം 2.5 ശതമാനം പലിശയും ലഭിക്കുന്നു. ഈ ബോണ്ടുകള്‍ നിയന്ത്രിക്കുന്നത് ആര്‍ബിഐ ആണ്. ശ്രദ്ധേയ കാര്യമെന്തെന്നാല്‍ ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന സ്വര്‍ണത്തില്‍ നിന്നും ലഭിക്കുന്ന ഏതൊരു ലാഭവും പൂര്‍ണ്ണമായും നികുതി രഹിതമാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വില്‍ക്കുകയാണെങ്കില്‍ അവ എത്ര കാലം കൈവശം വച്ചിരുന്നു എന്നത് അനുസരിച്ച് മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടിവരും.

4. ഡിജിറ്റല്‍ സ്വര്‍ണം

പുതു തലമുറയിലെ നിക്ഷേപകര്‍ കൂടുതലായും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പല ഫിന്‍ടെക് പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ അനുവദിക്കുന്നു. അതിനാല്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ എളുപ്പമാണ്. വിവിധ കമ്പനികളുടെ സ്വര്‍ണം ഇതിലൂടെ വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഇവിടെ ഭൗതിക സ്വര്‍ണം സ്വന്തമാക്കുന്നതു പോലെയാണ് നികുതി നിരക്കുകളും കണക്കാക്കുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

‘1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കണം’; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ

‘1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കണം’; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1500 രൂപ വര്‍ധിപ്പിക്കണം. അല്ലാത്തവര്‍ക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് ശുപാര്‍ശ. ഓണറേറിയം വർധനയെക്കുറിച്ച് പഠിക്കാനായി ആറു മാസം മുമ്പാണ് ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോ​ഗിച്ചത്.

എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നില്ല. തുടര്‍ന്ന് വിവരാവകാശ പ്രകാരം അപേക്ഷിച്ചതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ടുള്ളത്. എല്ലാ മാസവും 10-ാം തിയതിക്കുള്ളില്‍ ഓണറേറിയം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നാണ് സമരം ചെയ്തുകൊണ്ടിരുന്ന ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നുമില്ല. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഹരിത വി കുമാര്‍ റിപ്പോര്‍ട്ട് നിരാശാജനകമാണെന്ന് സമരക്കാര്‍ പറഞ്ഞു. വളരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാനത്തു നിന്നുള്ള ആശമാരെ അണിനിരത്തി ഇതുവരെ കണ്ടിട്ടില്ലാത്ത സമരത്തിനാണ് തയ്യാറെടുക്കുന്നതെന്നും സമരക്കാര്‍ പറഞ്ഞു.

ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തില്‍ നിന്ന് ചാടിയ ഭര്‍ത്താവും മരിച്ചു

ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തില്‍ നിന്ന് ചാടിയ ഭര്‍ത്താവും മരിച്ചു

തിരുവനന്തപുരം: പട്ടം എസ് യുടി ആശുപത്രിയില്‍ രോഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. കരകുളം സ്വദേശിയായ ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍ നിന്ന് ചാടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഭാസുരന്‍ ചികിത്സയില്‍ കഴിയവെയാണ് ആരോ​ഗ്യനില മോശമായതിനെ തുടർന്ന് മണിക്കൂറുകൾക്കകം മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മകളുടെ മൊഴി.

ഇന്ന് രാവിലെയാണ് സംഭവം.വൃക്ക രോഗിയായിരുന്ന ജയന്തി ഒന്നാം തീയതി മുതല്‍ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാസുരന്‍ എസ്യുടി ആശുപത്രിയില്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തെതുടര്‍ന്ന് ആശുപത്രിയില്‍ പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഇവരുടെ മൂത്ത മകന്‍ വിദേശത്താണ്. മകളാണ് കൂടെയുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നായിരിക്കാം ഇത്തരമൊരു കൃത്യത്തിലേക്ക് ഭാസുരന്‍ പോയതെന്നാണ് പ്രാഥമിക നിഗമനം.

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം, വിഷാംശമെന്ന് കണ്ടെത്തല്‍

കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം, വിഷാംശമെന്ന് കണ്ടെത്തല്‍

ഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.

കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് ഡ്രഗ് റെഗുലേറ്ററി ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ മരുന്ന് ഉത്പാദന രാജ്യങ്ങളില്‍ ഒന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള മരുന്നുള്‍പ്പെടെ കയറ്റുമതി ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മരണങ്ങളുടെ പശ്ചാത്തലത്തത്തില്‍ ഇവയുടെ കയറ്റുമതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പില്‍ അടങ്ങിയ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 48.6 ശതമാനമാണ് സിറപ്പിലെ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം.

