സഞ്‍ജു സാക്ഷി, ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’, അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും

സഞ്‍ജു സാക്ഷി, ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’, അബ്രാറിനെ ട്രോളി എയറിലാക്കി അര്‍ഷ്ദീപും ജിതേഷും

ദുബൈ: ഇന്ത്യാ-പാകിസ്ഥാന്‍ ഏഷ്യാകപ്പ് എല്ലാത്തരത്തിലും നാടകീയരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സിനിമാ ഡയലോഗിനെ പോലും വെല്ലുന്ന തരത്തിലായിരുന്നു താരങ്ങളുടെ വാക്കുകളും രീതികളും. അബ്രാറിനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്ന അര്‍ഷ്ദീപിന്റെയും ജിതേഷിന്റെയും ഹര്‍ഷിതിന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഓര്‍മയില്ലേ, കളിയുടെ പതിമൂന്നാം ഓവര്‍. 24 റണ്‍സെടുത്ത് ടീമിന്റെ രക്ഷനാകും എന്ന പ്രതീക്ഷയില്‍ നില്‍ക്കവേയാണ് സഞ്ജു സാംസണിനെ അബ്രാര്‍ പുറത്താക്കിയത്. ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു സഞ്ജുവിന്റെ മടക്കം. 62/4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. സഞ്ജു മടങ്ങിയതും തലവെട്ടിച്ചുള്ള ട്രേഡ് മാര്‍ക്ക് പരിഹാസം കലര്‍ന്ന ആഘോഷം അബ്രാര്‍ പുറത്തെടുത്തു. കളി കഴിഞ്ഞപ്പോള്‍ കളി കാര്യമായെന്ന് വേണം പറയാന്‍.

തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ മറുപടിയായുള്ള വൈറല്‍ നിമിഷം പിറന്നു. ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്റെ ‘ ആഘോഷം’ അനുകരിച്ചു. നോ കോണ്‍ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. വൈറല്‍ റീല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’ എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്റുകളിലൊന്ന്. ഇന്ത്യപാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗബാധ

മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗബാധ

മലപ്പുറം: മലപ്പുറം ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന 7 വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് മലമ്പനി സ്ഥീരീകരിച്ചത്. അതിഥി തൊഴിലാളി കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി.

ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വലിച്ചെറിഞ്ഞ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയ ഇടങ്ങളില്‍ വീട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കൂടുതല്‍ ശ്രദ്ധ വേണ്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ച് അതത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

മലമ്പനി രോ​ഗലക്ഷണങ്ങൾ

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ഒരു നമ്പർ പ്ലേറ്റിന് 34 കോടി രൂപ! ദുബൈ ലേലത്തിൽ താരമായി ബി ബി 88

ദുബൈ: ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) സംഘടിപ്പിച്ച നമ്പർ പ്ലേറ്റ് ലേലത്തിൽ താരമായി ബി ബി 88 എന്ന നമ്പർ. അതി വാശിയേറിയ ലേലം വിളിക്ക് അവസാനം 14 മില്യൺ ദിർഹത്തിന് ആണ് നമ്പർ വിറ്റു പോയത്. അതായത് 34 കോടി ഇന്ത്യൻ രൂപ. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ലേലത്തിൽ അകെ 97.95 മില്യൺ ദിർഹത്തിനാണ് വിവിധ നമ്പർ പ്ലേറ്റുകൾ വിറ്റു പോയതെന്ന് അധികൃതർ വ്യക്തമാക്കി.

ലേലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ Y31 എന്ന നമ്പർ 6.27 മില്യൺ ദിർഹത്തിനാണ് വിറ്റത്. M 78,BB 777 എന്നി നമ്പറുകൾ 6 മില്യൺ ദിർഹത്തിനുമാണ് വിറ്റ് പോയത്. ഇതിൽ ബി ബി 777,ബി ബി 88 ഇനി നമ്പറുകൾക്കായി വാശിയേറിയ ലേലമാണ് നടന്നത്. 90 ഫാൻസി നമ്പർ പ്ലേറ്റുകളായിരുന്നു ലേലത്തിൽ ഉണ്ടായിരുന്നത്.

എഎ, ബിബി, കെ, എൽ, എം, എൻ, പി, ക്യു, ടി, യു, വി, ഡബ്ല്യു, എക്സ്, വൈ, സെഡ് എന്നീ കോഡുകളിൽ നിന്നുള്ള 2, 3, 4, 5 അക്കങ്ങളുള്ള വാഹന പ്ലേറ്റ് നമ്പറുകളാണ് ലേലത്തിൽ വെച്ചിരുന്നത്.

ലേലത്തിൽ പങ്കെടുക്കാൻ കടുത്ത നിബന്ധനകളാണ് ഉണ്ടായിരുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആർ ടി എയുടെ പേരിൽ 25,000 ദിർഹമിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചെക്കും 120 ദിർഹം റജിസ്‌ട്രേഷൻ ഫീസും (നോൺ റീഫണ്ടബിൾ) ആയി നൽകണം.

എന്നാൽ മാത്രമേ ലേല ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയോ ക്രെഡിറ്റ് കാർഡ് വഴിയോ ആർടിഎയുടെ വെബ്സൈറ്റ് വഴിയോ ഈ തുകകൾ അടയ്ക്കാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.

