by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep.
തിരുത്തലുകളുണ്ടെങ്കിലോ, ആരെയെങ്കിലും നീക്കം ചെയ്യുകയോ പുതിയതായി ഉള്‍പ്പെടുത്തുകയോ വേണമെങ്കിലും അതിനുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് മുന്‍പ് ജീവനക്കാര്‍ ബന്ധപ്പെട്ട ഡിഡിഒമാര്‍ക്കും പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫിസര്‍മാര്‍ക്കും സമര്‍പ്പിക്കണം. നവജാതശിശുക്കളെ ജനിച്ച് 90 ദിവസത്തിനുള്ളിലും വിവാഹം കഴിയുന്നവര്‍ പങ്കാളിയുടെ പേര് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലും പോര്‍ട്ടലിലെ ആശ്രിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. തിരുത്തല്‍ വരുത്തി പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് ഡിഡിഒമാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ പ്രൊഫൈലുകളുടെ സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ച് മെഡിസെപ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒത്തുനോക്കണം.

അനുവദിച്ച സമയത്തിനുള്ളില്‍ തിരുത്തി, വെരിഫൈ ചെയ്ത ശേഷവും സാങ്കേതികപ്പിഴവു കാരണം മെഡിസെപ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ 18000 425 1857 എന്ന ടോള്‍ഫ്രീ നമ്പറിലോ info.medisep @kerala.gov.in എന്ന മെയിലിലോ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് – കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. വീട്ടുകാർ ഉടൻ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
by Midhun HP News | Aug 26, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. ഇന്നലെ വൈകീട്ട് ഹില്‍പ്പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങി. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ ഇന്നു രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും.

കെ ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. നടന്‍ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വര്‍ണശഭലമായ കാഴ്ചകള്‍ക്കാകും നഗരം സാക്ഷിയാകുക. നഗരം ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര എത്തിച്ചേരും.
വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെ സിയോണ്‍ ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കളമത്സരം നടക്കും. മൂന്നുമുതല്‍ രാത്രി പത്തുവരെ അത്തപ്പൂക്കള പ്രദര്‍ശനവും നടക്കും. വിവിധ കലാമത്സരങ്ങളും നടക്കും. അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കും കാണികള്‍ക്കും ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ ഗതാഗത നിയന്ത്രണം
അത്തച്ചമയ ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 450 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

by Midhun HP News | Aug 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ/ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.


by Midhun HP News | Aug 26, 2025 | Latest News, കേരളം
കൊച്ചി: ചിങ്ങമാസത്തിലെ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി, മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളക്കരയൊരുങ്ങി.

പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂ തുടങ്ങിയവ കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങള്‍ മാറും. അയല്‍പക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും. വിവിധ സംഘടനകളും ക്ലബ്ബുകളുമെല്ലാം പൂക്കളങ്ങളും വിവിധ കലാപരിപാടികളുമായി ഓണത്തെ വര്‍ണാഭമാക്കും.

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൂ വിപണിയും സജീവമായിക്കഴിഞ്ഞു. കൂടാതെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വിവിധ കലാ-കായിക വിനോദങ്ങളും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങളും നടക്കും. ഓണത്തെ വരവേറ്റുകൊണ്ടുള്ള തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്രയും ഇന്ന് നടക്കും.

by Midhun HP News | Aug 25, 2025 | Latest News, കേരളം
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാംപെയ്ന്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.

വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വര്‍ഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18 ആക്ടീവ് കേസുകളാണുള്ളത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിന്‍ അളവുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെ പൊതു ജല സ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്താനും നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞു കൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം.

വെള്ളത്തിലിറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം.
ഇതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഓണ അവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പയിനില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനങ്ങളും ബോധവത്കരണവും നല്‍കും. സര്‍വൈലസിന്റെ ഭാഗമായി അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കണം.

അമീബിക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍
നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.
ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.
ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.
സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.
ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക
പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
Recent Comments