by Midhun HP News | Sep 27, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാറിലെ ജനവാസമേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്തു. ഇന്നലെ രാത്രിയാണ് കാട്ടാന ഇറങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘം എത്തി ആനയെ തുരത്തുകയായിരുന്നു.
ആന പ്രദേശത്തു തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കാട്ടിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും വഴിയോരക്കടകളും ആന തകര്‍ത്തു. കടയില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ആന നശിപ്പിച്ചുആളപായമില്ല.



by Midhun HP News | Sep 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്.
ശാസ്തമംഗലം ലെയിനിലുള്ള വീട്ടില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം. ഡോ. എഡി ദാമോദരന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: സുമംഗല, ഹരീഷ് ദാമോദരന്‍. ഇ എം രാധ, ഇ എം ശ്രീധരന്‍, ഇ എം ശശി എന്നിവര്‍ സഹോദരങ്ങളാണ്.



by Midhun HP News | Sep 27, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായാണ് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും (അതി ശക്ത മഴ), എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു.
ന്യൂനമര്‍ദം ശനിയാഴ്ച രാവിലെയോടെ ആന്ധ്ര, ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. അടുത്ത ദിവസങ്ങളി ലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപക മഴയുണ്ടാകും.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വെള്ളിയാഴ്ച കനത്ത മഴയാണ് പെയ്തത്. തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലും 150 മി.മീ. അധികം മഴരേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഞായര്‍വരെ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.



by Midhun HP News | Sep 26, 2025 | Latest News, കേരളം
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.
ഈ വര്‍ഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി കഴിഞ്ഞ ദിവസം ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി വ്യാഴാഴ്ച ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപര്‍ ടിക്കറ്റുകള്‍ ആണ് വില്പന നടന്നത്. ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.
by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
വയലാർ രാമവർമ്മയുടെ വേർപാടിന് 50 ആണ്ട് തികയുകയാണ്. മലയാള കവിത – ചലച്ചിത്ര ഗാന ശാഖയിൽ തന്റെ തൂലിക കൊണ്ട് കളഭം ചാർത്തിയ വയലാറിന് ആദരവർപ്പിച്ച് വെഞ്ഞാറമൂട് ജീവകല “ഇന്ദ്രധനുസ്സ്” എന്ന പേരിൽ വയലാർ ഗാനങ്ങൾ കോർത്തിണക്കി ഗാന സന്ധ്യ ഒരുക്കുന്നു.
നാളെ (സെപ്തം: 27 ശനിയാഴ്ച) മകം സ്കൂൾ ആഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് അഡ്വ.ഡി.കെ.മുരളി എം എൽ എ ഉദ്ഘാടനം ചെയ്യും. രമണി പി.നായർ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ജോൺ വി സാമുവൽ, മുഹാദ് വെമ്പായം (നാടകരചയിതാവ്) എന്നിവർ ആശംസകൾ നേരും.

തുടർന്ന് പിന്നണി ഗായകരായ മണക്കാട് ഗോപൻ, പ്രമീള ലീല, ഖാലിദ് തുടങ്ങി ഷാജു വെഞ്ഞാറമൂട്, അവനി എസ് എസ്, വിഭു വെഞ്ഞാറമൂട്, കിളിമാനൂർ ശിവപ്രസാദ്, ആശാ ഷാജി, പുഷ്കല ഹരീന്ദ്രൻ, സുഭാഷ് എന്നിവർ വയലാറിന്റെ 28 ഗാനങ്ങൾ ആലപിക്കുന്നു.


by Midhun HP News | Sep 26, 2025 | Latest News, കേരളം
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
വാഹനത്തിന്റെ കൈവശാവകാശം, ഉടമസ്ഥാവകാശം, വാഹനം നേരത്തെ ആരെല്ലാം ഉപയോഗിച്ചിരുന്നു, ആരില്‍ നിന്നാണ് കൈമാറിയത് തുടങ്ങിയ രേഖകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കാം. കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. തന്റെ പ്രതിനിധികള്‍ ചില രേഖകള്‍ ഹാജരാക്കിയെങ്കിലും അതൊന്നും പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഹര്‍ജിയില്‍ പറയുന്നു.

ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടാണ് കേരളത്തിൽ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തതിന് പുറമെ, ഇത്തരത്തിലുള്ള കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടന്നത്.


Recent Comments