by Midhun HP News | Sep 26, 2025 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.



by Midhun HP News | Sep 26, 2025 | Latest News, കേരളം
ആലപ്പുഴ: നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്.
കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്.



by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്.
കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.



by Midhun HP News | Sep 26, 2025 | Latest News
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് ആണ്.
തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുകളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ശക്തമായ മഴയുണ്ടായി. രണ്ടുദിവസം കൂടി മധ്യ തെക്കന്‍ ജില്ലകളില്‍ ഇത് തുടരും. ശനിയാഴ്ചയ്ക്കുശേഷം മഴ കുറയും. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യകിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച് ന്യൂനമര്‍ദമാകും. തുടര്‍ന്ന് പടിഞ്ഞാറേക്ക് നീങ്ങി പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ട് 27ന് ആന്ധ്രാ തീരത്തെത്തും.



by Midhun HP News | Sep 25, 2025 | Latest News, കേരളം
വീട്ടമ്മയുടെ പ്രേതബാധ ഒഴിവാക്കാന്‍ എത്തിയ ആത്മീയ ചികിത്സകന്‍, 18 കാരി മകളുമായി മുങ്ങി. 50 വയസ്സുള്ള ‘ഉസ്താദ്’ എന്നറിയപ്പെടുന്ന റാഷിദ് എന്നയാളാണ് കോളേജ് വിദ്യാര്‍ഥിനിയുമായി കടന്നു കളഞ്ഞത് .
സംഭവത്തിൽ കാസർകോഡ് ഹോസ്ദുര്‍ഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വയനാട്, കര്‍ണാടക തുടങ്ങിയ പ്രദേശങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആത്മീയതയുടെ മറവില്‍ തട്ടിപ്പും അന്ധവിശ്വാസവും കാസര്‍കോട് ജില്ലയിലുടനീളം റാഷിദ് നിരവധി വീടുകളില്‍ ‘ആത്മീയ ചികിത്സ’ നടത്തി വരികയായിരുന്നുവെന്നും, പെണ്‍കുട്ടിയുടെ ഉമ്മയുടെ പ്രേതബാധയെ ഒഴിവാക്കാന്‍ വന്നതായിരുന്നു ഇയാള്‍ എന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചിലര്‍ക്കു അദ്ദേഹം ‘ഉസ്താദ്’ ആയിരുന്നപ്പോള്‍, മറ്റുചിലര്‍ക്കു ‘സിദ്ധന്‍’. വിശ്വസ്തര്‍ക്കു ‘തങ്ങള്‍’ എന്ന പേരിലും വിളിക്കപ്പെട്ടു. ആദ്യകാലത്ത് ഒരു ഹോട്ടലില്‍ പൊറോട്ട ചുട്ടെടുക്കുന്ന ജോലിയിലൂടെയാണ് റാഷിദ് ജീവിതം തുടങ്ങിയത്. പിന്നീട് അന്ധവിശ്വാസവും കപട ആത്മീയതയും ചൂഷണം ചെയ്ത് അയാള്‍ ‘സിദ്ധനായി’ മാറുകയായിരുന്നു.

മൊബൈല്‍ ഓഫില്‍, കുടുംബം അറിയാതെ മുങ്ങിയ സംഭവം കഴിഞ്ഞ ദിവസം കോളേജിലേക്ക് പോകുമെന്ന് പറഞ്ഞ പെണ്‍കുട്ടിയും റാഷിദും ഒരുമിച്ച് കാണാതാകുകയായിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും സ്വിച്ച് ഓഫ് നിലയിലാണ്. കുടുംബാംഗങ്ങളും പൊലീസും വ്യാപകമായ തിരച്ചിലിലാണ്. മറ്റൊരു യുവതിയില്‍ നിന്ന് 80 പവന്‍ തട്ടിയെടുത്ത തട്ടിപ്പു കേസും റാഷിദിന് എതിരെ ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയില്‍ നിന്ന് ആത്മീയ ചികിത്സയുടെ പേരില്‍ 80 പവന്‍ തട്ടിയെടുത്ത കേസിലാണ് ആരോപണം.
എന്നാല്‍ അന്ന് മധ്യസ്ഥതയിലൂടെ പരാതി ഒതുക്കിയതായും, സ്വര്‍ണം ഇതുവരെ തിരിച്ചു ലഭിച്ചിട്ടില്ലെന്നുമാണ് വിവരം. അന്ധവിശ്വാസത്തിന്റെ ചതിയിലൂടെ കോടികള്‍? രോഗശാന്തി, കുടുംബശാന്തി, പ്രേതബാധ, ശാപമോചനങ്ങള്‍ തുടങ്ങിയ തലക്കെട്ടുകള്‍ ചേര്‍ത്ത് വിശ്വാസികളെ വശത്ത് ആക്കുന്നതിനായി ആത്മീയ ക്ലാസുകള്‍, പ്രത്യേക പൂജകള്‍, ഉപവാസദിവസങ്ങള്‍ എന്നിങ്ങനെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്ധവിശ്വാസ തന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ ‘ഉസ്താദ്’ എന്ന റാഷിദിന്റെ തട്ടിപ്പ് ഓപ്പറേഷന്‍. ക്രിയകള്‍ക്ക് ആയിരക്കണക്കിന് രൂപ ഈടാക്കിയിരുന്നത്.


by Midhun HP News | Sep 25, 2025 | Latest News, കേരളം
കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയത്?. പുകവലിക്കെതിരെ മുന്നറിയിപ്പ് കവര്‍ പേജില്‍ നല്‍കിയിട്ടുണ്ടല്ലോ. പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരനെതിരെ പിഴ വിധിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

അരുന്ധതി റോയിയുടെ മദര്‍മേരി കംസ് ടു മീ എന്ന പുസ്തകത്തിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംധാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പുസ്തകത്തിന്റെ കവര്‍ പുകവലിക്കുന്ന ചിത്രമാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, ഇത് യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഹര്‍ജിയില്‍ അരുന്ധതി റോയ്, പുസ്തക പ്രസാധകര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയില്‍ പുസ്തകത്തില്‍ പുകവലിക്കെതിരെ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരനെ കോടതി വിമര്‍ശിച്ചത്. ഹര്‍ജിക്കാരന്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജി ഒക്ടോബര്‍ 7 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.


Recent Comments