by Midhun HP News | Oct 1, 2025 | Latest News, കേരളം
തൃശൂര്‍: മദ്ദളവിദ്വാന്‍ മുണ്ടൂര്‍ എരവത്ത് അപ്പുമാരാര്‍ (75 നീലകണ്ഠന്‍ ) അന്തരിച്ചു. തിരുവമ്പാടി ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തെ പ്രതിനിധീകരിച്ച് നിരവധിതവണ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.
വീരശൃംഗല, തിരുവമ്പാടി സുവര്‍ണ്ണ മുദ്ര തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പെരിങ്ങോട് സ്‌കൂളിലെ പഞ്ചാവാദ്യ സംഘത്തിലെ മദ്ദളം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ഓമന കിഴൂട്ട്, മക്കള്‍:ധന്യ, ദിവ്യ, മരുമക്കള്‍:സന്തോഷ്, ലിനേഷ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.



by Midhun HP News | Oct 1, 2025 | Latest News, കേരളം
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.
സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു.
ഇന്നലെ രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. കുടുംബം ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.



by Midhun HP News | Oct 1, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വംബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത് 1998ലാണ്. അന്ന് യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന വിജയ് മല്യ വഴിപാടായി ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിയാന്‍ ആകെ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ചതായാണ് അന്നത്തെ പത്രവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, 2019ല്‍ ഇതില്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായി നല്‍കിയ രേഖകളില്‍ സ്വര്‍ണപ്പാളി എന്നതിന് പകരം ചെമ്പ് പാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1998 സ്വര്‍ണപ്പാളി ആയിരുന്നെങ്കില്‍ 2019ല്‍ എത്തിയപ്പോഴേക്കും അവ ചെമ്പുപാളികളായതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. 1998 സെപ്റ്റംബര്‍ നാലിനാണ് ചെമ്പ് തകിടുകള്‍ക്കുമേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പിച്ചത്.

