പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ്: പൊലീസുകാരി അറസ്റ്റില്‍, ബാങ്ക് രേഖയില്‍ തിരിമറികാട്ടി തട്ടിയത് 20 ലക്ഷം രൂപ

കൊച്ചി: ട്രാഫിക് പെറ്റി കേസുകളില്‍ ഈടാക്കിയ പിഴത്തുകയില്‍ ക്രമക്കേട് നടത്തിയതിന് സസ്പെന്‍ഷനിലായ വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശാന്തി കൃഷ്ണന്‍ അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ബന്ധുവീട്ടില്‍നിന്ന് തിങ്കളാഴ്ച രാത്രി വൈകി ഇവരെ പിടികൂടിയിരുന്നു. ശാന്തി കൃഷ്ണനെ കോട്ടയം വിജിലന്‍സ് കോടതി സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്തു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പ്രതി എത്താത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചന, വ്യാജ രേഖയുണ്ടാക്കി പണം തട്ടല്‍, സര്‍ക്കാര്‍ രേഖകള്‍ തിരുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യല്‍, അഴിമതി നിരോധന നിയമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസാകയാല്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

2018 ജനുവരി ഒന്നുമുതല്‍ 2022 ഡിസംബര്‍ 31 വരെ ഗതാഗത നിയമലംഘനത്തിന് പിഴത്തുകയായി മൂവാറ്റുപുഴ പൊലീസ് പിരിച്ചെടുത്ത തുകയില്‍നിന്ന് ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ച് 20.8 ലക്ഷം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ബാങ്കിലടയ്ക്കേണ്ട തുക അടയ്ക്കാതെ ട്രഷറി രസീതുകളും (ടിആര്‍ രസീത്), വൗച്ചറുകളും തിരുത്തിയും മായ്ച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാഷ് ബുക്കും ബാങ്ക് രസീതുകളുമാണ് ഇപ്പോള്‍ പ്രധാനമായും പരിശോധിച്ചിട്ടുള്ളത്. കേസെടുക്കുമ്പോള്‍ 16.75 ലക്ഷത്തിന്റെ ക്രമക്കേടായിരുന്നു.

മറ്റ് അടവുകള്‍ കഴിഞ്ഞ് പരമാവധി 35,000 രൂപ വരെ ശമ്പളത്തുക കൈയില്‍ കിട്ടാവുന്ന ഉദ്യോഗസ്ഥ ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാസം തോറും വിവിധ ബാങ്കുകളിലും ചിട്ടി കമ്പനികളിലും അടച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്പ്മെൻ്റ് സെൻ്ററിൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു

പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്പ്മെൻ്റ് സെൻ്ററിൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു

കൊടുവഴന്നൂർ: പ്രതീക്ഷ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെ നാൽപ്പതാം വാർഷികം, ഓണാഘോഷം ഇവയോടനുബന്ധിച്ചു കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 6 അവിട്ടം നാളിൽ വൈകുന്നേരം ആറു മണി മുതൽ പ്രതീക്ഷാ ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്.

ഒന്നാം സമ്മാനം 15001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 7001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 4001 രൂപയും ട്രോഫിയും നാലാം സമ്മാനം 2001 രൂപയും ട്രോഫിയും അഞ്ചാം സമ്മാനം 1001 രൂപയും ട്രോഫിയും എന്നിങ്ങനെ വിജയികൾക്ക് സമ്മാനം ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. മൽസരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീം അംഗങ്ങൾ
8086269496, 9745679471, 9072406184 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടണമെന്നു പ്രതീക്ഷയുടെ ഭാരവാഹികൾ അറിയിച്ചു.

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്, ചോദ്യം ചെയ്യും

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്: നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്, ചോദ്യം ചെയ്യും

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പൊലീസ്. നടിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കേസിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ നോർത്ത് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം ഇരുപത്തിനാലാം തീയതിയാണ് കൊച്ചിയിലെ ബാറിൽ സംഘർഷം ഉണ്ടായത്. ഈ സംഘർഷത്തിന്റെ തുടർച്ചയിലാണ് ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചത്.

ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി

ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി നല്‍കി എറണാകുളം സ്വദേശിയായ യുവതി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. രണ്ടുദിവസം മുമ്പ് യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയില്‍ വഴി പരാതി നല്‍കിയത്.

എന്നാല്‍, പരാതിക്ക് കാരണം കുടുംബ പ്രശ്നമെന്നാണ് ബിജെപിയുടെ വിശദീകരണം. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് നേരത്തെയും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലന്‍കുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുക മാത്രമാണുണ്ടായത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള അര്‍ഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദീർഘകാല പ്രവർത്തനങ്ങൾക്ക് ഉള്ള സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദീർഘകാല പ്രവർത്തനങ്ങൾക്ക് ഉള്ള സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ദീർഘകാല പ്രവർത്തനങ്ങൾക്ക് ഉള്ള സംസ്ഥാന അവാർഡുകൾ വിതരണം ചെയ്തു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഗൈഡ് വിഭാഗത്തിൽ ലിജിമോൾ. ബി., ഗവ.ഹയർസെക്ക സെക്കന്ററി സ്കൂൾ, ഭരതന്നൂർ, സ്കൗട്ട് വിഭാഗത്തിൽ ജി.സുന്ദരേശൻ, ഗവ.മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ, ആറ്റിങ്ങൽ, എസ്.സതീഷ്കുമാർ, ഗവ.ഹൈസ്കൂൾ അയിലം(റിട്ട.) എന്നിവർക്ക് തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന സംസ്ഥാന കൗൺസിലിൽ വിദ്യഭ്യാസ മന്ത്രിയും പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് കേരള പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ. എസ്.കെ. – ഐ.എ.എസ് -ൽ നിന്നും സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ അവർകളുടെ സാന്നിദ്ധ്യത്തിൽ ഏറ്റുവാങ്ങി.

വിദ്യാധരൻ (73) നിര്യാതനായി

വിദ്യാധരൻ (73) നിര്യാതനായി

ആറ്റിങ്ങൽ: കോരാണി കൈലാത്തുകോണം കൂത്താങ്ങൽ വിദ്യാലാന്റിൽ വിദ്യാധരൻ (73) നിര്യാതനായി.

ഭാര്യ: വത്സല.
മക്കൾ: അജിത, അരുൺ, ഷിജി.
മരുമക്കൾ: ജയകുമാർ, കുഞ്ഞുമോൻ, ജയ്‌സിരാജ് .
മരണാനന്തര ചടങ്ങുകൾ ഞായർ (31.08) രാവിലെ 8.30 ന്