മുഖംമൂടി ധരിച്ചെത്തി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; കണ്ണൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും കടകളിലും കവര്‍ച്ച

മുഖംമൂടി ധരിച്ചെത്തി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; കണ്ണൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും കടകളിലും കവര്‍ച്ച

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു.

മുഖം മൂടിയ രണ്ടുപേരാണ് ഔട്ട്‌ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലിസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബിവറേജസ് ഔട്ട്‌ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായാണ് വിവരം. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്

നവ്‌സാരി: ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്‌സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു.

ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയ മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 32 സീറ്റുകളുള്ള സ്പിന്നിങ് റൈഡ് തകരാറിലായതിന് പിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഓപ്പറേറ്റര്‍ക്കുമാണ് പരിക്കേറ്റത്.

അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ നാല് പേരെ ബിലിമോറയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓപ്പറേറ്ററെ സൂറത്തിലെ ഒരു ആശുപത്രിയിലേക്കും മാറ്റി. മേളയില്‍ ഏഴ് റൈഡുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഒപ്പംചേരാന്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു’; പ്രധാനമന്ത്രിയോട് ശുഭാംശു ശുക്ല

ഗഗന്‍യാന്‍ ദൗത്യത്തില്‍ ഒപ്പംചേരാന്‍ ശാസ്ത്രജ്ഞര്‍ ആഗ്രഹിക്കുന്നു’; പ്രധാനമന്ത്രിയോട് ശുഭാംശു ശുക്ല

ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ പങ്കെടുക്കാന്‍ തന്റെ ക്രൂ അംഗങ്ങള്‍ താല്‍പര്യം അറിയിച്ചതായും ശുഭാംശു പറഞ്ഞു. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായി 40-50 ബഹിരാകാശയാത്രികരുടെ ഒരു കൂട്ടം തയ്യാറാക്കേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. ‘നിങ്ങളുടെ ദൗത്യം ആദ്യപടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു,’ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ അഭിലാഷങ്ങളെ കുറിച്ച് മോദി പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങള്‍ക്ക് സഹായകമാകുമെന്നും മോദി പറഞ്ഞു. 2027 ല്‍ ആദ്യമായി മനുഷ്യ ബഹിരാകാശ യാത്ര നടത്താനും 2035 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം നിര്‍മ്മിക്കാനും ഇന്ത്യ പദ്ധതിയിടുന്നു. 2040 ഓടെ ചന്ദ്രനില്‍ സ്വന്തം ബഹിരാകാശയാത്രികനെ ഇറക്കാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. മോദി പറഞ്ഞു.

ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷന്‍ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ…’; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ…’; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം

തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം.

സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി. മര്‍ദ്ദനത്തില്‍ അസഫാക്കിന് പരിക്കേറ്റു. സംഭവത്തില്‍ അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന്‍ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം 2023 ​ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

ആദ്യം പ്രധാന അധ്യാപകന്‍ ആരോപണം നിഷേധിച്ചിരുന്നു. സമീപത്തെ കടയില്‍ കുട്ടികള്‍ മോഷണം നടത്തിയതായി മറ്റൊരു അധ്യാപകന്‍ പറഞ്ഞതിനെത്തുടര്‍ന്നു കുട്ടികളെ ശാസിച്ചിരുന്നു. അതിന്റെ വിരോധത്തിലാകാം, കുട്ടി വീട്ടില്‍ പരാതി പറഞ്ഞതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം മാനിക വിശ്വകര്‍മ്മയ്ക്ക്

ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.

ഉത്തര്‍പ്രദേശ് സ്വദേശിനി തന്യ ശര്‍മ്മ ആദ്യ റണ്ണറപ്പായി. ഹരിയാന സ്വദേശികളായ മേഹക് ദിംഗ്ര, അമിഷി കൗഷിക് എന്നിവര്‍ രണ്ടും മൂന്നും റണ്ണര്‍ അപ്പുകളായി തെരഞ്ഞെടുക്കപ്പെട്ടു.