by Midhun HP News | Sep 13, 2025 | Latest News, ജില്ലാ വാർത്ത
മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ട്‌ലെറ്റിൽ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന ബിവറേജസ് കോർപറേഷന്റെ പദ്ധതിയിൽ ആദ്യദിവസം തന്നെ കുപ്പികൾ തിരിച്ചെത്തി തുടങ്ങി. ക്വാർട്ടർ കുപ്പികളാണ് (180 എംഎൽ) തിരികെ എത്തിയതിലേറെയും. 20 രൂപ നിക്ഷേപത്തുകയ്ക്ക് നൽകേണ്ട രസീത് അച്ചടി പൂർത്തിയായി ഔട്ട്‌ലെറ്റുകളിൽ എത്തിക്കാതിരുന്നത് പലയിടത്തും തർക്കങ്ങൾക്കിടയാക്കി.
കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ട്‌ലെറ്റിന് സമീപത്ത് തന്നെ മദ്യപിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9ന് ഔട്ട്‌ലെറ്റ് തുറന്ന ഉടൻ മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തി. ചിലർ ഔട്ട്‌ലെറ്റിന്റെ പരിസരത്ത് തന്നെ മദ്യം അകത്താക്കി കുപ്പി തിരികെ ഏൽപ്പിച്ചു. മറ്റ് ചിലർ വാങ്ങിയ മദ്യം കുപ്പി പൊട്ടിച്ച് ഒപ്പം കൊണ്ടുവന്ന കുപ്പിയിലേക്ക് മാറ്റി കാലിക്കുപ്പി തിരിച്ചേൽപ്പിച്ച് 20 രൂപ തിരിക വാങ്ങി.
കാലിക്കുപ്പി വാങ്ങാൻ 20 രൂപ തിരിച്ചുകൊടുക്കാൻ പ്രത്യേക കൗണ്ടർ തുറക്കുമെന്നും കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പലയിടത്തും അച്ചടിച്ച രസീത് എത്തിയിരുന്നില്ല. അധികം വാങ്ങുന്ന തുകയ്ക്ക് രസീത് നൽകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഇത് തർക്കത്തിലേക്ക് എത്തിച്ചു. നിലവിലുള്ള കൗണ്ടറുകൾ വഴി തന്നെയായിരുന്നു കുപ്പി തിരികെ വാങ്ങിയത്. കൗണ്ടറിൽ ബിൽ ചെയ്യുന്ന ജീവനക്കാരൻ തന്നെ കുപ്പിക്കുപുറത്ത് ലേബൽ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി.
തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം മദ്യവിൽപന നടക്കുന്ന പവർഹൗസ് റോഡ് ഔട്ട്‌ലെറ്റിൽ ബുധനാഴ്ച രാത്രി 7 വരെ 400 കുപ്പികൾ തിരിച്ചെത്തി. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. മദ്യം വാങ്ങുന്ന ഔട്ട്‌ലെറ്റിൽ തന്നെ കാലിക്കുപ്പി തിരിച്ചേൽപ്പിച്ചാൽ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പുതിയ പരാതി. 20 രൂപയ്ക്ക് വേണ്ടി കുപ്പി സൂക്ഷിച്ചുവെച്ച്, ഇതേ ഔട്ട്‌ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നാണ് മദ്യ ഉപഭോക്താക്കൾ ചോദിക്കുന്നത്. ഫലത്തിൽ പദ്ധതി നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളിൽ മാത്രം മദ്യവില 20 രൂപ ഉയർന്നു
by Midhun HP News | Sep 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓഹരി വിപണിയില്‍ ലാഭമുണ്ടാക്കി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി.
ഭരതന്നൂര്‍ സ്വദേശി വിജയന്‍ പിള്ള സഹോദരന്‍ മുരളീധരന്‍ എന്നിവരില്‍ നിന്ന് പൊലീസ് പണം തട്ടിയെന്നാണ് പരാതി. 2020ല്‍ ഡിജിപി ഓഫീസില്‍ ജോലി ചെയ്യവെയാണ് രവിശങ്കര്‍ പണം തട്ടിയത്. പൊലീസില്‍ ഒരുപാട് പേര്‍ക്ക് ലാഭവിഹിതം ഉണ്ടാക്കി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം തിരികെ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി. രവിശങ്കറിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി എഫ്‌ഐആറുകളുണ്ട്. നിലവില്‍ രവിശങ്കര്‍ കല്‍പ്പറ്റ പൊലീസ് ക്യാംപില്‍ ഡ്യൂട്ടിയിലാണ്.
