by Midhun HP News | Sep 8, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: യാത്രാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ തുടങ്ങിയവയുടെ നിരയിലേക്കാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളും എത്തുന്നത്. പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് സെപ്റ്റംബര്‍ 22 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത് യാഥാര്‍ഥ്യമായാല്‍ ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 രൂപ വരെ കുറയും. വെന്യു, വെന്യു എന്‍ ലൈന്‍ എന്നിവയുടെ വില 1.19 ലക്ഷം മുതല്‍ 1.23 ലക്ഷം രൂപ വരെ കുറയും. ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് 72,145 രൂപ വരെ വിലക്കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍കാസറിന് 75,376 രൂപ വരെ വിലക്കുറയും. ട്യൂസണിന് 2.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും.
‘യാത്രാ വാഹനങ്ങളുടെ ജിഎസ്ടി കുറയ്ക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ പുരോഗമനപരവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ നീക്കത്തെ ഞങ്ങള്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ഈ പരിഷ്‌കാരം ഓട്ടോമോട്ടീവ് വ്യവസായത്തിന് ഒരു ഉത്തേജനം മാത്രമല്ല, വ്യക്തിഗത യാത്ര കൂടുതല്‍ താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പു കൂടിയാണ്.”- ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ അന്‍സൂ കിം പറഞ്ഞു.
ജിഎസ്ടി കൗണ്‍സില്‍ ചെറുകാറുകളുടെ ജിഎസ്ടി 28% ല്‍ നിന്ന് 18% ആയി കുറച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്യുവികള്‍) ഉള്‍പ്പെടെയുള്ള പ്രീമിയം കാറുകള്‍ക്ക് 40 ശതമാനം ജിഎസ്ടി ആണ് ചുമത്താന്‍ പോവുന്നത്. നേരത്തെ ജിഎസ്ടി പ്ലസ് സെസ് അടക്കം 48% വരെ ചുമത്തിയിരുന്നു.
മഹീന്ദ്ര എസ്യുവികളുടെ വിലയില്‍ 1.01 ലക്ഷം രൂപ വരെ (താര്‍ 4WD) വില കുറയും. ടൊയോട്ട 3.49 ലക്ഷം രൂപ വരെയും (ഫോര്‍ച്യൂണര്‍) വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 1.55 ലക്ഷം രൂപ വരെയും (നെക്സോണ്‍) വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Sep 8, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.
ഗ്രാമിന് ആനുപാതികമായി പത്തു രൂപ കുറഞ്ഞു. 9935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീടാണ് 79,000ലേക്ക് വിലയെത്തിയത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
by Midhun HP News | Sep 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. വിലയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ് (35) നെയാണ് പിതാവ് കൊലപ്പെടുത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
കൊലപാതകത്തില്‍ പിതാവ് ഉണ്ണികൃഷ്ണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടര്‍ന്നുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അമ്മ വീട്ടില്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
മദ്യപിച്ചശേഷം വീട്ടുസാധനങ്ങള്‍ അടിച്ചു പൊട്ടിക്കുകയും അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഉല്ലാസിന്റെ അമ്മ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇവരെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യം ഉണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു.
by Midhun HP News | Sep 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നവീകരിച്ച ആറ്റിങ്ങൽ ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ നാടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ ഡോ. അനീഷ്, ബിജു, രാജൻ തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Sep 7, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം ലേഖാവിലാസത്തിൽ (എം.ആർ.എ;33) കെ ഭാരതി അമ്മ(83) അന്തരിച്ചു.
ഭർത്താവ്: പരേതനായ എം ഗോപി നാഥൻ നായർ.
മക്കൾ: ജി ജയകുമാർ (എം.ജി.എൻ ഡ്രൈവിംഗ് സ്കൂൾ), ജി വിജയകുമാർ( റിട്ടയേർഡ് ഫോറസ്റ്റ്), അഡ്വ. ബി ശശിലേഖ, അഡ്വ. ബി ചിത്രലേഖ.
മരുമക്കൾ: ബിന്ദു ജയകുമാർ, എസ് ഷീബ (അധ്യാപിക ഗവ:എച്ച്.എസ്.എസ്
കൊടുവഴന്നൂർ), ജി ഉണ്ണികൃഷ്ണൻ(ബിസിനസ്), പരേതനായ എസ് സാജൻ(കൃഷിവകുപ്പ്).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | Sep 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് ഇന്ന് അവധി. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല.
സംസ്ഥാനത്ത് ഉത്രാട നാളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. 137 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം 126 കോടിയുടെ മദ്യം വിറ്റഴിച്ച സ്ഥാനത്താണ് ഈ വര്‍ധന. തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായതിനാലാണ് ഉത്രാട ദിവസം മദ്യവില്‍പ്പന തകൃതിയായി നടന്നത്.
വില്‍പ്പനയില്‍ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് കൊല്ലം ജില്ലയില്‍ തന്നെയുള്ള ആശ്രാമം ഔട്ട്ലെറ്റ് ആണ്. പത്തുദിവസം നീണ്ടുനിന്ന ഈ ഓണസീസണില്‍ 826 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
Recent Comments