തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; സസ്പെൻഡ് ചെയ്ത് അധികൃതർ

തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; സസ്പെൻഡ് ചെയ്ത് അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പിക്കോണം അംഗനവാടിയിലാണ് സംഭവം. രാത്രി കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കണ്ട മാതാപിതാക്കൾ കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ച കാര്യം കുട്ടി പറയുന്നത്.

നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെയാണ് സംഭവം. അതേസമയം, ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അധ്യാപികയോട് സംഭവം സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും അധ്യാപിക അടിച്ചില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അധികൃതർ അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; ആദ്യഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി, 1316.13 കോടിയുടെ കരാര്‍

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി; ആദ്യഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി, 1316.13 കോടിയുടെ കരാര്‍

തിരുവനന്തപുരം: കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി യാഥാര്‍ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാര്‍ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍) അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആദ്യ ഘട്ട ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡും (ഡിബിഎല്‍) പിഎസ്പി പ്രോജെക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനാണ് നിര്‍മാണക്കരാര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ അനുവദിക്കപ്പെട്ട 12 വ്യാവസായിക ഇടനാഴി – സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ജിഎസ്ടി ഉള്‍പ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.

ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വര്‍ഷം മുന്‍പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു.

ചെന്നൈ- ബംഗളൂരു വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴി നിര്‍മിക്കാന്‍ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും തുല്യപങ്കാളിത്തമുള്ള പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കേരളം 2020 സെപ്റ്റംബറില്‍തന്നെ ആരംഭിച്ചു. 2022 ജൂലൈ മാസമായപ്പോഴേക്കും സ്ഥലമേറ്റെടുപ്പ് 85 ശതമാനവും കേരളം പൂര്‍ത്തിയാക്കി. 1152 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുപ്പിന് 14 മാസം മാത്രമാണ് സംസ്ഥാനത്തിനു വേണ്ടിവന്നത്.

ജോർജുകുട്ടിയും കുടുംബവും റെഡി…. ഒപ്പം തൊടുപുഴയിലെ അവരുടെ വീടും

ജോർജുകുട്ടിയും കുടുംബവും റെഡി…. ഒപ്പം തൊടുപുഴയിലെ അവരുടെ വീടും

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോൾ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സിനിമ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പെയ്ന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി. 2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി ജോസഫ് കുരുവിള വീട് നൽകിയത്.

ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്. ഷൂട്ടിങ് തുടങ്ങിയാൽ വീടിനുള്ളിലെ ഒരു മുറിയിൽ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക. ബാക്കി സ്ഥലങ്ങൾ സിനിമയുടെ ഷൂട്ടിങ്ങിനായി വിട്ടുനൽകും. ജോസഫിനും കുടുംബത്തിനുമുള്ള ആഹാരം സിനിമ കാന്റീനിൽ നിന്നാണ് ഏർപ്പാടാക്കുന്നത്. വാഗമൺ മേഖലകളിലും ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം. തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ ആണ് നിലവിൽ ഉള്ളത്.

ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് മോഹൻലാലിന്റെ പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു. ഇന്ന് രാത്രിയോടെ മോഹൻലാൽ ഷൂട്ടിങ്ങിനായി തൊടുപുഴയിൽ എത്തുമെന്നാണ് സൂചന. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

എംഎസ്‌സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

എംഎസ്‌സി എല്‍സ-3 അപകടം: കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ എംഎസ്‌സി എല്‍സ-3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടില്‍ ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെതാണ് ഉത്തരവ്.

കപ്പലിന്റെ ഉടമകളായ എംഎസ്സി ഷിപ്പിങ് കമ്പനിക്കെതിരെ ഫയല്‍ ചെയ്ത സ്യൂട്ടില്‍ 9531 കോടി രൂപ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് എണ്ണചോര്‍ച്ചയടക്കം പരിസ്ഥിതിക്കുണ്ടായ മലിനീകരണം, മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ഉപജീവന മാര്‍ഗ നഷ്ടം, കപ്പലിലെ കണ്ടെയ്‌നറുകളില്‍ നിന്നും പുറംതള്ളിയ മാലിന്യങ്ങള്‍ നീക്കല്‍ എന്നിവ ചൂണ്ടികാട്ടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം തേടിയത്.

എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തുക യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പല്‍ കമ്പനി ഉന്നയിച്ചത്. അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ അധികാരമില്ലെന്നും അവര്‍ വാദിച്ചിരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മെയ് 24നാണ് ചരക്കുകപ്പല്‍ ചരിഞ്ഞത്. ചരിവ് നിവര്‍ത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായും മുങ്ങുകയായിരുന്നു. കപ്പലില്‍നിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്രപരിസ്ഥിതിയില്‍ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്.

