by Midhun HP News | Aug 19, 2025 | Latest News, ജില്ലാ വാർത്ത
ബിഗ് ബോസ് താരവും ഫിറ്റ്‌നസ് കോച്ചുമായ ജിന്റോയ്‌ക്കെതിരെ മോഷണക്കേസ്. ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയെന്നാണ് കേസ്. 10000 രൂപയും വിലപ്പെട്ട രേഖകളും എടുത്തുകൊണ്ടുപോയതായാണ് പരാതിക്കാരി പറയുന്നത്.

ജിന്റോ ജിമ്മില്‍ കയറുന്നതിന്റെയടക്കമുള്ള സിസി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ജിന്റോ പരാതിക്കാരിയ്ക്ക് ലീസിന് നല്‍കിയ ജിമ്മിലാണ് മോഷണം നടന്നിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, നേരത്തെ ജിന്റോയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയാണ് ഇപ്പോള്‍ മോഷണക്കേസും നല്‍കിയിരിക്കുന്നത്. കേസില്‍ ജിന്റോ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസിലും ജിന്റോയെ പോലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തുന്നത്. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ജിന്റോ. ഈ സീസണിലെ വിന്നറും ജിന്റോ ആയിരുന്നു. ബോഡി ബില്‍ഡിങ് രംഗത്ത് പ്രശസ്തനാണ് ജിന്റോ. ഫിറ്റ്‌നസ് കോച്ചിങും നല്‍കുന്ന ജിന്റോയ്ക്ക് സ്വന്തമായി ജിം ശൃംഖലയുമുണ്ട്.

by Midhun HP News | Aug 19, 2025 | Latest News, ജില്ലാ വാർത്ത
കിഴുവിലം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാന്റ് 15 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപിച്ച പുതിയ ലബോറട്ടറിയുടെയും ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം ആഗസ്ത് 20 രാവിലെ 10 മണിയ്ക്ക് നടക്കും. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത. ആർ ഉദ്ഘാടനം നിർവഹിക്കും. മിതമായ നിരക്കിൽ എല്ലാ പരിശോധനകളും നടത്തുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.


നിലവിൽ രണ്ടു ഡോക്ടർമാരാണ് ഉള്ളത്. രണ്ടു ഡോക്ടർമാർക്ക് പുറമെ ഒരു നഴ്സിംഗ് ഓഫീസർ, ഒരു ഫർമസിസ്റ്റ്, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, അറ്റെൻഡർ, പാർട്ട് ടൈം സ്വീപ്പർ എന്നിങ്ങനെയുള്ള ജീവനക്കാർ ക്ലിനിക്കൽ വിഭാഗത്തിലും ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ, ഒരു പബ്ലിക് ഹെൽത്ത് നേഴ്സ്, മൂന്ന് വീതം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിങ്ങനെ 08 ജീവനക്കാർ പൊതു ജനാരോഗ്യ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് രംഗത്ത് ഒരു നഴ്സും 20 വാർഡുകളിലായി 22 ആശാ വർക്കർമാരും ഉൾപ്പെടെയുള്ള ജീവനക്കാരാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്.
അധികമായി നിയമിക്കപ്പെട്ടഡോക്ടർ, ലാബ് ടെക്‌നിഷ്യൻ എന്നിവരുടെ സേവനം ലഭ്യമാണ്. ഒരു നേഴ്സിംഗ് ഓഫീസറുടെയും ഒരു ജൂനിയർ പബ്ലിക് നഴ്സിന്റെയും തസ്തിക ഒഴിഞ്ഞു കിടക്കുന്നുണ്ട്. അടിയന്തിരമായി തസ്തികളിലേക്ക് നിയമനം നടക്കുന്നതാണ്.

by Midhun HP News | Aug 19, 2025 | Latest News, കേരളം
കൊച്ചി: മരപ്പട്ടി ശല്യത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്. കോടതി ഹാളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹര്‍ജികള്‍ മാത്രം പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.
ഹൈക്കോടതിയുടെ ഒന്നാം നമ്പര്‍ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരക്കുകയായിരുന്നു.

മരപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഇന്നലെ രാത്രി മൂന്നു കിലോയോളം ഭാരമുള്ള മരപ്പട്ടിയെ പിടികൂടിയിരുന്നു. എന്നാല്‍ മരപ്പട്ടിയുടെ മൂത്രഗന്ധം മുറിയില്‍നിന്ന് വിട്ടുമാറിയിരുന്നില്ല.
രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി. കോടതി ഹാളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ ഇന്നത്തേക്ക് സിറ്റിങ് നിര്‍ത്തിവച്ചു.


