വീണ്ടും കാട്ടാനക്കലി; ഇടുക്കിയില്‍ വയോധികന്‍ ചവിട്ടേറ്റ് മരിച്ചു

വീണ്ടും കാട്ടാനക്കലി; ഇടുക്കിയില്‍ വയോധികന്‍ ചവിട്ടേറ്റ് മരിച്ചു

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ ആണ് മരിച്ചത്. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിക്കാണ്(62) ജീവന്‍ നഷ്ടമായത്.

ഇന്ന് രാവിലെ 11.45ഓടെയാണ് ആക്രമണം. ഏലത്തോട്ടത്തില്‍ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു ജോസഫ്.

നേരത്തെ തന്നെ നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

പത്താം ക്ലാസ് പാസായവർക്ക് കോസ്റ്റ് ഗാർഡിൽ അവസരം

പത്താം ക്ലാസ് പാസായവർക്ക് കോസ്റ്റ് ഗാർഡിൽ അവസരം

പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയമനം നേടാൻ അവസരം. ആൻഡമാൻ & നിക്കോബാറിലുള്ള കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനത്ത് ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പ്രതിമാസം 63,200 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11.

മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ, ഡാഫ്ട്രി, പാക്കർ), ലാസ്കർ ഒന്നാം ക്ലാസ് എന്നി തസ്തികളിലായി ആകെ ഒൻപത് ഒഴിവുകൾ ഉണ്ട്. എല്ലാ തസ്തികയിലേക്കും അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയവർക്ക് അപേക്ഷ സമർപ്പിക്കാം. മുൻ പരിചയം ആവശ്യമാണ്.

മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്):

ഹെവി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുവാൻ ആവശ്യമായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.

ചെറിയ തകരാറുകൾ പരിഹരിക്കുന്നതിന് മോട്ടോർ മെക്കാനിസങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ):

ഓഫീസ് അറ്റൻഡന്റായി രണ്ട് വർഷത്തെ പരിചയം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഡാഫ്ട്രി):

ഓഫീസ് അറ്റൻഡന്റായി രണ്ട് വർഷത്തെ പരിചയം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പാക്കർ):

ട്രേഡിൽ രണ്ട് വർഷത്തെ പരിചയം.

ലാസ്കർ ഒന്നാം ക്ലാസ്:

ബോട്ടുകളിൽ മൂന്ന് വർഷത്തെ സേവന പരിചയം.

ഡോക്യുമെന്റ് വെരിഫിക്കേഷൻ,എഴുത്ത് പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഉയർന്ന പ്രായപരിധി,അപേക്ഷാ ഫീസ്, തുടങ്ങിയ വിവരങ്ങൾ അറിയാൻ https://indiancoastguard.gov.in/ സന്ദർശിക്കുക.

പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി

പാലിയേക്കര ടോള്‍ പിരിവ്; ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി

കൊച്ചി: ദേശീയപാതാ അതോറിറ്റിക്ക് (എന്‍എച്ച്എഐ) ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി ലഭിച്ചു. പാലിയേക്കരയിലെ ടോള്‍ നിരക്ക് വെള്ളിയാഴ്ചവരെ തുടരും. ഹൈക്കോടതി നിരക്ക് കുറച്ചുകൂടേയെന്ന് ചോദിച്ചിരുന്നു. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

മണ്ണുത്തിഇടപ്പള്ളി ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് ഏറെക്കാലം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. കൊരട്ടി, പുതുക്കാട്, മുരിങ്ങൂര്‍, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിലെ അഞ്ച് പ്രധാന ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് 8-ന് ദേശീയപാത അതോറിറ്റിയുടെ പരാജയത്തെ ചൂണ്ടിക്കാട്ടി ടോള്‍ പിരിവ് സ്റ്റേ ചെയ്തത്. ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പലഘട്ടങ്ങളിലായി നീട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും സര്‍വീസ് റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കുകയും ചെയ്ത ശേഷം നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു.

