വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീണ് മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപ്പാറ കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്.

വീട്ടുപരിസരത്ത് ഒരുമിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ അബദ്ധത്തിൽ തുറന്നുകിടന്ന വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്.

ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അവനവഞ്ചേരി സ്വദേശിനിയ്ക്കു ആദരവ് നൽകി

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അവനവഞ്ചേരി സ്വദേശിനിയ്ക്കു ആദരവ് നൽകി

ആറ്റിങ്ങൽ: നീറ്റ് യു.ജി. എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടി മെഡിക്കൽ പ്രവേശനം നേടിയ അവനവഞ്ചേരി കിളിത്തട്ടുമുക്ക് കല്ലിംഗൽ വീട്ടിൽ യു. അനഘയെ എൻ.എസ്.എസ് അവനവഞ്ചേരി കരയോഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

പെയിന്റിംഗ് തൊഴിലാളിയായ അജിയുടെയും ഉഷയുടെയും ഏക മകളാണ് അനഘ. മികച്ച വിജയം നേടിയ അനഘയ്ക്ക് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ് പഠനത്തിന് പ്രവേശനം ലഭിച്ചത്.
കരയോഗം ഭാരവാഹികളായ ഭുവനചന്ദ്രൻ നായർ, രാജീവ്, ടി.എൽ. ഫ്ലൂൻ, ടി.ആർ. കോമളകുമാരി, അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് മുന്നേറ്റം

പാലക്കാട് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതിന് മുന്നേറ്റം

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പെരുകുത്തിക്കാവ് വാർഡിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെ എൽഡിഎഫ് അട്ടിമറി വിജയം നേടി. ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ ഉൾപ്പെടെയുള്ള സുപ്രധാന സീറ്റുകൾ എൽഡിഎഫ് നിലനിർത്തിയപ്പോൾ, ചില പഞ്ചായത്ത് വാർഡുകളിൽ യുഡിഎഫും മുന്നേറ്റമുണ്ടാക്കി.

ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പെരുകുത്തിക്കാവ് വാർഡിൽ സുമേഷ് അച്യുതൻ എംഎൽഎ ആയതിനെത്തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യമായി 423 വോട്ടുകൾ വീതം ലഭിച്ചു. ഇതോടെ വലിയ രാഷ്ട്രീയ ആകാംക്ഷ ഉടലെടുക്കുകയും തുടർന്ന് ജില്ലാ കളക്ടറുടെ അനുമതിയോടെ ടോസ് ഇടുകയുമായിരുന്നു. ടോസ് ഭാഗ്യം തുണച്ചതോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി. തുളസീധരൻ വിജയിച്ചതായി പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സിറ്റിങ് വാർഡിലാണ് എൽഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയത്.

പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷനിൽ എൽഡിഎഫ് തങ്ങളുടെ ആധിപത്യം നിലനിർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എം. ശശി ആലത്തൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു ഇവിടെ മത്സരം.

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പൊന്നുക്കുട്ടൻ മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. കൂടാതെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നവ നഗർ ഡിവിഷൻ എൽഡിഎഫിലെ എം. തൗശികയിലൂടെ ഇടത് മുന്നണി നിലനിർത്തി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പറ്റ ഡിവിഷൻ യുഡിഎഫിൽനിന്ന് എൽഡിഎഫ് സ്ഥാനാർത്ഥി രേഖാ സന്തോഷ് പിടിച്ചെടുത്തു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡിൽ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിന്ദുകുമാരി എൽഡിഎഫ് സീറ്റ് നിലനിർത്തി.

‘100 സെഞ്ച്വറി അടിക്കും, കോഹ്‍ലിയേക്കാൾ മികച്ച ബാറ്റർ ഇല്ല’

‘100 സെഞ്ച്വറി അടിക്കും, കോഹ്‍ലിയേക്കാൾ മികച്ച ബാറ്റർ ഇല്ല’

മുംബൈ: സ്വന്തം സമ്മർ​ദ്ദങ്ങളാണ് വിരാട് കോഹ്‍ലിയുടെ ഉള്ളിലെ പോരാളിയെ എല്ലായ്പ്പോഴും പുറത്തെടുക്കാറുള്ളതെന്ന ശ്രദ്ധേയ നിരീക്ഷണവുമായി മുൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ. രഹാനെയ്ക്കു പിന്നാലെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തികും കോഹ്‍ലിയെ വാനോളം പുകഴ്ത്തി തന്റെ അഭിപ്രായങ്ങൾ പങ്കിട്ടു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു കോഹ്‍ലി ഇന്ത്യയെ ജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. പിന്നാലെയാണ് മുൻ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്.

