ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി മാറാം എളുപ്പത്തില്‍

ന്യൂഡൽഹി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്. ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.

ഏഴ് മാസത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമാസെറ്റിലേക്ക്

ഏഴ് മാസത്തിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമാസെറ്റിലേക്ക്

കൊച്ചി: ഏഴ് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാമറയ്ക്കുമുമ്പിലേക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഷൂട്ടിനായി ഉടന്‍ മമ്മൂട്ടി ഹൈദരാബാദിലെത്തും.

‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും.പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും പറഞ്ഞു’കൊണ്ട് ആന്റോ ജോസഫ് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.

ശബരിമലയില്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ വിശദാന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളിയുടെ ഭാരം കുറഞ്ഞത് അടക്കമുള്ള വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതില്‍ അടക്കം സംശയങ്ങളുണ്ട്. അതിനാല്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം വേണം. അന്വേഷണത്തിന് രഹസ്യസ്വഭാവം വേണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജില്ലാ ജഡ്ജി റാങ്കില്‍ കുറയാത്ത ആളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോര്‍ഡിന് പേര് ശുപാര്‍ശ ചെയ്യാം. എന്നാല്‍ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക. സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം ബോര്‍ഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങള്‍ കൈമാറരുത്. രഹസ്യസ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നേരിട്ട് സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ശബരിമല ശ്രീകോവിലിലെ ദ്വാരകപാലക ശില്‍പം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വര്‍ണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളില്‍ ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ ഹാജരായി വിവരങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടത്. സ്വര്‍ണപ്പാളി അടക്കമുള്ള കാര്യങ്ങളില്‍ ഒരുപാട് ദുരൂഹതകളുണ്ട്. 2019 ല്‍ സ്വര്‍ണപ്പാളി സ്വര്‍ണം പൂശുന്നതിനായി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നത് തിരികെ കൊണ്ടു വന്നപ്പോള്‍ 38 കിലോയായി മാറിയെന്ന് കോടതി നിരീക്ഷിച്ചു.

2009 ല്‍ ആദ്യഘട്ടത്തില്‍ സ്വര്‍ണം പൂശിയപ്പോള്‍ 30 കിലോ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട കണക്കുകളിലടക്കം അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സന്നിധാനത്തെ രജിസ്ട്രികള്‍ ഒന്നും പൂര്‍ണമല്ല. ശബരിമല സന്നിധാനത്തെ ആഭരണങ്ങള്‍, ഭക്തരില്‍ നിന്നും വഴിപാടായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ളവ, സ്വത്തുവകകള്‍ തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ രേഖകളില്ലെന്ന് ചീഫ് വിജിലന്‍സ് ഓഫീസര്‍ നേരിട്ട് ഹാജരായി കോടതിയെ അറിയിച്ചിരുന്നു. തിരുവാഭരണങ്ങള്‍, തിരുവാഭരണ രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം, സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം. സ്വത്തു വകകള്‍ സംബന്ധിച്ച് റിപ്പോർട്ടിൽ കൃത്യമായ കണക്കുണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രജിസ്റ്ററുകളില്‍ വ്യക്തതയില്ലെന്ന് കോടതി വിമര്‍ശിച്ചു. സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകളും രജിസ്റ്ററുകളും ഇല്ലെന്ന് ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ കോടതിയെ അറിയിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ കാണാനില്ല. സ്‌ട്രോങ് റൂം രജിസ്റ്ററിലെ സ്വര്‍ണനാണയങ്ങളുടെയും ആഭരണങ്ങളുടെയും കണക്കിലും വ്യക്തതയില്ലെന്ന് ദേവസ്വം വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു. അപ്പോഴാണ് ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ദ്വാരപാലക ശില്പത്തിന്റെ ലോഹപ്പാളി തിരികെ എത്തിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇത് തിരികെ സ്ഥാപിക്കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് അനുമതി നല്‍കി.