10,000 കിലോ ഉപ്പില്‍ ഗാന്ധിജിയുടെ ഛായാചിത്രം, ലോക റെക്കോര്‍ഡ്

10,000 കിലോ ഉപ്പില്‍ ഗാന്ധിജിയുടെ ഛായാചിത്രം, ലോക റെക്കോര്‍ഡ്

തൃശൂര്‍: ഉപ്പ് ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ പടുകൂറ്റന്‍ ഛായാചിത്രം തീര്‍ത്ത് ലോക റെക്കോര്‍ഡിട്ട് ചമ്മണൂര്‍ അമല്‍ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും. 10,000 കിലോഗ്രാം ഉപ്പ് ഉപയോഗിച്ചാണ് 12,052 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ഛായാചിത്രം നിര്‍മ്മിച്ചത്.

‘മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ഉപ്പ് ഛായാചിത്രം’ എന്ന നിലയിലാണ് ടാലന്റ് റെക്കോര്‍ഡ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും നേടിയെത്തിയത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ ആകെ 1,524 പേരാണ് ചിത്രം തയാറാക്കിയത്. സ്വാതന്ത്ര്യസമരത്തിന് ഉപ്പ് ഒരു സമരമാര്‍ഗമായി ഉപയോഗിച്ച ഗാന്ധിജിയോടുള്ള ആദരസൂചകമായാണ് ഛായാചിത്രം ഉപ്പില്‍ തീര്‍ത്തതെന്ന് കുട്ടികളും അധ്യാപകരും പറഞ്ഞു.

ആറ് മണിക്കൂറിനുള്ളിലാണ് ഛായാചിത്രം പൂര്‍ത്തിയാക്കിയത്. കലാ അധ്യാപകനായ വി പി പ്രജിത്താണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിനായാണ് ഈ ഛായാചിത്രം സൃഷ്ടിച്ചതെന്ന് പ്രജിത്ത് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു നിര്‍ണ്ണായക സംഭവമായിരുന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ വീണ്ടും ജ്വലിപ്പിക്കുന്നതിനു കൂടി ഈ പ്രയത്‌നം വഴി തുറന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

കൊണ്ടുപോയപ്പോള്‍ ഒന്നര കിലോ സ്വര്‍ണം, തിരിച്ചെത്തുമ്പോള്‍ 394 ഗ്രാം മാത്രം; നടന്നത് വന്‍ കവര്‍ച്ചയെന്ന് വിജിലന്‍സ്

കൊണ്ടുപോയപ്പോള്‍ ഒന്നര കിലോ സ്വര്‍ണം, തിരിച്ചെത്തുമ്പോള്‍ 394 ഗ്രാം മാത്രം; നടന്നത് വന്‍ കവര്‍ച്ചയെന്ന് വിജിലന്‍സ്

കൊച്ചി: ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന നിമഗനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തിലെത്തിയത്. ശബരിമലയില്‍ സ്വര്‍ണ്ണക്കവര്‍ച്ച നടന്നിട്ടുണ്ട്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ശബരിമലയില്‍ 1998 ല്‍ സ്വര്‍ണപ്പാളി പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ദേവസ്വം വിജിലന്‍സിന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് എസ് പി കോടതിക്ക് കൈമാറി. ഇതില്‍ ഒന്നര കിലോ സ്വര്‍ണം ദ്വാരപാലകശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചെമ്പുപാളിയാണെന്നാണ് 2019 ലെ ദേവസ്വം ബോര്‍ഡിലെ മഹസ്സറില്‍ രേഖപ്പെടുത്തിയിരുന്നത്.

2019 ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ വിവരങ്ങള്‍ തേടി ഉണ്ണികൃഷ്ണന്‍ പോറ്റി, തന്റെ യാഹൂ മെയില്‍ ഐഡിയില്‍ നിന്നും അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിന് ഇ മെയില്‍ മെയില്‍ അയച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം തിരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു കത്ത് പോകുന്നുണ്ട്. തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലകശില്‍പ്പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത്.

