മണിക്ക് തണലായിരുന്ന ഉമ്മ ഇനി ഓർമ

മണിക്ക് തണലായിരുന്ന ഉമ്മ ഇനി ഓർമ

ആരോരുമില്ലാത്ത പലര്‍ക്കും തണലായി മാറിയിട്ടുണ്ട് നടന്‍ കലാഭവന്‍ മണി. തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് തന്നെ ചേര്‍ത്തു പിടിച്ചവര്‍ക്കുള്ള ആദരമായിരുന്നു മണിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. പലര്‍ക്കും തണലായി മാറിയ മണിയ്ക്കും കുടുംബത്തിനും ഒരുകാലത്ത് താങ്ങായിരുന്നത് ഹയറുന്നീസ ഉമ്മയായിരുന്നു. ആ ഉമ്മ ഇനി ഓര്‍മകളില്‍ വിശ്രമിക്കും.

മണിക്കും കുടുംബത്തിനും കുട്ടിക്കാലത്ത് കരുതലായിരുന്ന ഹയറൂന്നീസ ഉമ്മ വിട വാങ്ങി. കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉമ്മയെക്കുറിച്ചെഴുതിയ വാക്കുകള്‍ ഉള്ളു തൊടുന്നതാണ്. തങ്ങള്‍ക്ക് വയറു നിറയെ ഭക്ഷണം തന്ന് ചേര്‍ത്തുപിടിച്ച സ്‌നേഹ നിധിയായിരുന്നു ഉമ്മയെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

”കുട്ടി കാലത്ത് ഞങ്ങള്‍ക്ക് വയറു നിറയെ ആഹാരം തന്ന് ഞങ്ങളെ ചേര്‍ത്ത് പിടിച്ച ഞങ്ങളുടെ സ്‌നേഹ നിധിയായ ഉമ്മ യാത്രയായി. ചേനത്തുനാട് പാളയംകോട്ട്കാരന്‍ വീട്ടില്‍ പരേതനായ മുസ്തഫ ഭാര്യ ഹയറൂന്നീസ ( 89 ) നിര്യാതയായി. 7 മക്കളുള്ള ഉമ്മയ്ക്ക് ഞങ്ങളും മക്കളെ പോലെയായിരുന്നു. കുട്ടിക്കാലത്ത് ഉമ്മയെ ചുറ്റിപറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. ഉമ്മയുടെ കൂടെ ചാലക്കുടി മാര്‍ക്കറ്റിലേക്ക് പോകുക, റേഷന്‍ കടയിലേക്ക് പോകുക , എല്ലാത്തിനും സഹായിയായി എപ്പോഴും ഞങ്ങളുടെ കുടുംബം ഉണ്ടാകും” രാമകൃഷ്ണന്‍ പറയുന്നു.

”ഉമ്മയുടെ മകനായ അലി ചേട്ടന്‍ (സൈലബ്ദീന്‍) വാങ്ങിയ മുസ്തഫ സണ്‍സ് എന്ന ലാമ്പര്‍ട്ട ഓട്ടോ റിക്ഷയാണ് മണിച്ചേട്ടന്‍ ആദ്യമായി ഓടിച്ചത്. എവിടെ പോയാലും ഉമ്മയുടെ അടുത്ത് വിവരങ്ങള്‍ പറഞ്ഞിട്ടേ പോകാറുള്ളൂ. തിരികെ വരുമ്പോഴും എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. ഇനി ആ വിളിയില്ല. സ്‌നേഹാന്വേഷണവും ഇല്ല. ഇതോടെ ഞങ്ങളുടെ ഒരു കാലഘട്ടത്തിലെ കാരണവന്‍മാരുടെ കണ്ണികള്‍ ഇല്ലാതെയായി” എന്നും അദ്ദേഹം പറയുന്നു.

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

ചുമ മരുന്ന്: ചികിത്സയിലിരുന്ന രണ്ട് കുട്ടികള്‍ കൂടി മരിച്ചു, മരണസംഖ്യ 22 ആയി

ഇന്‍ഡോര്‍: വിഷലിപ്തമായ ചുമ മരുന്ന് ഉപയോഗിച്ച് ചികിത്സയ്ക്ക് വിധേയരായ രണ്ട് കൂട്ടികള്‍ കൂടി മരിച്ചു. ബുധനാഴ് വൈകീട്ടാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ പരസിയ സ്വദേശികളായ നാല്, അഞ്ച് വയസുള്ള കുട്ടികള്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം 22 ആയി. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു.

ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന വിശാല്‍ എന്ന അഞ്ചുവയസുകാരന്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നാലുവയസുകാന്‍ മായങ്ക് സൂര്യവംശി മരണത്തിന് കീഴടങ്ങിയത് എന്നും ചിന്ദ്വാര അഡീഷണല്‍ കളക്ടര്‍ ധീരേന്ദ്ര സിങ് നേത്രി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കുട്ടികള്‍ ഇനിയും നാഗ്പൂരില്‍ ചികിത്സയില്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുന്ന സംഭവം തുടരുന്നതിനിടെ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടികളും പുരോഗമിക്കുകയാണ്. മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് പ്രത്യേക അന്വേഷണ സംഘം നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായി നിര്‍മ്മിക്കുന്ന കാള്‍ഡ്രിഫ് നിര്‍മ്മാണ കമ്പനിക്ക് എതിരായ നടപടികളും പുരോഗമിക്കുകയാണ്.

കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും

അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കും

അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തികബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നൽകി.തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി.

ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും മന്ത്രി സഭായോഗം അനുമതി നൽകി.

ആദ്യ മണിക്കൂറിൽ തന്നെ ട്രെൻഡ് ആയി ‘രാവണപ്രഭു’; റെക്കോർഡുകൾ തൂക്കും

ആദ്യ മണിക്കൂറിൽ തന്നെ ട്രെൻഡ് ആയി ‘രാവണപ്രഭു’; റെക്കോർഡുകൾ തൂക്കും

മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. റെക്കോർഡ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്.

ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. 5.68K ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ഇത് വരും മണിക്കൂറിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.

മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം, ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം – പി സുകുമാർ. പി ആർ ഓ ഐശ്വര്യ രാജ്.

അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; വിജയക്കുതിപ്പ് തുടരാന്‍ ഹര്‍മന്‍ പ്രീതും സംഘവും

വനിതാ ലോകകപ്പില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; വിജയക്കുതിപ്പ് തുടരാന്‍ ഹര്‍മന്‍ പ്രീതും സംഘവും

വിശാഖപട്ടണം : ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ജയം തേടിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വിശാഖപട്ടണം സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നു മണി മുതലാണ് മത്സരം. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് റിപ്പോര്‍ട്ട്.

ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും. ബാറ്റിങ്, ബൗളിങ് നിര ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നു. അതേസമയം സീനിയര്‍ താരങ്ങളായ സ്മൃതി മന്ധാനയും ഹര്‍മന്‍ പ്രീതും ഇതുവരെ ഫോമിലേക്കെത്താത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. അതേസമയം ഒരു ജയവും ഒരു തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 6 വിക്കറ്റ് ജയം നേടി. കിവീസിനെതിരെ സെഞ്ച്വറി നേടിയ തസ്മീന്‍ ബ്രിറ്റ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു. തുടർന്ന് സഭ നിർത്തിവെച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കൂട്ടാക്കിയില്ല.

അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫിന്റെ രാസവിദ്യ എന്ന ബാനറുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനർ പിടിച്ചു മാറ്റാൻ സ്പീക്കർ ഷംസീർ വാച്ച് ആന്റ് വാർഡിന് നിർദേശം നൽകി. ഇതോടെ പ്രതിപക്ഷ അം​ഗങ്ങൾ മുദ്രാവാക്യം വിളിച്ചു. നിഷ്പക്ഷനായിട്ടല്ല സ്പീക്കർ പ്രവർത്തിക്കുന്നതെന്നും, വാച്ച് ആന്റ് വാർഡിനെ ഉപയോ​ഗിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ ബഹളം രൂക്ഷമാകുകയായിരുന്നു.

സഭയിൽ പ്രതിപക്ഷം തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സിപിഎമ്മിലെ എം രാജ​ഗോപാൽ പറഞ്ഞു. സഭയുടെ നടപടിക്രമം അനുസരിച്ച് ചെയറിനെ നോക്കി സംസാരിക്കണമെന്നാണ് പറയുന്നത്. അതിനാൽ ബാനർ ഇങ്ങനെ പിടിച്ചിരിക്കുന്നത് തെറ്റാണ്. അതു മാറ്റാൻ നിർദേശം നൽകണമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനിടെ, മുഖ്യമന്ത്രി പ്രതിപക്ഷ അം​ഗത്തിനു നേരെ നടത്തിയ ദേഹനിന്ദാ പ്രയോ​ഗം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചു. ഇക്കാര്യം സീറോ അവറിൽ ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷ നേതാവിന് പ്രതിഷേധമുണ്ടെങ്കിൽ രേഖപ്പെടുത്താം. എന്നാൽ ഇതിന്റെ പേരിൽ പ്രസം​ഗം നടത്താൻ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. മന്ത്രിമാർ വായിൽ തോന്നിയതെല്ലാം പറഞ്ഞപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നതാണ് സ്പീക്കറുടെ ആറ്റിറ്റ്യൂഡെന്ന് വിഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷനായിട്ടല്ല സംസാരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക വി​ഗ്രഹം വലിയ വിലയ്ക്ക് വിറ്റിരിക്കുകയാണ്. അതിനു കൂട്ടുനിന്ന ആളുകൾക്കെതിരായി നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കുകയും, ദേവസ്വം ബോർഡിനെ പുറത്താക്കുകയും വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി രാജേഷ്

എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി എംബി രാജേഷ് ചോദിച്ചു. ജനാധിപത്യത്തെക്കുറിച്ച് പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിങ്ങിനെയും മന്ത്രി രാജേഷ് ന്യായീകരിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രി ഒരു അം​ഗത്തിന്റെയും പേരു പറ‍ഞ്ഞിട്ടില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.