by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
ആലംകോട്: ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിദ്യാർഥികളുടെ കലാപരിപാടികൾ, ഓണക്കളികൾ, അധ്യാപക- രക്ഷകർത്താക്കളുടെ ഓണക്കളികൾ, അത്തപ്പൂക്കളമൊരുക്കൽ, സദ്യവട്ടം എല്ലാം ചേർന്ന് ആഘോഷത്തിന് മാറ്റുകൂട്ടി. ആറ്റിങ്ങൽ നഗരസഭ അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും സ്കൂളിലെത്തി ആഘോഷത്തിൽ പങ്കെടുത്തു. പഴയകാല ഓർമ്മകളുടെ രുചിക്കൂട്ടുകളുമായി വിദ്യാർത്ഥികൾക്ക് ഓണവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുകയും ചെയ്തു.



by Midhun HP News | Aug 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.

ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.


by Midhun HP News | Aug 28, 2025 | Latest News, കേരളം
കൊച്ചി: വാടക വീട്ടില്‍ 26 നായ്ക്കള്‍ക്കൊപ്പം മകനെയും ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്.
വിദേശത്തു ജോലി ചെയ്യുന്ന അമ്മ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ രക്ഷിച്ച് അമ്മയുടെ മാതാപിതാക്കളുടെ പക്കലേല്‍പ്പിച്ചു. മൂന്നു ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകരും ഏറ്റെടുത്തു.

മൂന്നു മാസം മുന്‍പാണ് സുധീഷ് എസ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവാവ് വീടു വിട്ടത്. രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന അമ്മയെ കുട്ടി വിളിച്ചു. തുടര്‍ന്ന് അമ്മ 112 ല്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 30,000 രൂപ മുതല്‍ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് കുട്ടിക്കൊപ്പം വീട്ടിലാക്കി യുവാവ് വീടുവിട്ടുപോയത്.


by Midhun HP News | Aug 28, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് പ്രവചനം.

മണിക്കൂറില്‍ 40 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍-മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്.


by Midhun HP News | Aug 28, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്ട് ആറു പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കോഴിക്കോടിന് പുറമെ, മലപ്പുറം, വയനാട് ജില്ലകളിലും അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.


by Midhun HP News | Aug 28, 2025 | Latest News, കേരളം
കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയുള്ള ഹൈബ്രിഡ് കഞ്ചാവ് കള്ളക്കടത്തിന്റെ ഹബ്ബായി കേരളം. ഈ വര്‍ഷം ഇതുവരെ 129.68 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത്. 2022 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ ഈ കണക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 -23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഹൈബ്രിഡ് കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2024-25 കാലത്ത് ഇത് 89.11 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. ഈ വര്‍ഷം എട്ട് മാസം പിന്നിടുമ്പോള്‍ മാത്രം കണക്ക് 129.68 കിലോഗ്രാം ആയി ഉയര്‍ന്നു.
പിടിച്ച ഹൈബ്രിഡ് ഹൈബ്രിഡ് / ഹൈഡ്രോപോണിക് കഞ്ചാവിന്റെ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും സംസ്ഥാനത്തേക്ക് കടത്തുന്ന ഇവയുടെ യഥാര്‍ത്ഥ അളവ് വളരെ കൂടുതലാണെന്നും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ജിഎസ്ടി (കേരളം, ലക്ഷദ്വീപ്) ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ ഇടയാക്കി. സ്വർണക്കടത്തിനെ കടത്തിവെട്ടും വിധത്തിലാണ് സംസ്ഥാനത്തേക്കുള്ള ഹൈബ്രിഡ് അല്ലെങ്കില്‍ ഹൈഡ്രോപോണിക് കഞ്ചാവിന്റെ ഇടപാടുകള്‍. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനും ഇടപാടിനുമുള്ള കേന്ദ്രമായി കേരളം അതിവേഗം മാറുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഓരോ ആഴ്ചയും രണ്ടോ മൂന്നോ തവണ ഇത്തരം കഞ്ചാവ് പിടിക്കുന്ന നിലയുണ്ട്.
മണ്ണില്ലാതെ അത്യാധുനിക കൃഷി സാഹചര്യങ്ങളിലാണ് ഹൈഡ്രോപോണിക് കഞ്ചാവ് വളര്‍ത്തുന്നത്. സാധാരണ കഞ്ചാവിനെക്കാള്‍ ഇതിന്റെ മയക്കുമരുന്ന് അളവ് 40 ശതമാനം കൂടുതലാണ്. ഏകദേശം ഒരു കോടി രൂപയാണ് ഒരു കിലോ ഹൈഡ്രോപോണിക് കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ മൂല്യം. കേരളത്തിന് പുറമെ മുംബൈ പോലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും ഹൈഡ്രോപോണിക് കഞ്ചാവിന്റെ കള്ളക്കടത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. കള്ളക്കടത്ത് രീതിയിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ തായ്ലന്‍ഡില്‍ നിന്നാണ് കഞ്ചാവിന്റെ ഭൂരിഭാഗവും രാജ്യത്തേക്ക് എത്തിയിരുന്നത്. ഇതോടെ തായ്‌ലന്‍ഡ് പോലുള്ള രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ തുടങ്ങി. ഇതോടെ കള്ളക്കടത്തുകാര്‍ അവരുടെ പ്രവര്‍ത്തനരീതി മാറ്റി. ചില സന്ദര്‍ഭങ്ങളില്‍ ദുബായ് വഴിയും കള്ളക്കടത്ത് വര്‍ധിച്ചതായും ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ പറയുന്നു.


ബാഗേജ് പരിശോധിക്കാന്‍ സ്നിഫര്‍ നായ്ക്കള്‍
സംസ്ഥാനത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ അളവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. ഇതിനായി ബാഗേജ് പരിശോധിക്കാന്‍ സ്നിഫര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിക്കാന്‍ ആണ് നീക്കം. കൊച്ചി വിമാനത്താവളത്തില്‍ ഇതിനകം രണ്ട് നായ്ക്കളുണ്ട്, ലോജിസ്റ്റിക്സ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റംസ് കെ9 സ്ഥാപനത്തോട് എട്ട് നായ്ക്കളെ കൂടി നല്‍കാന്‍ കസ്റ്റംസ് വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഡോഗ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഹാന്‍ഡ്ലര്‍മാര്‍ക്കൊപ്പം രണ്ട് നായ്ക്കളെ വീതം വിന്യസിക്കാനാണ് പദ്ധതിയിടുന്നതെന്നും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ പറയുന്നു.

Recent Comments