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം, 7565 ഒഴിവുകൾ; എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാം, 7565 ഒഴിവുകൾ; എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം

ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ ആകാൻ മികച്ച അവസരം. 7565 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

മലയാളികൾ ഉൾപ്പെടെ നിരവധി സംസ്ഥാനത്ത് നിന്നുള്ളവർ ഡൽഹി പൊലീസിന്റെ ഭാഗമാകാറുണ്ട്. നിയമനം ലഭിച്ചാൽ മികച്ച ശമ്പളവും മറ്റ് അനുകൂല്യങ്ങളുമുണ്ടാകും. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷ നൽകാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. നിയമനം ലഭിച്ചാൽ ലെവൽ -3 പ്രകാരമുള്ള (21,700 – 69,100 രൂപ) ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 21.

കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) പുരുഷൻ- 4408, എക്സ്-സർവീസുകാർ & മറ്റുള്ളവർ (പുരുഷൻ)-285,എക്സ്-സർവീസുകാർ – കമാൻഡോ (പുരുഷൻ)- 376, കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) സ്ത്രീ -2496 എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്.

യോഗ്യത

2025 ഒക്ടോബർ 21-ന് അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസായിരിക്കണം.

പുരുഷ ഉദ്യോഗാർത്ഥികൾക്ക്: PE&MT തീയതിയിൽ LMV (മോട്ടോർസൈക്കിൾ അല്ലെങ്കിൽ കാർ) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ലേണർ ലൈസൻസ് സ്വീകാര്യമല്ല.

ഡൽഹി പൊലീസില്‍ സേവനമനുഷ്ഠിക്കുന്ന, വിരമിച്ച അല്ലെങ്കിൽ ജോലിക്കിടെ മരിച്ച വ്യക്തികൾ, പേഴ്‌സണൽ/മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ബാൻഡ്‌സ്മാൻ, ബഗ്ലർമാർ, മൗണ്ട് കോൺസ്റ്റബിൾമാർ, ഡ്രൈവർമാർ എന്നിവരുടെ മക്കൾക്ക് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവുകൾ ലഭിക്കും.

പ്രായപരിധി

18 മുതൽ 25 വയസ്സ് വരെയാണ് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി.

ഉദ്യോഗാർത്ഥികൾ 2000 ജൂലൈ 2-ന് മുമ്പോ 2007 ജൂലൈ 1-ന് ശേഷമോ ജനിച്ചവരാകരുത്.

സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയ
ടയർ 1: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE)

ഇത് ആദ്യത്തേതും ഏറ്റവും നിർണായകവുമായ ഘട്ടമാണ്. ഇത് ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് പേപ്പറാണ്. 90 മിനിറ്റ് പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ ഉണ്ടാകും

ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

പൊതുവിജ്ഞാനം/കറന്റ് അഫയേഴ്‌സ് – 50 ചോദ്യങ്ങൾ (50 മാർക്ക്)

റീസണിങ് – 25 ചോദ്യങ്ങൾ (25 മാർക്ക്)

ന്യൂമെറിക്കൽ എബിലിറ്റി – 15 ചോദ്യങ്ങൾ (15 മാർക്ക്)

കമ്പ്യൂട്ടർ പരിജ്ഞാനം – 10 ചോദ്യങ്ങൾ (10 മാർക്ക്)

ടയർ 2: ശാരീരിക അളവുകളും ശാരീരിക കാര്യക്ഷമതാ പരിശോധനയും (PE&MT)

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ വിജയിക്കുന്നവരെ ഫിസിക്കൽ ടെസ്റ്റിന് ക്ഷണിക്കും. ഇതിൽ ഓട്ടമത്സരങ്ങൾ, ലോംഗ്ജമ്പ്, ഹൈജമ്പ്, ശാരീരിക അളവുകൾ (ഉയരവും നെഞ്ചും) എന്നിവ ഉൾപ്പെടുന്നു. ഈ ഘട്ടം പൂർത്തിയാക്കിയാൽ മാത്രം മതി. ഇതിൽ ലഭിക്കുന്ന മാർക്ക് അന്തിമ മെറിറ്റ് ലിസ്റ്റിൽ ചേർക്കില്ല.

അപേക്ഷ ഫീസ്, മറ്റു വിവരങ്ങൾ എന്നിവയ്ക്കായി https://ssc.gov.in/ സന്ദർശിക്കുക.