2025 മെയ് മാസത്തില്‍ നിര്‍മ്മിച്ചതും 2027 ഏപ്രിലില്‍ കാലാവധി തീരുന്നതുമായ മരുന്നാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. മരുന്ന് ഉപയോഗിച്ച് കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് ഇടയാക്കിയത്. മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടിആര്‍ ആണ് വില്‍പന നിരോധിക്കപ്പെട്ട മറ്റൊരു കഫ് സിറപ്പ്. 2025 ജനുവരിയില്‍ നിര്‍മ്മിച്ചതും 2026 ഡിസംബറില്‍ കാലാവധി തീരുന്നതുമായി ബാച്ചില്‍ 1.342 ശതമാനം അപകടകമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തല്‍. റിലൈഫ് എന്ന ബ്രാന്‍ഡില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം 0.616 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കയ്യിൽ പണമില്ലേ, ഭക്ഷണം സൗജന്യമായി തരാം; അല്ലാഹുവിന്റെ സമ്മാനമായി കരുതുക; ഒരു ദുബൈ മാതൃക

കയ്യിൽ പണമില്ലേ, ഭക്ഷണം സൗജന്യമായി തരാം; അല്ലാഹുവിന്റെ സമ്മാനമായി കരുതുക; ഒരു ദുബൈ മാതൃക

ദുബൈ: ‘നിങ്ങളുടെ കയ്യിൽ ഭക്ഷണം കഴിക്കാനുള്ള പണമില്ലെങ്കിൽ ഇവിടെ നിന്ന് ഓർഡർ ചെയ്തോളു,സൗജന്യമായി നിങ്ങൾക്ക് ഭക്ഷണം നൽകാം. ഇത് അല്ലാഹുവിന്റെ ഒരു സമ്മാനമാണ്’. ദുബൈയുടെ ഹൃദയഭാഗത്ത് ഉള്ള മിർദിഫ് കമ്മ്യൂണിറ്റി പ്രദേശത്തുള്ള ഒരു സ്ഥാപനത്തിന്റെ വാതിലിൽ എഴുതി വെച്ചിരിക്കുന്ന വാചകങ്ങൾ ആണിത്.

ദുബൈ പോലുള്ള വലിയ ഒരു നഗരത്തെ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാഴ്ച തന്നെയാണിത്.അൽ അഫാൻഡി ബുച്ചറി ആൻഡ് ഗ്രിൽസ് എന്ന സ്ഥാപനത്തിന്റെ വാതിലുകൾ ഭക്ഷണം കഴിക്കാൻ പണമില്ലത്തവർക്കായി 2021 മുതൽ തുറന്നിട്ടിരിക്കുകയാണ്. ജോർദാൻ സ്വദേശിയാണ് ഈ സ്ഥാപനത്തിന്റെ ഉടമ.

യു എ ഇ രാജ്യത്ത് ജീവിക്കുന്ന ആളുകളോട് സർക്കാരിന്റെ സമീപനം വളരെ മികച്ചതാണ്. അതാണ് തന്നെ ഇത്തരം ഒരു സേവനം ചെയ്യാൻ പ്രചോദനമായതെന്ന് സ്ഥാപനത്തിന്റെ ഉടമ പറയുന്നു.

” ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന ആർക്കും മിർദിഫിലെ ഞങ്ങളുടെ റസ്റ്റോറന്റിൽ വരാം, അവർക്ക് ഞങ്ങൾ സൗജന്യമായി ഭക്ഷണം നൽകും, അവരുടെ രാജ്യമോ ഭാഷയോ ഒന്നും പ്രശ്‍നമല്ല, ഭക്ഷണം ആവശ്യപ്പെടാൻ ഒരു മടിയും വിചാരിക്കരുത്’ അബു അബ്ദോ റസ്റ്റോറന്റ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

“ഞങ്ങൾക്ക് ഈ രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നു. അതിന് ഈ യു എ ഇയോട് കടപ്പെട്ടിരിക്കുന്നു. നന്ദി സൂചകമായി ആണ് സൗജ്യമായി ഭക്ഷണം വിതരണത്തെ ചെയ്യുന്നത്. സർവ്വശക്തനായ ദൈവത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സ്ഥാപനത്തിന്റെ ജീവനക്കാർ പറയുന്നു.