by Midhun HP News | Sep 25, 2025 | Latest News, കേരളം
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുമ്പോള്‍ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകന്‍ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി. അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തി. മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം തുടര്‍ക്കഥയാണെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.



by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.
വടക്കൻ ഒഡിഷ, വടക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഗംഗ തട പശ്ചിമ ബംഗാളിനും, മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ദുർബലമാകാനാണ് സാധ്യത. വ്യാപക മഴയോടെ കാലവർഷ കാലം അവസാനിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മ്യാന്മാർ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കിഴക്കൻ – മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ് ദിശയിലേക്ക് ക്രമേണ നീങ്ങി വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന്, ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, സെപ്റ്റംബർ 26-ഓടെ തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ – മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ആയി വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ട്.



by Midhun HP News | Sep 25, 2025 | Latest News, കായികം
കോഴിക്കോട്: ബ്യൂണസ് ഐറിസില്‍ മെസിയുടെ അവസാന മത്സരത്തില്‍ 85,000ത്തോളം വരുന്ന കാണികളുടെ ആരവം മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ മലയാളിയായ മുഹമ്മദ് റിസ്വാനും ഉണ്ടായിരുന്നു. ആകാശ നീലയും വെള്ള നിറവും കലര്‍ന്ന ജഴ്‌സി ധരിച്ച് ആരാധകര്‍ ഗാലറിയില്‍ നിറഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നുള്ള 22 വയസുകാരന് മനോഹര നിമിഷമായിരുന്നു.
മത്സരം കാണാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വിഐപി അതിഥിയായാണ് മുഹമ്മദ് റിസ്വാനെ ക്ഷണിച്ചത്. മെസിയുടെ മൈതാനത്തെ മാന്ത്രികത മുഹമ്മദ് റിസ്വാന്‍ നേരില്‍ കണ്ടു. ‘എന്റെ സ്വപ്ന കളിക്കാരന്‍ എനിക്ക് ഈ നിമിഷം സമ്മാനിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,’ റിസ്വാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഒരൊറ്റ ഇന്‍സ്റ്റഗ്രാം റീലാണ് ഈ 22 കാരനെ മെസിയുടെ നാട്ടിലെത്തിച്ചത്. മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്ബോള്‍ ഫ്രീകിക്ക് റീല്‍ മുഹമ്മദിന് റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് നേടിക്കൊടുത്തത്. 2023 നവംബറില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 554 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്. ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങി ലോകമെങ്ങും ഈ വിഡിയോ വൈറലായിരുന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട റീലെന്ന നിലയില്‍ 2024 ജനുവരി 8 ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടി.പിന്നിട് അതേ വെള്ളച്ചാട്ടത്തിനടുത്ത് ഫുട്‌ബോള്‍ കയ്യില്‍ പിടിച്ച് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന വിഡിയോ റിസ്വാന്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.


മലപ്പുറം മങ്കടവ് ഗ്രാമത്തിലെ വ്യാപാരിയായ അബ്ദുള്‍ മജീദിന്റെ മകനാണ് മുഹമ്മദ് റിസ്വാന്‍. ഫുട്‌ബോളിനോട് പ്രണയം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. കൈയ്ക്ക് പരിക്കേറ്റതിനാലാണ് മുഹമ്മദ് റിസ്വാന്റെ ഫുട്‌ബോള്‍ എന്ന പ്രൊഫഷണല്‍ സ്വപ്‌നം തകര്‍ത്തത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ള ഫ്രീസ്‌റ്റൈല്‍ വിഡിയോകള്‍, മൂന്ന് വര്‍ഷം മുമ്പ് വീണ്ടും തീ മുഹമ്മദിനെ കാല്‍പന്തിനോട് അടുപ്പിച്ചത്. ഇന്ന് 2.2 മില്യണിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുണ്ട് മുഹമ്മദിന്.
കഴിഞ്ഞ മാസം ദുബൈയില്‍ അര്‍ജന്റീനയിലേക്കുള്ള യാത്രാമധ്യേ, ദേശീയ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണിയെ കണ്ടുമുട്ടി, തന്റെ ട്രിക്കുകള്‍ ടീമിനെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞന്ന് മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി ചെലവിട്ടത്. ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.



by Midhun HP News | Sep 25, 2025 | Latest News, കേരളം
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കലക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷന്‍ ബെഞ്ച് തീരുമാനം.

ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.
ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. സര്‍വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.


by Midhun HP News | Sep 25, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ആദ്യമായി പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആര്‍സി വിലാസം വ്യാജമാണെന്ന് കണ്ടെത്തി. കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. അതേസമയം നടന്‍ അമിത് ചക്കാലക്കലിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമിത് ചക്കാലക്കലിന് കോയമ്പത്തൂരിലെ വാഹന മാഫിയയുമായി ബന്ധം ഉണ്ടോ എന്നതടക്കമാണ് അന്വേഷിക്കുന്നത്.

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ആയിരത്തോളം ആഡംബര കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ 200 ഓളം വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇതുവരെ കസ്റ്റംസിന് 38 വാഹനങ്ങള്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ സാധിച്ചത്. റെയ്ഡിന്റെ വിവരം അറിഞ്ഞ് നിരവധിപ്പേര്‍ വാഹനങ്ങള്‍ ഒളിപ്പിച്ചതായും കസ്റ്റംസ് സംശയിക്കുന്നുണ്ട്. റെയ്ഡുമായി മുന്നോട്ടുപോകാനാണ് കസ്റ്റംസിന്റെ തീരുമാനം. അതിനിടെയാണ് കുണ്ടന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. രേഖകള്‍ അനുസരിച്ച് അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലുള്ളതാണ് വാഹനം. എന്നാല്‍ ആര്‍സി രേഖകളിലെ മേല്‍വിലാസം വ്യാജമാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇങ്ങനെയൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശവും ഇങ്ങനെയൊരു വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇല്ല. ഇത്തരത്തില്‍ പല വാഹനങ്ങളും വ്യാജ രേഖ സൃഷ്ടിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

അതിനിടെ നടന്‍ അമിത്തിന്റെ ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താനും കസ്റ്റംസ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി അമിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചുവരുത്തിയേക്കും. നടന്‍ അമിത് ‘വലിയ പുള്ളി’ എന്നാണ് കസ്റ്റംസ് വിശേഷിപ്പിക്കുന്നത്. വാഹനയിടപാടുകളിലെ മുഖ്യ ഇടനിലക്കാരില്‍ ഒരാളാണ് അമിത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി അമിത്തിന് അടുത്ത ബന്ധം ഉണ്ടെന്നും സംശയമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തന്റെ ഒരു വാഹനം മാത്രമാണ് പിടിച്ചെടുത്തതെന്നും ആ വാഹനം പത്തുദിവസത്തിനകം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണെന്നുമാണ് അമിത് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ആ വാഹനത്തിന്റെ പേപ്പറുകള്‍ എല്ലാം ക്ലിയര്‍ ആണ്. അതുകൊണ്ട് ഉടന്‍ തന്നെ വാഹനം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയാണ് അമിത് ഇന്നലെ മാധ്യമങ്ങളുമായി പങ്കുവെച്ചത്. എന്നാല്‍ അമിത്തിന്റെ പേരില്‍ ഒരു ഗ്യാരേജ് ഉണ്ട്. അവിടെ മോഡിഫിക്കേഷനായി നിരവധി വാഹനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ വാഹനങ്ങളെല്ലാം അദ്ദേഹത്തിന്റെ പേരിലാണോ അതോ ബിനാമി ഇടപാടുകള്‍ ആണോ എന്നതടക്കമുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. അമിത്തിന് വാഹന ഡീലര്‍ഷിപ്പ് ഉണ്ട്. മറ്റു സിനിമാ താരങ്ങള്‍ക്ക് വാഹനങ്ങള്‍ എത്തിച്ചുനല്‍കുന്ന ഇടനിലക്കാരനാണ് അമിത് എന്നാണ് കസ്റ്റംസ് പറയുന്നത്. സ്ഥിരം യാത്ര ചെയ്യുന്ന അമിത്, പുറത്തുപോയി വാഹനങ്ങള്‍ കൊണ്ടുവരുന്ന ആളാണെന്നും കസ്റ്റംസ് പറയുന്നു.

Recent Comments