പിസിബി ചെയര്‍മാന്‍ വേദിയില്‍; റണേഴ്‌സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍

പിസിബി ചെയര്‍മാന്‍ വേദിയില്‍; റണേഴ്‌സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍

ദുബൈ: അത്യന്തം ആവേശം നിറഞ്ഞുനിന്ന ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഒമ്പതാം വിജയം സ്വന്തമാക്കിയതിന് പിന്നാലെ ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയ ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായെങ്കിലും ട്രോഫി ഏറ്റുവാങ്ങാന്‍ ഇന്ത്യ തയ്യാറായില്ല.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. മുഹസിന്‍ നഖ്വിക്ക് പകരമായി മറ്റൊരെങ്കിലും ട്രോഫി കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെ ടീം ഇന്ത്യ സമ്മാന വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യയോട് മൂന്ന് തവണ തോറ്റ് ഏഷ്യാ കപ്പില്‍ റണേഴ്‌സ് അപ്പ് ആയ പാകിസ്ഥാന്‍ സമ്മാന ദാന ചടങ്ങില്‍ ചെയ്ത പ്രവൃത്തിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സമ്മാന ദാന ചടങ്ങില്‍ റണേഴ്‌സ് അപ്പിന് നല്‍കുന്ന ചെക്ക് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പിസിബി ചെയര്‍മാന്‍ മുഹസിന്‍ നഖ്വി വേദിയില്‍ ഉള്ളപ്പോഴാണ് ആഗയുടെ പ്രവൃത്തി. ചെക്ക് വലിച്ചെറിഞ്ഞ ശേഷം കൂളായി ചിരിച്ച് കൊണ്ട് ആഗ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

‘മറക്കാന്‍ പ്രയാസമുള്ള ഒന്നാണ്. ഞങ്ങള്‍ക്ക് ബാറ്റ് കൊണ്ട് നന്നായി ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. ബൗളിങ് മികച്ചതായിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് നന്നായി ഫിനിഷ് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു. ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതുണ്ട്. ഞങ്ങളുടെ ബൗളിങ് മികച്ചതായിരുന്നു, പക്ഷേ ഞങ്ങളുടെ ബാറ്റിങ് ആശങ്കയാണ്. എന്റെ ടീമിനെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു, ഒരു കൂട്ടായ്മ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്, ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.’- മത്സരത്തെ കുറിച്ച് സല്‍മാന്‍ അലി ആഗ പ്രതികരിച്ചു.

തിലക് വര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് ആണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. തുടക്കത്തില്‍ അഭിഷേക് വര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനെയും നഷ്ടപ്പെട്ട ഇന്ത്യ പതറിയെങ്കിലും ടീമിനെ ജയിപ്പിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് തിലക് വര്‍മ ക്രീസില്‍ എത്തിയത്. പിന്നീട് തിലക് വര്‍മയുടെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ എല്ലാ ഭാഗത്തേയ്ക്കും പായുന്ന കാഴ്ചയാണ് കണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ വിജയശില്‍പ്പി. 41 പന്തില്‍ നിന്നാണ് തിലക് വര്‍മ അര്‍ധ സെഞ്ച്വറി കുറിച്ചത്.

ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി

പത്തനംതിട്ട: ശബരിമല ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്ത്. കോട്ടയത്തുള്ള സുഹൃത്താണ് നാലര വര്‍ഷമായി പീഠം സൂക്ഷിച്ചിരുന്നത്. പീഠം ശില്‍പ്പത്തില്‍ യോജിക്കാതിരുന്നപ്പോള്‍ സുഹൃത്ത് മടക്കിക്കൊണ്ടു പോകുകയായിരുന്നു. പീഠം കാണാനില്ലെന്ന് താന്‍ പറഞ്ഞപ്പോഴാണ് സുഹൃത്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പീഠങ്ങള്‍ തിരുവനന്തപുരത്തെ തന്റെ വീട്ടില്‍ എത്തിച്ചു. താന്‍ ബംഗലൂരുവിലേക്ക് പോയപ്പോള്‍ സഹോദരിയുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