by Midhun HP News | Aug 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി ഓണം പ്രമാണിച്ച് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ബിപിഎല്‍- എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറില്‍ ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ മാസം 26 മുതല്‍ സെപ്റ്റംബര്‍ നാലു വരെ ഓണക്കിറ്റ് വിതരണം ചെയ്യും. അന്ത്യോദയ, അന്നയോജന റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക. തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉണ്ടായിരിക്കുക. പഞ്ചസാര-ഒരുകിലോ, വെളിച്ചെണ്ണ-അരലിറ്റര്‍, തുവരപ്പരിപ്പ്-250 ഗ്രാം, ചെറുപയര്‍ പരിപ്പ്-250 ഗ്രാം, വന്‍പയര്‍-250 ഗ്രാം, കശുവണ്ടി-50 ഗ്രാം, നെയ്യ്-50 എംഎല്‍, തേയില-250 ഗ്രാം, പായസം മിക്‌സ്-200 ഗ്രാം, സാമ്പാര്‍ പൊടി-100 ഗ്രാം, ശബരി മുളക്-100 ഗ്രാം, മഞ്ഞള്‍പ്പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, ഉപ്പ്-ഒരുകിലോ – എന്നിവയാണ് സാധനങ്ങള്‍. ഓണച്ചന്ത ഓഗസ്റ്റ് 25 മുതല്‍ തുടങ്ങും. വെളിച്ചെണ്ണ വില കുറയ്ക്കാനുള്ള തീരുമാനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 25 മുതല്‍ വെളിച്ചെണ്ണയ്ക്ക് ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വലിയ തോതിലുള്ള വിപണി ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്. കഴിഞ്ഞ മാസം 32 ലക്ഷം ജനങ്ങളാണ് സപ്ലൈകോയില്‍ എത്തിയത്. 168 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് വാങ്ങിയത്. ഇത് ഒരു ചെറിയ സംഖ്യയല്ല. സപ്ലൈകോ വിപണിയില്‍ വലിയതോതില്‍ ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്രയും കോടി രൂപയുടെ വില്‍പ്പന. ഇന്നലെ വരെ 21 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയില്‍ വന്നത്. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 200 കോടി കടന്നു. ഓണം ലക്ഷ്യമിടുന്നത് കുറഞ്ഞത് 300 കോടിയാണ്. 50ലക്ഷത്തില്‍പ്പരം കുടുംബങ്ങള്‍ സപ്ലൈകോയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍ എന്നും മന്ത്രി പറഞ്ഞു.
പുതിയ ശബരി ഉല്‍പ്പന്നങ്ങള്‍
പാലക്കാടന്‍ മട്ട വടി/ഉണ്ട അരി, പുട്ടുപൊടി, അപ്പം പൊടി, പഞ്ചസാര, സേമിയ/പാലട പായസം മിക്സ്, കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങള്‍. പാലക്കാട്ടെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നതാണ് മട്ട അരി. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍നിന്നുള്ള പച്ചരിയില്‍നിന്ന് തയ്യാറാക്കിയ പുട്ടുപൊടിയും അപ്പം പൊടിയും ഉയര്‍ന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്. പായസം മിക്സ് മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മ ഉറപ്പാക്കി ലഭ്യമാക്കും.


by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: പെട്രോൾ പമ്പിൽ വച്ച് തീപിടിച്ച ട്രക്ക് അതി സാഹസികമായി ഓടിച്ചു മാറ്റിയ സൗദി പൗരൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ താരം. മാഹിർ ഫഹദ് അൽ ദൽബാഹി എന്ന യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ഒരു ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷപെടുത്തിയത്. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കാലിത്തീറ്റ നിറച്ച വാഹനം പെട്രോൾ പമ്പിൽ വെച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവർ തീ അണയ്ക്കാൻ തുടങ്ങിയപ്പോഴേക്കും തീ നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളി കത്തി തുടങ്ങി. ഇത് കണ്ട അൽ ദൽബാഹി അതിസാഹസികമായി വാഹനത്തിൽ വലിഞ്ഞു കയറി. തുടർന്ന് വാഹനം പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറക്കി. അപ്പോഴേക്കും ട്രക്കിലെ മുഴുവൻ സാധനങ്ങളിലും തീ പടർന്നിരുന്നു. ഉടൻ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി തീ അണച്ചു.


സംഭവത്തിൽ അൽ ദൽബാഹിയുടെ മുഖത്തും, തലയിലും കൈകാലുകളിലും സാരമായ പൊള്ളലേറ്റു. രക്ഷാപ്രവർത്തകർ ഇദ്ദേഹത്തെ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അൽ ദൽബാഹി. അദ്ദേത്തിന്റെ അതിസഹായികമായ പ്രവൃത്തിക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആണ് എല്ലാവരെയും ആവശ്യം.

by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു.
നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്നാണ് പിടിഐ പുറത്തുവിട്ട സമന്‍സിന്റെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കേസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് അയച്ചത്. ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഓഗസ്റ്റ് 18നാണ് കരണ്‍ ഥാപ്പര്‍ക്ക് സമന്‍സ് ലഭിക്കുന്നത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സമന്‍സില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിത 152, 196, 197(1)(ഡി)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളെയാണ് 152ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


Recent Comments