ഒരു മാസത്തിനിടെ അഞ്ചാമത്തേത്; അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

ഒരു മാസത്തിനിടെ അഞ്ചാമത്തേത്; അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂര്‍ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോഗം ബാധിച്ച് ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇക്കഴിഞ്ഞയാഴ്ചയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും സമീപ ദിവസങ്ങളില്‍ മരിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തൃശൂര്‍: തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം.

വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്.

പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും. പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണം വാരാഘോഷ സമാപനം, നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി

ഓണം വാരാഘോഷ സമാപനം, നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. തിരുവനന്തപുരം നഗരപരിധിയിലെ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമായിരിക്കും അവധി ബാധകമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഓണം വാരാഘോഷ സമാപന ഘോഷയാത്ര ചൊവ്വാഴ്ച വൈകീട്ട്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര ചൊവ്വാഴ്ച വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാര്‍ ശംഖനാദം മുഴക്കും. തുടര്‍ന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.

ആയിരത്തില്‍പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകള്‍ തയാറാക്കുന്ന അറുപതോളം ഫ്‌ലോട്ടുകള്‍ ഘോഷയാത്രയുടെ പ്രത്യേകതയാണ്. കൂടാതെ 91 ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും കരസേനനയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്രമേയം മുന്‍നിര്‍ത്തി ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയില്‍ ഒത്തുചേരും.

കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും, ആരോഗ്യശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ലോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും. കാണികളില്‍ വിജ്ഞാനവും വിസ്മയവും കൗതുകവുമുണര്‍ത്തുന്നതുമായ ഈ സാംസ്‌കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ ഉദ്ദേശം ഒന്നര മണിക്കൂര്‍ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ലോട്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഫ്‌ലോട്ടുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പബ്ലിക് ലൈബ്രറിക്ക് മുന്നില്‍ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളജിന് മുന്‍വശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും.

ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, വിശിഷ്ടവ്യക്തികള്‍, സാംസ്‌കാരിക നായകന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വിവിഐപി പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കും. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ടി ക്രമീകരണം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

വർക്കല പണയിൽ കടവ് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വർക്കല പണയിൽ കടവ് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പണയിൽ കടവ് നിന്നും വർക്കലയിലേക്ക് പോയ കാറും വർക്കലയിൽ നിന്ന് പണയിൽ കടവ് ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. വർക്കല കാപ്പിൽ സ്വദേശിയായ 35 വയസ്സുള്ള പ്രദീപിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അകത്തുമുറി സ്വദേശിയായ 36 വയസ്സുള്ള ഷിബു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗുരുതര പരിക്കുക്കുകളുടെ ചികിത്സയിൽ തുടരുകയാണ്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻവശത്തിരുന്ന ഷിബു തെറിച്ച് റോഡരികിലുള്ള വീട്ടിൻ്റെ മതിലിനു മുകളിലൂടെ മറുവശത്ത് വീഴുകയായിരുന്നു.

നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെ മുതല്‍ വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.

ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്കോ ഔട്ട്‌ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.

ബെവ്‌കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന ലഭിച്ചതായും സൂപ്പര്‍ പ്രീമിയം ഷോപ്പില്‍ മാത്രം 67 ലക്ഷം രൂപ വരുമാനം നേടിയതായും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടലൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ പറയുന്നു.

ഓണക്കാലത്തെ മദ്യ വില്‍പനയിലെ ഉയര്‍ച്ച ബെവ്‌കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും. 2023 -24ല്‍ ഇത് 19,069.27 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ ചെലവായത്. 2024-25ല്‍ 19,730.66 കോടി രൂപയായി ഈ കണക്ക് ഉയര്‍ന്നു. അതായത് 3.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബെവ്‌കോ നേടിയത്.

187 കോടി രൂപയുടെ വിറ്റുവരവ് നേടി കണ്‍സ്യൂമര്‍ഫെഡ്

ഓണം സീസണിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇത്തവണ കണ്‍സ്യൂമര്‍ഫെഡിന് ഉണ്ടായത്. 187 കോടി രൂപയുടെ വിറ്റുവരവാണ് ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് നേടിയത്. 1,579 ഓണം മാര്‍ക്കറ്റുകളിലൂടെയും കേരളത്തിലുടനീളമുള്ള 164 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് വിപണിയില്‍ ഇടപെട്ടത്. 13 അവശ്യവസ്തുക്കള്‍ സബ്‌സിഡി വിലയ്ക്ക് കണ്‍സ്യൂമര്‍ഫെഡിലൂടെ വിതരണം ചെയ്തു. മറ്റ് ദൈനംദിന ഉപയോഗ ഇനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ കിഴിവോടെയും വില്‍പന നടത്തി. 110 കോടി രൂപയുടെ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡി പദ്ധതി പ്രകാരം വിതരണം ചെയ്തിരുന്നു.