ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം അപ്പോളോ കോളനിയിൽ രാഹുൽ (25) ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ മാമത്താണ് അപകടം നടന്നത്. ഇരുവശത്തു നിന്നു വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. രാഹുലിനൊപ്പം ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം സ്വദേശി അനന്തുവിനും എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ സഞ്ചരിച്ച ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വദേശി ലതീശൻ എന്നിവർക്ക് പരിക്കേറ്റു.

ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ല; സര്‍ക്കാര്‍ നിന്നത് ആചാരങ്ങള്‍ക്കൊപ്പം; കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ല; സര്‍ക്കാര്‍ നിന്നത് ആചാരങ്ങള്‍ക്കൊപ്പം; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ ആചാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമലയില്‍ യുവതികളെ കയറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ തടഞ്ഞതായും ശബരിമല പ്രക്ഷോഭകാലത്ത് ചുമത്തിയ ഗുരുതര വകുപ്പുകളുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്നും അതിനായി കോടതിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും കടകംപള്ളി പറഞ്ഞു.

‘ശബരിമലയിലെ യുവതി പ്രവേശത്തിന്റെ കാര്യത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമപരമായ പ്രൊട്ടക്ഷനോട് കൂടി ശബരിമലയില്‍ കയറാന്‍ വന്ന ആക്ടിവിസ്റ്റുകളെ വഴിയില്‍ തടഞ്ഞ് തിരിച്ചയക്കുന്ന നടപടി പോലും സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രക്ഷോഭകാലത്തെ 90 കേസുകള്‍ പിന്‍വലിച്ചു. പിന്‍വലിക്കാന്‍ പറ്റാത്ത തരത്തിലുള്ള വകുപ്പുള്‍ ഇട്ട കേസ് ആണ് ഇപ്പോഴും തുടരുന്നത്. കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അത് പിന്‍വലിക്കാനുള്ള തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും’- കടകംപള്ളി പറഞ്ഞു.

ആഗോള അയ്യപ്പസംഘമത്തിനെതിരെ ഒരു ചെറിയ ന്യൂനപക്ഷം അനാവശ്യമായിട്ടുള്ള വിവാദമാണ് ഉയര്‍ത്തുന്നത്. ഭക്തരുടെ താത്പര്യപ്രകാരമാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നത്. അതിന് ദേവസ്വം ബോര്‍ഡ് നേതൃത്വം കൊടുക്കുന്നു എന്നുമാത്രമേയുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവന്തപുരം പുത്തന്‍തോപ്പ് കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

തിരുവന്തപുരം പുത്തന്‍തോപ്പ് കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

തിരുവന്തപുരം പുത്തന്‍തോപ്പ് കടലില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. സിംഗപ്പൂര്‍ മുക്കില്‍ ബിസ്മി വില്ലയില്‍ ഷാനവാസിന്റെയും ഷമീലയുടെയും മകന്‍ നബീലിന്റെ (16) മൃതദേഹമാണ് കണ്ടെത്തിയത്. നബീലിന്റെ പിതാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാനവാസ് ഇന്ന് നാട്ടിലെത്തും.

സിംഗപ്പൂര്‍ മുക്ക് തോട്ടുമുഖം ചരുവിള പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാറിന്റെയും സജിതയുടെയും മകന്‍ അഭിജിത്തിന്റെ (16) മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തിരുന്നു. മരിയനാട് നിന്നു മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. തോന്നയ്ക്കല്‍ ബ്ലൂമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഇന്നലെ നടന്നു. ഞായറാഴ്ച 5 മണിയോടെയാണ് അഞ്ചു വിദ്യാര്‍ഥികളുടെ സംഘം കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. മൂന്നുപേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

108ാം വയസ്സിലും ഒരേയൊരു സ്വപ്നം: മമ്മൂട്ടിയെ കാണണം

108ാം വയസ്സിലും ഒരേയൊരു സ്വപ്നം: മമ്മൂട്ടിയെ കാണണം

108 വയസ്സിലെത്തിയ ഫിലോമിന അമ്മൂമ്മയുടെ ഹൃദയത്തിലെ വലിയ ആഗ്രഹം മലയാള സിനിമയുടെ മഹാനടനായ മമ്മൂട്ടിയെ നേരില്‍ കാണുക എന്നതാണ്. 108-ാം ജന്മദിനം ആഘോഷിക്കാനെത്തിയ ബന്ധുക്കളോടും നാട്ടുകാരോടുമൊത്ത് ഏറെ നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ആ മോഹം അമ്മൂമ്മ തുറന്ന് പറഞ്ഞു.

കേള്‍വി ശക്തി കുറഞ്ഞതിനാല്‍ സംസാരത്തില്‍ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടും, പിറന്നാളിനോടനുബന്ധിച്ച് കേക്ക് മുറിക്കുന്ന വേളയില്‍ അമ്മൂമ്മയുടെ ആഗ്രഹം തുറന്നു പറഞ്ഞു. 105-ാം വയസ്സില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഫിലോമിന, ഇപ്പോഴും ഉന്മേഷത്തോടെ പൊന്നുരുന്നിയിലെ ലാല്‍സലാം റോഡിലുള്ള മിഷേല്‍ വീട്ടില്‍ കുടുംബസമേതം കഴിയുന്നു.

വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് 108-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നേതൃത്വം നല്‍കിയ ചടങ്ങില്‍ സീനിയര്‍ ഡോക്ടര്‍ ഗീത കേക്ക് മുറിച്ച് ഫിലോമിനയ്ക്ക് നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു.

‘എന്റെ അമ്മ എന്തു തെറ്റു ചെയ്തു?’, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും: പ്രധാനമന്ത്രി

‘എന്റെ അമ്മ എന്തു തെറ്റു ചെയ്തു?’, അപമാനിച്ചത് രാജ്യത്തെ മുഴുവന്‍ അമ്മമാരെയും സഹോദരിമാരെയും: പ്രധാനമന്ത്രി

ഡല്‍ഹി: മരിച്ചു പോയ തന്റെ അമ്മയെ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അമ്മ രാഷ്ട്രീയത്തിലൊന്നുമുണ്ടായിരുന്നില്ല. എന്തിനാണ് മരിച്ചു പോയ തന്റെ അമ്മയെ ഇത്തരത്തില്‍ രാഷ്ട്രീയ രംഗത്തേക്ക് വലിച്ചിഴച്ച് അപമാനിക്കുന്നത്. അതിന് തന്റെ അമ്മ എന്തു തെറ്റാണ് ചെയ്തത് ?. ഇത്തരമൊരു രാഷ്ട്രീയവേദിയില്‍ വെച്ച് മരിച്ചു പോയ തന്റെ അമ്മയെ അപമാനിക്കുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘അമ്മയാണ് നമ്മുടെ ലോകം. അമ്മയാണ് നമ്മുടെ ആത്മാഭിമാനം. പാരമ്പര്യത്താല്‍ സമ്പന്നമായ ഈ ബീഹാറില്‍ വെച്ച് ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് കരുതിയില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് യോഗത്തില്‍ വെച്ച് എന്റെ അമ്മയെ അപമാനിച്ചു. ഇത് എന്റെ അമ്മയ്ക്ക് നേരെ മാത്രമുള്ളതല്ല, രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെയുള്ള അധിക്ഷേപമാണ്. ബിഹാറിലെ ഓരോ അമ്മമാരും ഇതു കേട്ടപ്പോള്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. എനിക്ക് എത്ര വേദനയുണ്ടായോ അത്രയും വേദന ബിഹാറിലെ ജനങ്ങളും അനുഭവിക്കുന്നുണ്ടെന്ന് അറിയാം. മോദി പറഞ്ഞു.

എന്നാല്‍ കുടുംബാധിപത്യത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഈ വേദന മനസ്സിലാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള, സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഒരു പുതിയ സഹകരണ സംരംഭത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുമ്പോഴാണ് അമ്മയെക്കുറിച്ചുള്ള അധിക്ഷേപത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത്. പുതിയ സംരംഭം ബിഹാറിലെ അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും മുന്നോട്ടുപോകാനുള്ള ശക്തമായ വേദിയായി മാറുമെന്നും നരേന്ദ്രമോദി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ വേദിയില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചത്. മോദിയേയും അമ്മയേയും അസഭ്യം പറഞ്ഞതിന് സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെ ദര്‍ഭംഗ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസഭ്യ പരാമർശങ്ങളെ വിമർശിച്ച കേന്ദ്രമന്ത്രി അമിത് ഷാ, കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടേയും വേദിയില്‍ നിന്നുണ്ടായ, ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്ന് അഭിപ്രായപ്പെട്ടു. ബിജെപിയും അധിക്ഷേപ പരാ‍മർശത്തെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

ബിആര്‍എസില്‍ പൊട്ടിത്തെറി; കെ കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ബിആര്‍എസില്‍ പൊട്ടിത്തെറി; കെ കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസില്‍ (ഭാരത് രാഷ്ട്ര സമിതി) പൊട്ടിത്തെറി. പാര്‍ട്ടി നേതാവും മകളുമായ കെ കവിതയെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവു സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്നതിന്റെ പേരിലാണ് നടപടി.

കെ കവിതയുടെ ഭാഗത്തു നിന്നും അടുത്തിടെയുണ്ടായ പ്രസ്താവനകളും പ്രവൃത്തിയും പാര്‍ട്ടി നയത്തിനും തത്വങ്ങള്‍ക്കും വിരുദ്ധമായതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. നടപടി ഉടന്‍ പ്രാബല്യത്തില്‍ വന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി രവീന്ദര്‍ റാവു അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് കെ കവിത.

കവിതയുടെ സമീപകാലത്തെ പെരുമാറ്റവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിനെ വേദനിപ്പിച്ചിരുന്നു. നേതൃത്വം ഇത് ഗൗരവമായിട്ടാണ് കണ്ടിരുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അച്ചടക്ക സമിതി അധ്യക്ഷനുമായ സോമ ഭാരത് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ അദികാര വടംവലിയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് സൂചന. അടുത്തിടെ മുന്‍മന്ത്രിയും അടുത്ത ബന്ധുവുമായ ടി ഹരീഷ് റാവുവിനെതിരെ കവിത പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.