തട്ടിയെടുത്ത പണം കൊണ്ട് രവിശങ്കര്‍ പല സ്ഥലങ്ങളിലായി വസ്തു വാങ്ങിയതായി വിവരം ലഭിച്ചിരുന്നതായി പരാതിക്കാര്‍ പറയുന്നു. കേസില്‍ പരാതി നല്‍കിയെങ്കിലും രവിശങ്കറിനെതിരെ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതിക്ക് പിന്നാലെ കുറച്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥാനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്.
by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഞായറാഴ്ച്ച (സെപ്റ്റംബർ 14) നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
രാവിലെ 5 ന് നാരായണീയ പാരായണം, 8 നു ലക്ഷാർച്ചന, 10.30 നു അന്നദാനം, വൈകുന്നേരം 3 നു ഉറി ഊരുചുറ്റൽ, 4 നു കുട്ടികളുടെ ഉറിയടി, 6.15നു ശോഭാ യാത്രാ സംഗമം, 7 നു നൃത്തസന്ധ്യ, രാത്രി 8.30 നു ലഘുഭക്ഷണം, 9.30നു നൃത്താർച്ചന, 12.30 നു ശ്രീകൃഷ്ണാവതാരം തുടർന്ന് മാടൻ നടയിൽ ചിറപ്പും വിളക്കും നടക്കും.
by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മംഗലപുരം സ്വദേശി ജയകുമാറിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വെയിലൂർ സ്വദേശി സജീറിനെ (കായൽ ചാടി സജീർ) കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തി ശിക്ഷവിധിച്ചു.
2008നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടറക്കരി ജങ്ഷനിൽ യങ്മെൻസ് ക്ലബിന് സമീപം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമിച്ചു കൊണ്ടിരിക്കുമ്പോൾ മരണപ്പെട്ട ജയകുമാർ പ്രതിയുടെ ഇരട്ടപേരു വിളിച്ചതിന്റെ വൈരാഗ്യത്തിൽ യങ്മെൻസ് ക്ലബിനകത്തു സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ടുവന്നു പ്രതി സജീർ ജയകുമാറിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് ജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.
തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷൻസ് ജഡ്ജ് സിജു ഷെയ്‌ഖ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1,00,000/- രൂപ (ഒരു ലക്ഷം രൂപ) പിഴ ഒടുക്കാനും ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി അനിൽകുമാർ അന്വേഷണം നടത്തിയ കേസിൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ബിനുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ്, അഡ്വക്കേറ്റുമാരായ ബീനാകുമാരി എ, ലക്ഷ്മി എം എസ് എന്നിവർ ഹാജരായി.
by Midhun HP News | Sep 12, 2025 | Latest News, ജില്ലാ വാർത്ത
നഗരൂർ നന്ദായവനം സ്വദേശി സാബുവിനെ കൊലപ്പെട്ടുത്തിയ സംഭവത്തിലെ പ്രതിയെ കോടതി വെറുതെ വിട്ടു. നഗരൂർ നെടുമ്പറമ്പ് പുല്ലുവിള സ്വദേശി ബിജോയിയെയാണ് കോടതി വെറുതെ വിട്ടത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവിന്റെ കല്യാണത്തിന് ബിയറിന് വേണ്ടിയുള്ള വഴക്കാണ് പ്രതിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്.
കിളിമാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്‌ടറായിരുന്ന അമ്മിണിക്കുട്ടന്റെ പ്രാഥമിക അന്വേഷണത്തിലും ആറ്റിങ്ങൽ A.S.P ആയിരുന്ന ആദിത്യ IPSന്റെ അന്വേഷണത്തിലുമാണ് കേസിലെ പ്രതി ബിജോയ് കുറ്റക്കാരനല്ലെന്ന് കണ്ട് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ് അനിൽകുമാർ വെറുതെ വിടാൻ ഉത്തരവിട്ടത്. പ്രതിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ഷാജി ചിറയിൻകീഴ് കോടതിയിൽ ഹാജരായി.
by Midhun HP News | Sep 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ആസ്റ്റര്‍ മെഡ്സിറ്റി. ഗുരുവായൂര്‍ സ്വദേശിനിയായ 42 വയസ്സുകാരി നിഷ പുരുഷോത്തമനാണ് നൂതന ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം തന്നെ നിഷയ്ക്ക് ആശുപത്രി വിടാനായി. ഹൃദ്രോഗ ചികിത്സയില്‍ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റമാണ് റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്.