2021ല്‍ സുഹൃത്ത് വാസുദേവന്റെ അടുത്താണ് സ്വര്‍ണപീഠം ശബരിമലയില്‍ സമര്‍പ്പിക്കാനായി നല്‍കിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. അളവ് കൃത്യമാകാത്തതിനാല്‍ വാസുദേവന്റെ കൈയില്‍ തന്നെ അത് അറ്റകുറ്റപ്പണി ചെയ്യാനായി ദേവസ്വം അധികൃതര്‍ തിരിച്ചു നല്‍കി. കോവിഡ് കാലമായതിനാല്‍ പിന്നീട് സ്വര്‍ണ പീഠം റിപ്പയര്‍ ചെയ്ത് സമര്‍പ്പിക്കാന്‍ കുറേക്കാലത്തേക്ക് കഴിഞ്ഞില്ല. കൊറോണ രൂക്ഷമായിരുന്നതിനാലും ദേവസ്വം ബോർഡ് പിന്നീട് ആവശ്യപ്പെടാതിരുന്നതിനാലും ഇതേക്കുറിച്ച് താനും മറന്നുപോയി. സുഹൃത്ത് പീഠം വീട്ടില്‍ സൂക്ഷിച്ചത് ദുരുദ്ദേശപരമായിരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്നു.

ശബരിമലയിൽ പീഠം ഉണ്ടാകും എന്നാണ് താൻ വിചാരിച്ചിരുന്നത്. പത്തുദിവസത്തിനകം പീഠം കണ്ടെത്തണമെന്ന് ദേവസ്വം വിജിലൻസ് എസ്പിക്ക് ഹൈക്കോടതി നിർദേശം നൽകി. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് സുഹൃത്ത്, തന്റെ വീട്ടിലിരിക്കുന്ന സാധനമാണ് ഇതെന്ന് മനസ്സിലാക്കുന്നത്. തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും എന്നതിനാലാണ് പിന്നീട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതിരുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. താന്‍ നല്‍കിയ സ്വര്‍ണപീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ദേവസ്വം വിജന്‍സ് അന്വേഷണം ആരംഭിച്ചു. ആറന്മുളയിലെ ഉള്‍പ്പെടെ ദേവസ്വം സ്റ്റോര്‍ റൂമുകളില്‍ അടിമുടി പരിശോധനയും നടത്തിയിരുന്നു.

അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ്

സംഭവത്തില്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആവശ്യപ്പെട്ടു. എന്തിനു വേണ്ടിയാണ് ഇതു ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചു എന്ന രീതിയില്‍ പഴിചാരി കള്ളം പറഞ്ഞത്?. ദേവസ്വം ബോര്‍ഡിനെ കള്ളനാക്കിയില്ലേ?. തന്നെ മോഷ്ടാവാക്കിയതിന് ആര് സമാധാനം പറയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചോദിച്ചു. പീഠം കണ്ടെത്തിയത് ആശ്വാസകരമാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയുവാന്‍ വേണ്ടി ഇദ്ദേഹം കരുതിക്കൂട്ടി ആസൂത്രണം നടത്തിയതാണ് ഇതെന്നാണ് തന്റെ സംശയമെന്നും പ്രശാന്ത് പറഞ്ഞു.

ചിക്കന്‍ ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോല്‍ കൊണ്ട് അടിച്ചു, ഏഴ് വയസുകാരന്‍ മരിച്ചു

ചിക്കന്‍ ചോദിച്ചതിന് അമ്മ ചപ്പാത്തിക്കോല്‍ കൊണ്ട് അടിച്ചു, ഏഴ് വയസുകാരന്‍ മരിച്ചു

മുംബൈ: കോഴിയിറച്ചി ആവശ്യപ്പെട്ടതിന് അമ്മ ഏഴ് വയസുകാരനെ ചപ്പാത്തി റോളര്‍ കൊണ്ട് അടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. പത്ത് വയസുള്ള മകളെയും ഇവര്‍ മര്‍ദിച്ചു. കൊലപാതകക്കുറ്റത്തിന് അമ്മയെ അറസ്റ്റ് ചെയ്തു.

പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് ചിക്കന്‍ ആവശ്യപ്പെട്ടതിന് മകനെ കൊന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല്ലവി ഗുംഡെ(40) എന്ന യുവതിയാണ് ചിക്കന്‍ ആവശ്യപ്പെട്ടതിന് മകനെ കൊന്നത്. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കാശിപദ എന്ന സ്ഥലത്തെ ഒരു ഫ്‌ളാറ്റിലാണ് പല്ലവി ഗുംഡെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വീട്ടുപകരണങ്ങളും ചപ്പാത്തിറോളറും ഉപയോഗിച്ചാണ് മകന്‍ ചിന്‍മയ് ഗണേഷ് ഗുംഡെയെ അടിച്ചു കൊന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.