‘എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?’ കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

‘എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?’ കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

ചെന്നൈ: ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്തുള്ള പഴയശീവരത്താണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. 28കാരിയായ സോണിയയെയാണ് ഭര്‍ത്താവ് സോമസുന്ദരം( 28) കൊലപ്പെടുത്തിയത്. ആറ് മാസം മുമ്പാണ് ഹോം ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന സോമസുന്ദരവുമായി സോണിയയുടെ വിവാഹം നടന്നത്.

വിവാഹ ശേഷം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തര്‍ക്കത്തിനിടയിലാണ് സോമസുന്ദരം കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉന്നയിച്ചത്. ഈ തര്‍ക്കം കൊലപാതകത്തിലെത്തിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്നും ഈ വിവരം ഭാര്യയില്‍ നിന്ന് മറച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും സോമസുന്ദരം പറയുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടായത് ഇതുകൊണ്ടാണെന്നും ഇയാള്‍ പറയുന്നു. വഴക്കിനിടയില്‍ ഇയാള്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട് പുറത്തു നിന്ന് പൂട്ടി ഇയാള്‍ രക്ഷപ്പെട്ടു.

മകളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സോണിയയുടെ മാതാപിതാക്കളാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് മകളുടെ മൃതദേഹം കണ്ടെത്തിയതോടെ ശാലവാക്കം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ നടത്തിയ അന്വേഷത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും മറ്റു ഇതര ലൊക്കേഷനുകളിലുമായി പുരോഗമിക്കുകയാണ്. ഡോക്ടർ കെ അമ്പാടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു അഭിനയിക്കുന്ന വിവരം സൈജു കുറുപ്പാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ന് റിവീൽ ചെയ്തത്.

മലയാളികൾക്ക് മികവുറ്റ സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. മാളികപ്പുറത്തിനു ശേഷം രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. പ്രോജക്റ്റ് ഡിസൈനർ : മംഗളം ജയചന്ദ്രൻ, ഡി ഓ പി : സജാദ് കാക്കു, എഡിറ്റർ : അജീഷ് ഇടമൺ, പ്രൊഡക്ഷൻ കൺട്രോളർ : ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ : രാഖിൽ, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ. സി, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, അസ്സോസിയേറ്റ് ഡയറക്റ്റർ : നിധീഷ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, ഡിസൈൻ : ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

റിയാദ്: ഗള്‍ഫ് മേഖലയില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിലായി എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയിലെ അസീറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജീപ്പ് ഒഴുക്കില്‍പ്പെട്ട് ഡ്രൈവര്‍ മുങ്ങിമരിച്ചു. അയല്‍രാജ്യമായ യെമനില്‍ ഇടിമിന്നലില്‍ നാല് സ്ത്രീകളടക്കം ഏഴുപേര്‍ മരിച്ചു.

അസീര്‍ പ്രവിശ്യയിലെ വാദി കഹ്ലയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കില്‍പ്പെട്ട വാഹനം വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. വിന്‍ഡോയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അതിശക്തമായ കുത്തൊഴുക്ക് കാരണം സമീപത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടുത്താനായില്ല. ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

യെമനില്‍ മിന്നലേറ്റ് ഏഴു പേര്‍ മരിച്ചു

വടക്കന്‍ യെമനിലെ അംറാന്‍ ഗവര്‍ണറേറ്റിലെ അമദ് ഗ്രാമത്തില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലില്‍ നാല് സ്ത്രീകള്‍ മരിച്ചു. ഹൂത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ സൂപ്പര്‍വൈസര്‍ ഒരുക്കിയ വനിതാ പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സംഭവത്തില്‍, അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ ജബല്‍ റാസ് ജില്ലയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് ദമ്പതികളും മകളും മരിച്ചു.

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പാലക്കാട്: തിരുവേഗപ്പുറയില്‍ ലോറിയിലും കാറിലും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു. എടപ്പലം അമ്പാടി കുന്നത്ത് അനില്‍കുമാര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയും തുടര്‍ന്ന് കാറിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊപ്പം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഡല്‍ഹി: രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി. 1969-ലെ നിലവിലുള്ള നിയമത്തില്‍ നിര്‍ണായക ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പുതിയ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്.

ജനന-മരണ വിവരങ്ങള്‍ കൃത്യസമയത്ത് രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, വര്‍ഷങ്ങള്‍ വൈകി നല്‍കുന്ന വ്യാജ അപേക്ഷകളും ക്രമക്കേടുകളും തടയുന്നതിനുമാണ് നിയമത്തില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ ഉറപ്പുവരുത്തുന്നത് രാജ്യത്തിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും സുഗമമായ ഭരണനിര്‍വ്വഹണത്തിനും അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോയത്.

പുതിയ ഭേദഗതി അനുസരിച്ച്, സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷവും രണ്ട് വര്‍ഷത്തിനുള്ളിലും വിവരങ്ങള്‍ രേഖപ്പെടുത്തണമെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെയോ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ പ്രത്യേക ഉത്തരവും പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിലധികം വൈകുന്ന ജനന-മരണ രജിസ്‌ട്രേഷനുകള്‍ക്ക് ഇനി മുതല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കൃത്യമായ ഉത്തരവും സത്യസന്ധതാ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ വൈകുന്ന ഏത് രജിസ്‌ട്രേഷനും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ അനുമതിയോടെ മാത്രം നടന്നിരുന്ന ഏകീകൃത രീതിക്ക് പകരമായാണ് ഈ രണ്ട് ഘട്ട നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. അതേസമയം, സാധാരണ നിലയിലുള്ള 21 ദിവസത്തിനുള്ളിലെ രജിസ്‌ട്രേഷന്‍ നടപടികളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം വഴി രാജ്യത്തെ വിവരശേഖരണം കൂടുതല്‍ കുറ്റമറ്റതാക്കാനും ഡിജിറ്റല്‍ ഡാറ്റാബേസ് സുരക്ഷിതമാക്കാനും പുതിയ ഭേദഗതി ഉപകരിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്മാരുടെ നിയമപരമായ ഐഡന്റിറ്റിയും അവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹരല്ലാത്തവര്‍ തട്ടിയെടുക്കുന്നത് തടയാന്‍ ഇത് സഹായിക്കും. കൂടാതെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വോട്ടര്‍ പട്ടികയിലോ മറ്റ് രേഖകളിലോ ക്രമക്കേട് നടത്തുന്നത് തടയാനും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നേരിട്ടുള്ള പരിശോധന തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളെ സമയബന്ധിതമായി ജനന-മരണ രജിസ്‌ട്രേഷന് പ്രേരിപ്പിക്കുന്നതിന് ബോധവല്‍ക്കരണം ശക്തമാക്കാനും ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനും ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.

നിലവിലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമത്തില്‍ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ത്താണ് ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വ്യാജരേഖകള്‍ നിര്‍മിച്ച് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടാനും പൗരത്വ അവകാശവാദത്തിനുമടക്കം ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് വില കുറയ്ക്കുന്നത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിണ്ടറിന് കൊല്‍ക്കത്തയില്‍ 209 രൂപയും ഡല്‍ഹിയില്‍ 202 രൂപയും കുറഞ്ഞു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില.

വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമാകും. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളടക്കം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോ?ഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിന് വില കുറച്ചിരിക്കുന്നത്.