ശ്രീകോവിലിന്റെ മേല്‍ക്കൂര, മേല്‍ക്കൂരയിലെ നാല് നാഗരൂപങ്ങള്‍, ശ്രീകോവിലിന്റെ സീലിങ്, രണ്ട് ദ്വാരപാലക ശില്‍പ്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതം എഴുതിയ തകിടുകള്‍ എന്നിവയിലാണ് സ്വര്‍ണം പൊതിഞ്ഞത്. ഇതിന് പുറമെ രണ്ട് കമാനങ്ങള്‍, ശ്രീകോവിലിലെ കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍ ,ശ്രീകോവിലിന്റെ മുഖ്യ കവാടം, കന്നിമൂല ഗണപതി കോവിലിന്റെ കലശം, നാഗരാജ കോവിലിന്റെ കലശം എന്നിവയിലും സ്വര്‍ണം പൊതിഞ്ഞതായി അന്ന് വിജയ് മല്യ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1998 സെപ്റ്റംബറില്‍ വന്ന പത്രവാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും ചുവടു പിടിച്ചാണ് ശബരിമല ശ്രീകോവിലിനും സ്വര്‍ണം പൂശിയതെന്നാണ് വിജയ്മല്യ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
അന്ന് ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നില്ല. 2019-ലാണ് അത് ചെയ്തത്. നിലമ്പൂര്‍ തേക്കുകൊണ്ട് പുതിയ വാതില്‍ നിര്‍മ്മിച്ച് അതില്‍ ചെമ്പ് തകിടുകള്‍ പാകി അതിനുമേല്‍ സ്വര്‍ണ്ണം പൊതിഞ്ഞു എന്നാണ് രേഖകളില്‍ കാണുന്നത്. അതിനു വേണ്ടി നാല് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചുവെന്നാണ് ഇതുസംബന്ധിച്ച് അന്ന് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. അന്ന് ഈ സ്വര്‍ണ്ണം പൊതിയാന്‍ വേണ്ടി വഴിപാടായി നല്‍കിയത് വ്യവസായികളാണ്. ആ വ്യവസായികളായ ഭക്തരുടെ കൂട്ടത്തില്‍ ഒരു പേര് ശ്രദ്ധേയമാണ്. അത് ഉണ്ണി തിരുമേനി എന്നൊരു പേരാണ്. അതാകണം ഇപ്പോഴത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
1998-ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരകാപാലകരുടെ ശില്‍പ്പത്തില്‍ നിന്നാണ് ഈ സ്വര്‍ണപ്പാളി എടുത്ത് മാറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. ഇതിനായി ദേവസ്വം ബോര്‍ഡ് നല്‍കിയ ഉത്തരവിലാണ് ഈ സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയത്. 1998ല്‍ സ്വര്‍ണമായിരുന്നത് 2019ലെത്തിയപ്പോള്‍ വെറും ചെമ്പുപാളി ആയി മാറിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
1998 വിജയ്മല്യ സമര്‍പ്പിച്ച സ്വര്‍ണം എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്. ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നതിന് എത്രത്തോളം സ്വര്‍ണം ഉപയോഗിച്ചു എന്നതിനുള്ള കൃത്യമായ രേഖ ദേവസ്വത്തിന്റെ പക്കലുണ്ടോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. 2019-ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പായി മാറിയത്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് അന്ന് ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ശ്രീകോവിലിന്റെ വാതിലുകളുടെ അറ്റകുറ്റപ്പണി, ദ്വാരപാലകരുടെ ശില്‍പ്പങ്ങളെ പൊതിഞ്ഞ ചെമ്പുതകിടുകളുടെ അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കി സ്വര്‍ണംപൂശി തിരിച്ചേല്‍പ്പിക്കണം എന്നാണ് പറയുന്നത്.
ഇതിന് ആരെയാണ് ഈ ജോലിക്ക് ഉത്തരവാദപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാണ്. 2019 ജൂലൈ മാസം ഏഴാം തീയതിയാണ് ഈ ഉത്തരവ് ഇറക്കുന്നത്. ഇതിനു ശേഷം 20-ാം തീയതിക്ക് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡ് ഉത്തരവ് പ്രകാരം ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം ചെമ്പാണ് എന്ന് രേഖപ്പെടുത്തി നല്‍കുന്നത്. ഇത് സ്വര്‍ണം പൂശുന്നതിന് വേണ്ടി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തില്‍ എത്തിക്കുക എന്നതായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ പാളികള്‍ കൈപ്പറ്റി ഒരുമാസത്തിന് ശേഷമാണ് ഈ സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


by Midhun HP News | Oct 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കൊട്ടാരക്കര മാത്തനാട് സ്വദേശി ഷമി (32),കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ മുഹമ്മദ് കല്‍ഫാന്‍ (24), ആഷിക്ക് (20), അല്‍ അമീന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ വാങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘമാണ് വലയിലായത്.

സ്വകാര്യ കാറില്‍ കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ചെറുപൊതികളായി എംഡിഎംഎ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില്‍ കാര്യമായ പരിശോധനകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
കണിയാപുരം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് ഇവര്‍ ഷമിയുടെ വസ്ത്രത്തിനുളളില്‍ ലഹരി ഉത്പന്നങ്ങള്‍ ഒളിപ്പിച്ച് യാത്രതിരിച്ചതായുളള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലുടനീളം പൊലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇടറോഡിലേക്ക് വാഹനം ഓടിച്ച് കയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.


by Midhun HP News | Oct 1, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന് ഒറ്റയടിക്ക് 880 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 87,000 രൂപയാണ്. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 10,875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
കഴിഞ്ഞ മാസം 86,760 ലെത്തിയാണ് പവന്‍ വില സര്‍വകാല റെക്കോര്‍ഡിട്ടത്. വീണ്ടും റെക്കോര്‍ഡുകള്‍ ദേദിച്ചാണ് ഇന്ന് വിലയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.


by Midhun HP News | Oct 1, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്‌നുമായാണ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്.
കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടന്‍ പിടിയിലാകുന്നത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അടക്കമുള്ള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നടന്റെ ലഗ്ഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എന്നാല്‍ സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ചെന്നൈയിലുള്ള ആള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതനായ വ്യക്തി ബാഗ് ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് നടന്റെ വാദം.


Recent Comments