നവരാത്രി, ദീപാവലി…; ഒക്ടോബര്‍ മാസത്തില്‍ നിരവധി ബാങ്ക് അവധി, പട്ടിക ഇങ്ങനെ

നവരാത്രി, ദീപാവലി…; ഒക്ടോബര്‍ മാസത്തില്‍ നിരവധി ബാങ്ക് അവധി, പട്ടിക ഇങ്ങനെ

നിരവധി ആഘോഷങ്ങളാണ് ഒക്ടോബര്‍ മാസത്തില്‍ വരാന്‍ പോകുന്നത്. നവരാത്രി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ദീപാവലിയും ഒക്ടോബര്‍ മാസം തന്നെയാണ് വരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്ത് ഒക്ടോബര്‍ മാസത്തില്‍ നിരവധി ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ആഘോഷത്തിന്റെ പ്രാധാന്യം അനുസരിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഗാന്ധി ജയന്തിക്കും മഹാനവമിക്കും ദീപാവലിക്കും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഒക്ടോബര്‍ മാസത്തില്‍ ബാങ്ക് അവധികള്‍ വരുന്നത്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഒക്ടോബര്‍ 1- ബുധനാഴ്ച- നവരാത്രി ആഘോഷം (ആയുധ പൂജ, മഹാനവമി)- ത്രിപുര, കര്‍ണാടക, ഒഡിഷ, തമിഴ്‌നാട്, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, കേരള, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ

ഒക്ടോബര്‍ 2- വ്യാഴാഴ്ച- ഗാന്ധി ജയന്തി, വിജയദശമി- ദേശീയ അവധി

ഒക്ടോബര്‍ 3- വെള്ളിയാഴ്ച- ദുര്‍ഗാപൂജ- സിക്കിമില്‍ അവധി

ഒക്ടോബര്‍ 5- ഞായറാഴ്ച

ഒക്ടോബര്‍ 6- തിങ്കളാഴ്ച- ലക്ഷ്മി പൂജ- ത്രിപുരയിലും പശ്ചിമ ബംഗാളിലും അവധി

ഒക്ടോബര്‍ 7- ചൊവ്വാഴ്ച- മഹര്‍ഷി വാല്‍മീകി ജയന്തി-

കര്‍ണാടക, ഒഡിഷ, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്

ഒക്ടോബര്‍ 10- വെള്ളിയാഴ്ച- കര്‍വാ ചൗത്ത്- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി

ഒക്ടോബര്‍ 11- രണ്ടാം ശനിയാഴ്ച

ഒക്ടോബര്‍ 12- ഞായറാഴ്ച

ഒക്ടോബര്‍ 18- ശനിയാഴ്ച- Kati Bihu- അസമില്‍ അവധി

ഒക്ടോബര്‍ 19- ഞായറാഴ്ച

ഒക്ടോബര്‍ 20- തിങ്കളാഴ്ച- ദീപാവലി

ഒക്ടോബര്‍ 21- ചൊവ്വാഴ്ച- ദീപാവലി, ഗോവര്‍ധന്‍ പൂജ- മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, സിക്കിം, മണിപ്പൂര്‍, ജമ്മു കശ്മീര്‍

ഒക്ടോബര്‍ 22- ബുധനാഴ്ച- ദിപാവലി, ഗോവര്‍ധന്‍ പൂജ, Vikram Samvant New Year Day- ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 23- വ്യാഴാഴ്ച- Bhaidooj, Chitragupt Jayanti, Laxmi Puja- ഗുജറാത്ത്, സിക്കിം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്

ഒക്ടോബര്‍ 25- നാലാം ശനിയാഴ്ച

ഒക്ടോബര്‍ 26- ഞായറാഴ്ച

ഒക്ടോബര്‍ 27- തിങ്കളാഴ്ച- ചാത്ത് പൂജ- പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 28- ചൊവ്വാഴ്ച- ചാത്ത് പൂജ- ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളില്‍ അവധി

ഒക്ടോബര്‍ 31- വെള്ളിയാഴ്ച- സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനം- ഗുജറാത്തില്‍ അവധി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല

കരൂര്‍: തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ്‌യുടെ ടിവികെ പാര്‍ട്ടി നല്‍കിയ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിഗണിക്കില്ല. കരൂര്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നില്ലെന്നും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ടിവികെയുടെ ആവശ്യം. എന്നാല്‍ ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിക്കുകയായിരുന്നു. ഹര്‍ജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.

മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഹര്‍ജി ഉച്ചയ്ക്ക് 2.30ന് പരിഗണിക്കുമെന്നായിരുന്നു ടിവികെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരില്‍ നിന്ന് ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓണ്‍ലൈന്‍ ആയി നേതാക്കളുടെ യോഗം വിളിക്കുകയും ഹര്‍ജി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഏത് അന്വേഷണവും ടിവികെയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാകും എന്ന നിഗമനത്തില്‍ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അപകടത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വിജയ്യെ പ്രതിചേര്‍ത്താലും ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാന്‍ പൊലീസ് കിണഞ്ഞു പരിശ്രമിക്കും. സംഭവത്തില്‍ ആനന്ദ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ക്കെതിരെ കേസെടുത്തെങ്കിലും കോടതി നിര്‍ദേശത്തിന് പിന്നാലെയാകും അറസ്റ്റിലേക്ക് കടക്കുക.

വിജയ്‌യെ പ്രതി ചേര്‍ക്കുന്നതും പതിയെ മതിയെന്നാണ് തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി റിട്ടേഡ് ജസ്റ്റിസ് അരുണാ ജഗദീശന്‍ അപകടസ്ഥലം സന്ദര്‍ശിച്ച് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉടന്‍ തന്നെ ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ന്യൂഡൽഹി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്. ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.