ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

ഓണം അവധി: കേരളത്തിലേക്ക് 90 അധിക സര്‍വീസുകര്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി

കോഴിക്കോട്: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. സ്ഥിരം സര്‍വീസുകള്‍ക്ക് പുറമെ 90 അധിക സര്‍വീസുകളാണ് കേരളത്തിലേക്ക് നടത്തുക. ഇന്നു മുതല്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണദിവസം മുതല്‍ മടക്കയാത്രയ്ക്കും സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകും.

മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷല്‍ സര്‍വീസുകള്‍. ഇതില്‍ പ്രീമിയം കാറ്റഗറി ബസുകള്‍ ശാന്തി നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുക.

ബസ് സ്റ്റേഷന്‍ കൗണ്ടറുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉള്‍പ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മടക്കയാത്രയ്ക്ക് പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബസ് കാത്തു നിന്ന വയോധിക മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു, ബസ് കാത്തു നിന്ന വയോധിക മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട എഴുമാറ്റൂരില്‍ റോഡരികില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം. രാവിലെ 9 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു.

ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാതമിക നിഗമനം.

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു (34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗണ്ട്‌ പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.

കാളക്കുതിപ്പില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി; രൂപ റെക്കോര്‍ഡ് താഴ്ചയില്‍

കാളക്കുതിപ്പില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി; രൂപ റെക്കോര്‍ഡ് താഴ്ചയില്‍

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ഓളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപകര്‍ സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടുന്നതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെക്ടര്‍ അടിസ്ഥാനമാക്കി നോക്കിയാല്‍ സമ്മിശ്ര പ്രതികരണമാണ്. ഐടി, ബാങ്ക് ഓഹരികള്‍ നഷ്ടം നേരിടുമ്പോള്‍ ഓട്ടോ ഓഹരികള്‍ നേരിയ നേട്ടത്തിന്റെ പാതയിലാണ്. റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ് ലാബ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ആറു പൈസയുടെ നഷ്ടത്തോടെ 88.16 എന്ന നിലയിലാണ് രൂപയുടെ വിനിമയം. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്നലെ 88.10 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. എണ്ണവിലയും ഉയരത്തിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.44 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 68.45 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന.

കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയിൽ 3 വർഷം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ

കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയിൽ 3 വർഷം ജയിലിൽ; ഒടുവിൽ കുറ്റവിമുക്തൻ

തൊടുപുഴ: കോപ്പിയടിച്ചത് പിടികൂടിയതിനു വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാർഥിനികൾ കുടുക്കിയ കോളജ് അധ്യാപകന് 11 വർഷങ്ങൾക്കു ശേഷം നീതി. മൂന്നാർ ​ഗവ. കോളജിലെ എക്കണോമിക്സ് വിഭാ​ഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.

2014 ഓ​ഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. 3 വർഷം ജയിലിലും കിടക്കേണ്ടി വന്നു. അഡീഷണൽ ചീഫ് എക്സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാർഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായി ആരോപണമുണ്ടായിരുന്നു.

എഐജിയുടെ വാഹനം ഇടിച്ചു, പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പൊലീസിന്റെ ‘വിചിത്ര നടപടി’

എഐജിയുടെ വാഹനം ഇടിച്ചു, പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പൊലീസിന്റെ ‘വിചിത്ര നടപടി’

പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ്. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്.

ഓഗസ്റ്റ് 30 ന് രാത്രി 10.50നാണ് അപകടമുണ്ടായത്. എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷമാണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും എഐജിയുടെ വാഹനം കുറ്റൂരിലേക്കുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

അതിഥി തൊഴിലാളിക്ക് തലയിലും മുഖത്തും തോളിലും പരിക്കേറ്റിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ബോണറ്റ്, വീല്‍ ആര്‍ച്ച് തുടങ്ങിയവയ്ക്ക് കേടുപാടുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു. പരിക്കേറ്റയാളെ പ്രതിയാക്കിയ നടപടി പൊലീസിനുള്ളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.