‘കോഹ്‍ലി സ്വയം സമ്മർദ്ദം ചെലുത്തുമ്പോഴാണ് അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലെത്തുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോ ഇന്നിങ്സ് കളിക്കാനിറങ്ങുമ്പോഴും അദ്ദേഹം അത് ചെയ്യുന്നു. അദ്ദേഹത്തിനു തന്നിൽത്തന്നെ വലിയ പ്രതീക്ഷകളുണ്ട്. അതുകൊണ്ടാണ് ഇത്രയും വർഷങ്ങളായി തുടർച്ചയായി മികവോടെ കളിക്കാൻ കോഹ്‍ലിക്ക് സാധിക്കുന്നത്. വിരാടിനെ അറിയാവുന്നതു കൊണ്ടു പറയുകയാണ് അദ്ദേഹം 100 സെഞ്ച്വറികളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റില്ല. കാരണം അദ്ദേഹത്തിന്റെ മാതൃകാപുരുഷൻ സച്ചിൻ ടെണ്ടുൽക്കറാണ്. അതുകൊണ്ട് അദ്ദേഹം അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകും’- രഹാനെ വ്യക്തമാക്കി.

ദിനേശ് കാർത്തികും കോഹ്‍ലിയുടെ ബാറ്റിങിനെക്കുറിച്ച് വാചാലനായി.

‘കോഹ്‍ലി കളത്തിൽ ഉള്ള കാലത്തോളം നമ്മൾ അദ്ദേഹത്തെ ശരിക്കും ആസ്വദിക്കണം. ലോകകപ്പ് കഴിയും വരെ ടീമിലുണ്ടാകുമെന്നു അദ്ദേഹം നമ്മളോട് പറഞ്ഞുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹം ഇതിനു മുൻപ് അവസാനം കളിച്ചത് ജൂലൈ 19നാണ്. സെപ്റ്റംബർ 27നാണ് അടുത്ത കളിക്ക് ഇറങ്ങിയത്. രണ്ട് മാസമായി ബാറ്റ് തൊടാത്തെ ഒരാളെപ്പോലെയാണോ അദ്ദേഹത്തെ കണ്ടാൽ തോന്നുന്നത്. തുടക്കം മുതൽ ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും ക്രീസിൽ ആധിപത്യം പുലർത്തിയാണ് അദ്ദേഹം ബാറ്റ് ചെയ്തത്.’

‘ഏകദിനത്തിൽ 157 സ്ട്രൈക്ക് റേറ്റിൽ സെഞ്ച്വറി നേടുക എന്നത് തികച്ചും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇതൊരു ഫ്ലാറ്റ് പിച്ചായിരുന്നുവെന്നു എനിക്കറിയാം. 40-42 ഓവറുകളിൽ ഇന്ത്യ ഇതു മറികടന്നേക്കാം എന്നു നമ്മൾ സംസാരിച്ചിരുന്നു. അതുതന്നെയാണ് ഇന്ത്യ ചെയ്തതും. അതിനേക്കാളൊക്കെ ഉപരി കോഹ്‍ലി താളം കണ്ടെത്തുന്നു എന്നതാണ് പ്രധാനം. കോഹ്‍ലിയെപ്പോലെ വളരെ കുറച്ചു മത്സരങ്ങൾ മാത്രം കലിക്കുന്ന ഒരാൾക്ക് റിഥം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ആ താളം കണ്ടെത്താൻ കഴിഞ്ഞാൽ ഈ ലോകത്ത് അദ്ദേഹത്തേക്കാൾ മികച്ച കളിക്കാരനില്ല’- ദിനേശ് കാർത്തിക് വ്യക്തമാക്കി.

കാര്യവട്ടത്ത് ആദ്യ ഏകദിനത്തിൽ വെറും 88 പന്തിൽ 139 റൺസാണ് കോഹ്‍ലി അടിച്ചെടുത്തത്. ഏകദിനത്തിലെ അദ്ദേ​ഹത്തിന്റെ ശതകങ്ങളുടെ എണ്ണം 55ൽ എത്തി. മൊത്തം സെഞ്ച്വറികളുടെ എണ്ണം ഇപ്പോൾ 86ലും എത്തി. സച്ചിൻ ടെണ്ടുൽക്കറുടെ 100 അന്താരാഷ്ട്ര സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് എത്താൻ കോഹ്‍ലിക്ക് ഇനി 14 സെഞ്ച്വറികൾ കൂടിയാണ് വേണ്ടത്. ഈ റെക്കോർഡ് കോഹ്‍ലിക്ക് അപ്രാപ്യമല്ലെന്നാണ് ക്രിക്കറ്റ് പണ്ഡിതരും മുൻ താരങ്ങളുമടക്കമുള്ളവർ നിരീക്ഷിക്കുന്നത്.

ഇന്ത്യ- വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടം ​ബുധനാഴ്ച അരങ്ങേറും. ​ഗുവാഹത്തിയിലാണ് മത്സരം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു.

സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്

സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 2600 രൂപയിലധികമാണ് ഇടിഞ്ഞത്. നാലുദിവസത്തിനിടെ 3000 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.