ഗുരുതരമായ ട്രിപ്പിള്‍-വെസ്സല്‍ ഡിസീസ് എന്ന രോഗമാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ട മൂന്ന് ഹൃദയധമനികളിലും ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയുടെ ബുദ്ധിമുട്ടുകളും, വലിയ മുറിവും, ദീര്‍ഘകാലത്തെ വിശ്രമവും ഉള്‍പ്പെടെയാണ് മിനിമലി ഇന്‍വേസിവ് ശസ്ത്രക്രിയ തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. റോബോട്ടിക് സഹായത്തോടെയുള്ള മിനിമലി ഇന്‍വേസിവ് ഡയറക്ട് കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയയാണ് നിഷയ്ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമാകുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ശസ്ത്രക്രിയാ സംഘം വിലയിരുത്തി. റോബോട്ടിക്ക് സാങ്കേതികവിദ്യയുടെ കൃത്യതയോടെ നടപ്പാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ മികച്ച കൃത്യതയും നിയന്ത്രണവും വ്യക്തമായ കാഴ്ചയുമാണ് റോബോട്ടിക് സംവിധാനം ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്.
നൂതനമായ ആരോഗ്യ സേവനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്ന്” ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രമേശ് കുമാര്‍ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ റോബോട്ടിക് അസിസ്റ്റഡ് കാര്‍ഡിയാക് ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത് അഭിമാനകരമായ ഒരു നാഴികക്കല്ലും ഹൃദയ പരിചരണത്തിലെ ഒരു വലിയ മുന്നേറ്റവുമാണ്. ഇത്തരം കണ്ടുപിടിത്തങ്ങള്‍ ശസ്ത്രക്രിയകളുടെ ഭാവിയെ പുനര്‍നിര്‍വചിക്കുമെന്നും സങ്കീര്‍ണ്ണമായ ചികിത്സാക്രമങ്ങള്‍ കൂടുതല്‍ സുരക്ഷിതവും എളുപ്പവുമാക്കുമെന്നും രമേശ് കുമാര്‍ പറഞ്ഞു. ഹൃദയ ശസ്ത്രക്രിയാരംഗത്ത് ഈ നേട്ടം ഒരു വലിയ മുന്നേറ്റമാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ റോബോട്ടിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.എം. യൂസഫ് പറഞ്ഞു.
”റോബോട്ടിക് ശസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ആദ്യം ഭയമുണ്ടായിരുന്നു, ഡോക്ടര്‍മാര്‍ ധൈര്യം പകരുകയും അവസാനം വരെ കൂടെനില്‍ക്കുകയും ചെയ്തു” എന്ന് സര്‍ജറിക്ക് വിധേയയായ നിഷ പുരുഷോത്തമന്‍ പറഞ്ഞു.
ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികള്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ റോബോട്ടിക്-അസിസ്റ്റഡ് രീതി വളരെ അനുയോജ്യമാണ്. എന്നുമാത്രമല്ല, അതിലൂടെ രോഗികള്‍ക്ക് കാര്യമായ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ചെറിയ മുറിവുകളിലൂടെ കൂടുതല്‍ മികച്ച ഫലം ലഭിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. ശസ്ത്രക്രിയക്ക് ശേഷം ശരീരത്തില്‍ ഉണ്ടാകുന്ന പാടുകള്‍ കുറയ്ക്കാന്‍ കഴിയും. രോഗികള്‍ക്ക് വളരെ വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സാധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീര്‍ണ്ണതകളും വേദനയും കുറയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായകരമാണെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോബോട്ടിക് കാര്‍ഡിയാക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം.എം. യൂസഫിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ സര്‍ജിക്കല്‍ ടീമാണ് അപൂര്‍വമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. കാര്‍ഡിയോവാസ്‌കുലാര്‍ തൊറാസിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. മനോജ് പി. നായര്‍, ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് കുര്യന്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. സബിന്‍ സാം, ഡോ. ജിഷ്ണു പള്ളിയാനി, അനസ്‌തേഷ്യോളജി, പെയിന്‍ മെഡിസിന്‍ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സര്‍വീസസ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സുരേഷ് ജി. നായര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Recent Comments