2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് ഒന്നര കിലോ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പമാണ്. എന്നാല്‍ ദേവസ്വം മഹസറില്‍ ചെമ്പുപാളിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീകോവിലിനു ചുറ്റുമുള്ള എട്ടു സൈഡ് പാളികളില്‍ രണ്ടു സൈഡ് പാളികള്‍ കൂടി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയിരുന്നു. അതു പിന്നീട് തിരിച്ചേല്‍പ്പിച്ചിരുന്നു. എട്ടു പാളികളിലായി നാലു കിലോ സ്വര്‍ണമാണ് യു ബി ഗ്രൂപ്പ് അന്ന് പൊതിഞ്ഞത്. തിരിച്ചേല്‍പ്പിച്ച സ്വര്‍ണ പാളികളില്‍ എത്ര സ്വര്‍ണം ഉണ്ടെന്നത് പരിശോധന നടത്തേണ്ടതുണ്ട്. ദ്വാരപാലക ശില്‍പ്പം തിരിച്ചു കൊണ്ടു വന്നപ്പോള്‍ 394 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നതെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏകദേശം 40 ദിവസത്തിന് ശേഷമാണ് ഈ ശില്‍പ്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിക്കുന്നത്. ദ്വാരപാലക ശില്‍പ്പങ്ങള്‍ തിരിച്ചേല്‍പ്പിച്ചപ്പോള്‍ സ്വര്‍ണത്തില്‍ കുറവുണ്ടായ കാര്യം തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം അതീവ രഹസ്യമായിരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

‘ചെറിയ ലോട്ടറികള്‍ എടുക്കാറുണ്ട്, ഓണം ബംപര്‍ എടുക്കുന്നത് ആദ്യം; പൈസ എന്തുചെയ്യണമെന്ന് പ്ലാന്‍ ചെയ്യണം’: ശരത് എസ് നായര്‍

‘ചെറിയ ലോട്ടറികള്‍ എടുക്കാറുണ്ട്, ഓണം ബംപര്‍ എടുക്കുന്നത് ആദ്യം; പൈസ എന്തുചെയ്യണമെന്ന് പ്ലാന്‍ ചെയ്യണം’: ശരത് എസ് നായര്‍

ആലപ്പുഴ: ഭാഗ്യം ലഭിച്ചതില്‍ സന്തോഷമെന്ന് 25 കോടിയുടെ തിരുവോണം ബംപര്‍ നേടിയ ശരത് എസ് നായര്‍. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍. ‘ലോട്ടറി അടിച്ചതില്‍ സന്തോഷമുണ്ട്. വീട്ടുകാരും സന്തോഷത്തിലാണ്.

റിസല്‍ട്ട് വന്നപ്പോള്‍ ഫോണില്‍ നോക്കി. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിന് ശേഷം വീട്ടിലൊക്കെ പോയി വീണ്ടും ചെക്ക് ചെയ്താണ് ഉറപ്പാക്കിയത്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസില്‍ ആയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബംപര്‍ ലോട്ടറി എടുക്കുന്നത്. തുക ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെ കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഇനി അത് ചെയ്യണം’- ശരത് എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാഗ്യവാന്‍ അല്ലെങ്കില്‍ ഭാഗ്യവതി ആര് എന്ന ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ലോട്ടറി ജേതാവിനെ കണ്ടെത്തിയത്. നെട്ടൂരില്‍ നിന്ന് എടുത്ത ടിക്കറ്റ് ശരത് എസ് നായര്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് തിരുവോണ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്.

നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന വാര്‍ത്ത വന്നെങ്കിലും ഭാഗ്യവാന്‍ കാണാമറയത്ത് തന്നെയായിരുന്നു. അതിനിടെ നെട്ടൂരിലെ ഒരു സ്ത്രീയ്ക്കാണ് ലോട്ടറി അടിച്ചതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ അവര്‍ക്ക് ആഗ്രഹമില്ല എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെയാണ് യഥാര്‍ഥ ലോട്ടറി ജേതാവിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.